പുണ്യമാസത്തിന്റെ പാഠങ്ങളും പൊന്നാനിയിലെ റംസാൻ ദിനരാത്രങ്ങളും …..

ആത്മാവിന്റെയും ശരീരത്തിന്റെയും നവീകരണം സാധ്യമാക്കാനായി മനുഷ്യകുലത്തിന് പടച്ചവൻ നൽകിയ അനുഗ്രഹമാണ് പുണ്യങ്ങൾ പൂക്കുന്ന മുപ്പത് നാളുകൾ – അഥവാ, വിശുദ്ധ റംസാൻ. ആത്മവിശുദ്ധിയുടെ ആ അനുഗ്രഹീത മാസം ഒരിക്കൽ കൂടി അനുഭവിക്കാൻ അവനിതാ നമുക്ക് അവസരം തന്നിരിക്കുന്നു. ദേഹേച്ഛകൾക്ക് വഴിപ്പെടാതെയും വിശ്വാസദാർഢ്യവും അനുഷ്ഠാനങ്ങളും പെരുപ്പിച്ചും ജീവിതം സുകൃതപൂരിതമായി തീരുന്ന രാപ്പകലുകൾ. അതുപയോഗപ്പെടുത്തി, പാപമോചനവും ദൈവകാരുണ്യവും പാപമോചനവും അതുവഴി സ്വർഗ്ഗ പ്രവേശനവും ഉറപ്പാക്കാനുമുള്ള കർമങ്ങൾ കൊണ്ട് ഈ മാസത്തെ നമുക്ക് ജീവസ്സുറ്റതാക്കാം.
പുണ്യമാസത്തിന്റെ ചൈതന്യത്തെ പറ്റി ഒട്ടേറെ പറയാനുണ്ട്. റംസാൻ പൊന്നാനിക്കും പൊന്നാനിക്കാർക്കും മധുരമുള്ള അതിമനോഹരമായ ഓർമ്മകളുടെ പൂക്കാലം കൂടിയാണ്. ചെറിയ മക്ക എന്ന വിശേഷണം പേറുന്ന പൊന്നാനിയെ സംബന്ധിച്ചിടത്തോളം വിശിഷ്ട സമ്പ്രദായങ്ങൾ കൂട്ടി ഉൾച്ചേർന്നിരിക്കുന്ന മുപ്പത് ദിനങ്ങളാണ് വിശുദ്ധ റംസാൻ. തലമുറ തലമുറയായി പകർന്ന് കിട്ടിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളും വിവരങ്ങളും സ്മൃതി സുഖങ്ങളുമാണ് പൊന്നാക്കാരെ സംബന്ധിച്ചിടത്തോളം അവ. അതങ്ങിനെ ആവാതിരിക്കുന്നതെങ്ങിനെ? മക്കയിൽ ഖുർആൻ അവതരിച്ചതിന്റെ വാർഷിക അനുസ്മരണമായ റംസാൻ ചെറിയ മക്കയിലും തനതായ അനുരണനം ഉണ്ടാക്കാതെ വയ്യല്ലോ?
ന്യൂ ജെൻ നമ്പറുകളുടെ കുത്തൊഴുക്കിലും പൊന്നാനിയുടെ അടയാളങ്ങളായ റംസാൻ വിശേഷങ്ങളിൽ പലതും ഇന്നും സജീവമാണ്. കാലഹരണം സംഭവിച്ച സമ്പ്രദായങ്ങളും ഉണ്ട്. അവയുടെ കാരണങ്ങൾ പക്ഷെ റംസാൻ ചൈതന്യം കുറഞ്ഞതിലല്ല, ആളുകളുടെ കൂടിയിരുത്തങ്ങളൂം കൂടിച്ചേരലുകളും മറ്റു പലതുമായി ഛിന്നഭിന്നമായത് കൊണ്ട് കൂടിയാണ്. റംസാൻ ആഗതമാവുന്നതിന് ആഴ്ചകൾക്ക് മുമ്പ് തന്നെ വന്നെത്തുന്ന വിശിഷ്ട അതിഥിയായ വിശുദ്ധ മാസത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളാൽ വീടകങ്ങളും പരിസരങ്ങളും ജലസംഭരണികളും ഉൾപ്പെടെ കഴുകയും പൊടിതട്ടിയും നവീകരിക്കും. അതുമുതൽ സ്ത്രീകൾ, മുതിർന്നവർ, കുട്ടികൾ തുടങ്ങി ഏവർക്കും ആനന്ദം പകരുന്ന രാപ്പകലുകളാണ് പുണ്യറംസാൻ ഉടനീളം.
