വടകരയില്‍ നിന്നുള്ള ആ എം.പിയുടെ പേര്: അരങ്ങില്‍ ശ്രീധരന്‍
രണ്ടു നേതാക്കളുടെ പ്രസംഗം മലപ്പുറം ജില്ലയില്‍ എവിടെയുണ്ടെങ്കിലും കേള്‍ക്കാന്‍ പോയിരുന്ന ഒരു ഹൈസ്‌കൂള്‍ കാലം എനിക്കുണ്ടായിരുന്നു. ഒന്ന് സി.എച്ച്. മുഹമ്മദ് കോയ, രണ്ട് അരങ്ങില്‍ ശ്രീധരന്‍.
അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് മലപ്പുറം കോട്ടപ്പടി മൈതാനത്ത് അന്ന് ആ മുന്നണിയിലെ ഘടകകക്ഷിയായിരുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അധൃഷ്യനായ നേതാവായിരുന്ന അരങ്ങിലിന്റെ അത്യുജ്വല പ്രസംഗം കേട്ട് ഞാനും കോരിത്തരിച്ചിരുന്നിട്ടുണ്ട്. മിക്ക യോഗങ്ങളിലും റാലികളിലും സി.എച്ചിന്റെ പ്രസംഗം ഏറ്റവും അവസാനത്തേക്ക് വെക്കും. ആളുകള്‍ പിരിഞ്ഞുപോകാതിരിക്കാനാണിത്. അരങ്ങില്‍ കൂടി വേദിയിലുണ്ടെങ്കില്‍ ഇരുവരുടേയും ഊഴം ഏറ്റവും അവസാനമായിരിക്കും. ഇരുവരുടേയും പ്രസംഗത്തിനായി, എത്ര വൈകിയാലും ആളുകള്‍ കാത്തിരിക്കും. ഉപമയുടേയും ഉല്‍പ്രേക്ഷയുടേയും കുത്തൊഴുക്കായിരിക്കും രണ്ടു നേതാക്കളുടേയും പ്രസംഗങ്ങളുടെ കാതല്‍.
1967-ല്‍ വടകരയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരങ്ങില്‍, 1988 ല്‍ രാജ്യസഭയിലേക്കും നോമിനേറ്റ് ചെയ്യപ്പെട്ടു. 1952 ല്‍ മദ്രാസ് അസംബ്ലിയിലേക്കും മത്സരിച്ച ചരിത്രവുമുണ്ട്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തിട്ടുള്ള അരങ്ങില്‍, വിദ്യാര്‍ഥി കാലഘട്ടം തൊട്ട് രാഷ്ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലുമിറങ്ങി. സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പത്തെ വര്‍ഷം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായി. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവായിരുന്നു, അക്കാലത്ത് അരങ്ങില്‍ ശ്രീധരന്‍.

1977 ല്‍ ജനതാപാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ അദ്ദേഹം ജനതാദളിന്റെ സംസ്ഥാന ഘടകം പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്.
പിന്നീട് ജനതാദള്‍ നേതൃത്വവുമായി അദ്ദേഹം തെറ്റി. രാമകൃഷ്ണഹെഗ്‌ഡേയുടെ ലോക്ശക്തിയില്‍ അംഗമായി. ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാറുമായുണ്ടായ ചര്‍ച്ചകളെത്തുടര്‍ന്ന് മാതൃസംഘടനയിലേക്ക് തിരിച്ചു വന്ന അരങ്ങില്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലം വിശ്രമജീവിതം നയിച്ചു. കെ.കെ. അബു (ഇദ്ദേഹം പിന്നീട് മുസ് ലിംലീഗിലേക്ക് മാറി), എം.പി വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും പി.കെ. കുഞ്ഞ്, പി.ആര്‍ കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും 1967 ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മന്ത്രിസഭയുടെ ഭാഗമായിരുന്നു. ഐ.എസ്.പിയുടെ ലയനശേഷം എസ്.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി അരങ്ങില്‍ ശ്രീധരന്‍. ആദര്‍ശശുദ്ധിയുടെ പ്രതീകമായിരുന്നു അദ്ദേഹം.
1967 ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 65 ശതമാനം വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിലെ എം.കെ പ്രഭാകരനെ അദ്ദേഹം തോല്‍പിച്ചത്.