മുൻകാലങ്ങളിൽ റംസാൻ, പെരുന്നാൾ എന്നിവ പ്രഖ്യാപിക്കുന്നത് പൊന്നാനിയിൽ വെച്ചായിരുന്നു. വാർത്താവിനിമയം വികസിച്ചിട്ടില്ലാത്ത കാലങ്ങളിൽ ദൂരദിക്കുകളിൽ നിന്ന് പോലും ഇതിനായി മഹല്ല് ഭാരവാഹികൾ പൊന്നാനിയിലേക്ക് ഒഴുകിയിരുന്നു. പൊന്നാനി മാസപ്പിറവി കാണുന്നതിന്റെയും കണ്ടത് സ്ഥിരപ്പെടുത്തുന്നതിന്റെയും കൂടി കേന്ദ്രമായിരുന്നു.
മാസം പ്രഖ്യാപിക്കുന്നത് കതീന വെടി പൊട്ടിച്ചതായിരുന്നു. പൊന്നാനി വലിയ ജാറത്തിനായിരുന്നു ഇതിന്റെ ഉത്തരവാദിത്തം. പിന്നീടത് വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ഏറ്റെടുത്തു. സമയം അറിയിപ്പിനായി സൈറൺ മുഴക്കിയിരുന്ന കാലത്ത് നോമ്പ് തുറ, അത്താഴ സമയങ്ങൾ അറിയിച്ചുകൊണ്ടുള്ള സൈറൺ റംസാനിലുടനീളം പൊന്നാനിയിൽ മുഴങ്ങിയിരുന്നു. രാത്രി രണ്ട് മണിക്കാണ് അത്താഴ സൈറൺ.
പല തറവാടുകളിലും പെണ്ണുങ്ങൾക്ക് മാത്രമായുള്ള തറാവീഹ് സംഘടിത നിസ്കാരമാണ് മറ്റൊരു പൊന്നാനി റംസാൻ വിശേഷം. വിഭവ വൈവിധ്യങ്ങളോടെയുള്ള നോമ്പുതുറകളാണ് പൊന്നാനിയിലെ റംസാൻ പെരുമകളിൽ പ്രധാനം. നോമ്പ് തുറ വിഭവങ്ങളില്‍ പൊന്നാനിക്കൊപ്പം നില്‍ക്കാന്‍ കോഴിക്കോടിന്റെ ഉള്‍പ്രദേശങ്ങളും, തലശ്ശേരിയും മാത്രമേ കാണൂ. രണ്ടു തരം നോമ്പ്തുറയാണ് പൊന്നാനിയിലേത്. ബാങ്ക് വിളിക്കുന്ന നേരത്തുള്ള കുനിയൻ (കുഞ്ഞൻ) നോമ്പുതുറ. ഇത് അപ്പത്തരങ്ങളുടെ കൂമ്പാരമാണ്. മറ്റൊന്ന് മഗ്‌രിബ് നിസ്കാരം കഴിഞ്ഞുള്ള മെയിൻ കോഴ്‌സിന്റെ വലിയ നോമ്പ് തുറ.