എക്കാലത്തും ഒരു സോഷ്യലിസ്റ്റ് പാര്‍ട്ടി പൈതൃകമുള്ള മണ്ഡലമായിരുന്നു ആദ്യകാല വടകര. കുറ്റിപ്പുറത്തുകാരന്‍ കെ.ബി മേനോന്‍ എന്ന പ്രസിദ്ധനായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനെ തെരഞ്ഞെടുത്തയച്ച മണ്ഡലം കൂടിയാണ് വടകര. കേരള രാഷ്ട്രീയത്തിലെ കൊളോസസ് എന്നറിയപ്പെട്ടിരുന്ന, കേരളസംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയുടെ വലംകൈയായിരുന്നു അരങ്ങില്‍ ശ്രീധരന്‍.
കേന്ദ്ര ആഭ്യന്തരമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന വൈ.ബി. ചവാന്‍, ചരണ്‍സിംഗ് ക്യാബിനറ്റില്‍ ഉപപ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഒരു അടിയന്തരപ്രമേയ ചര്‍ച്ചയില്‍ പാര്‍ലമെന്റംഗമായ
അരങ്ങില്‍ ശ്രീധരന്‍ ചവാന്റെ മുഖത്ത് നോക്കി ഗര്‍ജ്ജിച്ചത്: മിസ്റ്റര്‍ ഡെപ്യൂട്ടി പി.എം, യു.ആര്‍. എ സ്‌മൈലിംഗ് കോബ്ര ( ഡെപ്യൂട്ടി പ്രധാനമന്ത്രീ, താങ്കളൊരു മന്ദഹസിക്കുന്ന മൂര്‍ഖനാണ്!). അരങ്ങിലിന്റെ ഈ സംബോധന കേട്ട് സഭയാകെ സ്തംഭിച്ചതായി അന്നത്തെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
1967 ല്‍ വടകരയില്‍ നിന്ന് ജയിച്ചെത്തിയപ്പോള്‍ നല്ല പോലെ ഇംഗ്ലീഷറിയാമായിരുന്നിട്ടും ലോക്‌സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് അരങ്ങില്‍ അല്‍ഭുതം സൃഷ്ടിച്ചു.
1990 ല്‍ വി.പി. സിംഗ് മന്ത്രിസഭയില്‍ കേന്ദ്ര വാണിജ്യ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച അരങ്ങില്‍ ശ്രീധരന്‍, തന്റെ പാര്‍ട്ടിയായ ലോക്ശക്തിയുടെ നേതാവ് രാമകൃഷ്ണ ഹെഗ്‌ഡേ, എന്‍.ഡി.എയിലേക്ക് പോയപ്പോള്‍ രാജി കൊടുത്ത് കൂടെപ്പോയെങ്കിലും വീരേന്ദ്രകുമാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പിന്നീട് ഹെഗ്‌ഡേയോട് വിട പറഞ്ഞ് മാതൃസംഘടനയിലേക്ക് തന്നെ മടങ്ങി. ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ശക്തി, ജനതാദള്‍.. (വിവിധ പാര്‍ട്ടികളിലേക്കുള്ള സോഷ്യലിസ്റ്റ് നേതാക്കളുടെ പരകായപ്രവേശം കണ്ട് അസംതൃപ്തരായ ചില അനുയായികള്‍ വിളിച്ച മുദ്രാവാക്യം: ദിവസം ദിവസം വേഷം മാറും, ദിവസം ദിവസം പാര്‍ട്ടി മാറും, അതാണിതാണ് അരങ്ങില്‍ ശ്രീധരന്റെ ഐ.എസ്.പി…).
1975 ജൂലൈ പതിനൊന്നിന് തന്റെ പിറന്നാളിന്റെ തലേരാത്രി കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തി പോലീസ് അരങ്ങില്‍ ശ്രീധരനെ അറസ്റ്റ് ചെയ്തു. അടിയന്തരാവസ്ഥക്കെതിരെ പ്രസംഗിച്ചതിനായിരുന്നു അറസ്റ്റ്. വടകര താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ഭാര്യ ഡോ. ടി.കെ നളിനിയും അരങ്ങിലിന്റെ വയോധികയായ അമ്മയും നിറകണ്ണുകളോടെ ആ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിലെത്തിച്ച അരങ്ങിലിനെ പുലര്‍ച്ചെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടു പോയി തടവിലിട്ടു. ജി.പി മംഗലത്ത്മഠം, തമ്പാന്‍ തോമസ് എന്നിവരായിരുന്നു സഹതടവുകാര്‍. പത്തൊമ്പത് മാസത്തെ തടവിനു ശേഷം പുറത്തിറങ്ങിയ അരങ്ങില്‍ ശ്രീധരനും സഖാക്കളും ഇന്ദിരാഗാന്ധിയുടെ എമര്‍ജന്‍സി അതിക്രമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി. കൈകളില്‍ വിലങ്ങ് വെച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചിത്രവുമായി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ സമസ്തിപൂരിലേക്ക് പോയ കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി സംഘത്തില്‍ അരങ്ങിലുമുണ്ടായിരുന്നു. ജയില്‍ മോചിതനാകാത്ത ഫെര്‍ണാണ്ടസ് എന്ന അദൃശ്യനായ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തോടെ ജയിച്ച് ചരിത്രമെഴുതി.