പൊതുവെ എല്ലായിടങ്ങളിലും നോമ്പുതുറ പലഹാരങ്ങൾ പഴംപൊരി, സമൂസ, നെയ്യപ്പം, കട്ലറ്റ് എന്നിവയിൽ ഒതുങ്ങുമ്പോൾ പൊന്നാനിയിലെ വിശിഷ്ട നോമ്പുതുറയെന്നത് മുട്ടമാല, മുട്ടസുര്‍ക്ക, ചിരട്ടിമാല, കിടുത, ഇറച്ചി പത്തിരി, പഴം നിറച്ചത്, അല്ലാഹു ആലം, ഉന്നക്കായ, കൊഴിയട, പാലട, വെളിച്ചെണ്ണ പത്തിരി, പഴപ്പത്തിരി തുടങ്ങി അപ്പത്തരങ്ങളുടെ കൂമ്പാരമാണ്. വിശേഷിച്ചും പുതിയാപ്പിള നോമ്പുതുറയിലും വിശേഷാവസരങ്ങളിലും.
പലഹാരങ്ങളുടെ കുനിയൻ നോമ്പ് തുറക്ക് ശേഷം മഗ്‌രിബ് നിസ്കാര ശേഷം വിളമ്പുന്ന മെയിൻ കോഴ്സ് വലിയ നോമ്പുതുറയും വിഭവങ്ങളാൽ സമൃദ്ധമാണ് നോമ്പ് തുറക്കാന്‍ മുപ്പത് ദിവസവും ഉണ്ടാക്കുന്ന ജീരക കഞ്ഞി അഥവാ ചീരാകഞ്ഞി പൊന്നാനിക്കാരുടെ നോമ്പുതുറയുടെ മറ്റൊരു പേരാണ്. ഔഷധ ഗുണമുളള ജീരക കഞ്ഞി ക്ഷീണത്തിനും, ദഹനത്തിനും ശമനം കൂടിയാണ്. പത്തിരി, പോള, വെളിച്ചെണ്ണ പത്തിരി തുടങ്ങിയവക്കൊപ്പം പച്ചക്കായ ഉടച്ചതും അതിനൊപ്പം മുളകിട്ട മീന്‍കറിയുമായാൽ സംതൃപ്ത വയറിന് മറ്റൊന്നും വേണ്ടാ.
പൊന്നാനിയിലെ മുത്താഴം, മുത്താഴക്കുറ്റി, മുത്താഴവെടി എന്നിവ മറ്റെവിടെയും കാണാത്തവയാണ്. തറാവീഹ് നിസ്കാരം കഴിയുന്നതോടെ ഒരുങ്ങുന്നതാണ് മുത്താഴം അഥവാ നോമ്പ് തുറയുടെയും പാതിരാ തീറ്റയുടെയും നടുക്കുള്ള “ഇടത്താഴം”.
മറ്റൊന്നാണ് തരിക്കഞ്ഞി. നോമ്പ് തുറയിലെയും മുത്താഴത്തിലെയും ഒരു ഇഷ്ട്ട പാനീയം. പാല്‍, റവ, സേമിയ, അണ്ടിപ്പരിപ്പ്, നെയ്യ് എന്നിവ ചേർത്താണ് തരിക്കഞ്ഞി പാകം ചെയ്യുക. തറാവീഹ് കഴിഞ്ഞാൽ സജീവമാകുന്ന മുത്താഴത്തിലെയും “തറവാടി”യാണ് തരിക്കഞ്ഞി.
മരുമക്കത്തായ സമ്പ്രദായം നിലനില്‍ക്കുന്ന പൊന്നാനിയിൽ പുതിയാപ്ല (മക്കളുടെ വരൻ) സല്‍ക്കാരങ്ങളുടെ മാസം കൂടിയാണ് റംസാൻ. പുതിയാപ്ലയെ മുഖ്യാതിഥിയായി നോമ്പ് തുറ സൽക്കാരം ഭാര്യവീട്ടിലെ റംസാനിലെ ഒരു പ്രധാന സംഭവമാണ്.
അത്മാത്രമല്ല, പുതിയാപ്ലയുടെ ഭാര്യാവീട്ടുകാർ നോമ്പ് തുറ വിഭവങ്ങൾ (പലഹാരങ്ങൾ) മാസം മുഴുവൻ എത്തിച്ചു കൊണ്ടിരിക്കും. അങ്ങാടിയിലെ ചില കച്ചവടക്കാരുടെ ചെറിയ നോമ്പുതുറ സ്വന്തം ഷോപ്പിൽ വെച്ച് തൊഴിലാളികളോടൊപ്പമായിരിക്കും. അങ്ങിനെയുള്ള ഷോപ്പുകളിലേക്ക് നോമ്പ് തുറ പലഹാരങ്ങൾ വീടുകളിൽ നിന്ന് എത്തും.
പൊന്നാനിക്കാരെ സംബന്ധിച്ചിടത്തോളം “അത്താഴം” എന്നാൽ റംസാനിലെ പാതിരാ ഭക്ഷണമാണ്. അതിനായി വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന സംഘങ്ങൾ മുമ്പ് സജീവമായിരുന്നു. ദഫ് മുട്ടിയും പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാടിയും “അത്താഴമറിയിപ്പുകാർ” മാസം മുഴുവൻ വീടുകള്‍ തോറും കയറിയിറങ്ങിയിരുന്നു. ഇതിന് പകരമായി വീട്ടുകാര്‍ നൽകുന്ന കൈനീട്ടം ഉപയോഗിച്ചാണ് അത്താഴമറിയിപ്പുകാർ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്.
അനുഷ്ഠാനങ്ങളും സല്കാരങ്ങളുമെന്ന പോലെ കൗതുകങ്ങളും കുസൃതികളും കൂടി ഉൾപ്പെട്ടതാണ് പൊന്നാനിയിലെ റംസാൻ ആചരണം. റംസാനിൽ പ്രചുരപ്രചാരത്തിയിൽ ഉണ്ടായിരുന്ന “ചക്കരപ്പോല ബീഡി” (രുചികരമായ പുകയില അടങ്ങുന്ന ബീഡി) റംസാനിലെ ഒരു വിനോദ ഉല്പന്നമാണ്.
കുട്ടികളും മുതിർന്നവരും നേരമ്പോക്കിനായും ഹാരത്തിനായും നടത്താറുള്ള “ബലൂൺ വെള്ളം” ഏറ് ഓർമയിൽ ചിരി പകരുന്നതാണ്. അപ്രതീക്ഷിതമായാണ് റംസാനിൽ വെള്ളം നിറച്ച ബലൂൺ കൊണ്ടുള്ള ഏറ് കൊള്ളുക. എന്നാലും എറിഞ്ഞവനും അത് ഏറ്റവനും ചിരി മാത്രം.
റംസാനില്‍ മാത്രം മുഴങ്ങുന്ന പൊന്നാനിയുടെ ഒരു ഒച്ചപ്പാടാണ് മുത്താഴ വെടി. രാത്രി തറാവീഹ് നിസ്കാരം കഴിഞ്ഞാൽ പിന്നെയുള്ള നാലഞ്ച് മണിക്കൂറുകൾ കുട്ടികളും വിശ്രമിക്കുന്ന മുതിർന്നവരും ഏർപ്പെടുന്ന പണികളിൽ പെടുന്നവയാണ് മുത്തായം, മുത്തായക്കുറ്റി, ബലൂൺ – വെള്ളം, പിന്നെ കൂട്ടം കൂടിയുള്ള വെടി പറയലും.
ഇന്നും പൊന്നാനിയിലെ വീടുകളില്‍ നിന്ന് മുത്താഴ വെടിയുടെ മുഴക്കം കേള്‍ക്കാം. രാത്രിയിലെ ദീര്‍ഘനേര നമസ്‌കാരത്തിന് (തറാവീഹ്) ശേഷം അത്താഴം കഴിക്കുന്നതുവരെയുളള സമയം തളളി നീക്കാന്‍ കുട്ടികളാണ് മുത്താഴ വെടി പൊട്ടിക്കുക.