ഇതിനിടെ, കോണ്‍ഗ്രസിലേക്ക് വന്നാല്‍ കേന്ദ്രമന്ത്രിയാക്കാമെന്ന എ.ഐ.സി.സി നേതൃത്വത്തിന്റെ ഓഫറുമായി വന്ന നേതാവിനെ അരങ്ങില്‍ ശ്രീധരന്‍ തിരിച്ചയച്ചത് വലിയ വാര്‍ത്തയായി. ആദര്‍ശം പണയം വെക്കാത്ത
സംശുദ്ധ രാഷ്ട്രീയത്തിന്റെ അവസാന കേരളപ്രതീകങ്ങളിലൊരാളായിരുന്ന അരങ്ങില്‍ ശ്രീധരനെ അത്ര പെട്ടെന്നൊന്നും വിലയ്‌ക്കെടുക്കാനാകുമായിരുന്നില്ല. അത് കൊണ്ടാണ് സി.എച്ച്. മുഹമ്മദ് കോയ പറഞ്ഞത്: എന്റെ പാര്‍ട്ടിക്ക് പുറത്ത് ഞാന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല രാഷ്ട്രീയ നേതാവാരാണെന്ന് ചോദിച്ചാല്‍ എനിക്ക് പറയാനാകും- അരങ്ങില്‍ ശ്രീധരന്‍.
2001 ഡിസംബര്‍ പന്ത്രണ്ടിന് എഴുപത്തേഴാം വയസ്സില്‍ അരങ്ങില്‍ ശ്രീധരന്‍ എന്ന ആദര്‍ശശുദ്ധിയുള്ള സോഷ്യലിസ്റ്റ് നേതാവ് ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു.

അനുബന്ധം :
ഈയിടെ ഒരു പുസ്തകം അരങ്ങിൽ ശ്രീധരനെ കുറിച്ച് പുറത്ത് വന്നിട്ടുണ്ട്.
എഫ്. എ. സി. ടി ക്കും അതിന്റെ മേധാവി എം.കെ.കെ. നായർക്കുമെതിരെ ആരോപണം ഉന്നയിച്ച് മെയിൻ സ്ട്രീം ഇംഗ്ലീഷ് വാരികയിൽ വാർത്ത കൊടുപ്പിച്ചത് അരങ്ങിലായിരുന്നുവത്രേ.
A Snake in Fertilizer എന്ന പേരിൽ വന്ന ലേഖനത്തിനെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം. കെ. കെ നായർ
മാനനഷ്ടക്കേസ് കൊടുത്തു. പത്രാധിപർ
നിഖിൽ ചക്രവർത്തി പുലിവാല് പിടിച്ചു. വ്യവസായ മന്ത്രിയായ ടി. വി തോമസ് നിഖിലിനോട് ചോദിച്ചു. ‘ വ്യവസായ മന്ത്രിയായ എന്നോട് ഒരു വാക്ക് ചോദിക്കാതെ എൻ്റെ സംസ്ഥാനത്തിലെ എറ്റവും വലിയ പൊതു മേഖലാസ്ഥാപനമായ എഫ്. എ. സി. ടി ക്കെ തിരെ ഇത്തരം വാർത്ത നൽകാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു?
വെട്ടിലായ നിഖിൽ അവസാനം മാപ്പ് പറഞ്ഞാണ് ഊരിയത്.
(അരങ്ങിൽ ശ്രീധരനെന്ന നേതാവിൻ്റെ മതിപ്പ് കുറഞ്ഞ സംഭവങ്ങളിലൊന്നായി അത് മാറുകയും ചെയ്തു).