മുൻ കാലത്തെ പീരങ്കിയുടെ രൂപമാണ് യുടെ മാതൃകയിലാണ് മുത്താഴക്കുറ്റി നിര്‍മ്മിക്കുന്നത്. മുള പ്രത്യേക രീതിയില്‍ മുറിച്ച ശേഷം കയറുകൊണ്ട് വരിഞ്ഞു കെട്ടുകയും, മുളയുടെ അറ്റത്തായി ഉണ്ടാക്കിയ ദ്വാരത്തില്‍ വായു നിറച്ച് തീ കാണിക്കുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാകുകയും ചെയ്യുന്നതാണ് മുത്താഴ വെടി. പുക ചീറ്റുന്ന ഭാഗത്ത് ചിരട്ട വെച്ച് പൊട്ടിത്തെറി ഉണ്ടാക്കുകയും ചെയ്യാറാറുണ്ട്. പണ്ടത്തെയത്ര ഇല്ലെങ്കിലും ഇന്നും പൊന്നാനിയ്ക്ക് ആവേശമാണ് മുത്താഴകുറ്റിയും മുത്താഴ വേദിയും.
വീടുകൾക്ക് മുന്നിലും പൊതുസ്ഥലങ്ങളിലും തൂക്കിയിടുന്ന പാനൂസ റംസാനിലെ സജീവമായ രാവുകളെ നിറപ്പകിട്ടോടെ അടയാളപ്പെടുത്തുന്നു. നേർത്ത മുളവടികൾ ചേർത്തുണ്ടാക്കുന്ന കൂടുകളിൽ വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞ് പൊതിഞ്ഞാണ് പാനൂസകൾ ഉണ്ടാകുന്നത്. സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുകയെന്നത് അന്തസ്സാണ്. അങ്ങാടിയിൽ വില്പനക്കും ഇഷ്ടം പോലെ. ഫാനൂസ് എന്ന അറബി വാക്കിൽ നിന്നാണ് പാനൂസയുടെ ഉത്ഭവം. അർഥം: അലങ്കാര വിലക്ക്, അല്ലെങ്കിൽ റാന്തൽ.
അറബിക്കടൽ ദിക്ർ പാടിക്കൊണ്ടിരിക്കുന്ന തീരത്തേക്ക് അസർ നിസ്കാരം കഴിഞ്ഞാൽ കുട്ടികളുടെ പ്രവാഹമാണ്. നോമ്പെടുത്ത ചെറിയ കുട്ടികൾക്ക് മുതിർന്നവർ നൽകുന്ന സമ്മാനമാണ് “കടൽ കാണിക്കൽ”.
പൊന്നാനിയിലെ ആവിക്കുളം, കോരവളവ്, കിണർ, ജെ എം റോഡ്, സഭ, ആശുപത്രി, മുക്കാടി, തെക്കെപുറം, വണ്ടിപ്പേട്ട തുടങ്ങിയവ റംസാനിലെ മുഴുവന്‍ ദിവസങ്ങളിലും അര്‍ദ്ധരാത്രി വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കേരളത്തിലെ അത്യപൂർവം കേന്ദ്രങ്ങളാണ്.
നോമ്പ് അവസാനപത്തിലേക്കും പെരുന്നാളിലേക്കും എത്തുന്നതോടെ ജെ എം റോഡ് അതിഥി വ്യാപാരികളുടെ ഇഷ്ട്ട കേന്ദ്രമായി മാറും. ജനത്തിരക്കിന്റെയും കച്ചവടത്തിന്റെയും പാരമ്യമായിരിക്കും നാട് ഉറങ്ങാത്ത പെരുന്നാൾ രാവ്, അഥവാ ആഘോഷം തുടിക്കുന്ന റംസാൻ പരിസമാപ്തി – “വലില്ലാഹിൽ ഹംദ്”!
(അക്ബർ ഗ്രൂപ്പ് സാരഥിയാണ് കെ.വി അബ്ദുൽ നാസർ)