കേരളത്തിൽ മുസ്‌ലീം വർഗീയത പൊടുന്നനെ സി.പി.എമ്മിന്റെ വലിയ ആശങ്കകളിലൊന്നായത് അവസരവാദ രാഷ്ട്രീയ അടവുകളുടെ കൂട്ടത്തിൽപ്പെടുത്തി തള്ളിക്കളയാവുന്നതിനേക്കാളേറെ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കാൻ പോകുന്നത്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ പരാജയം എസ്.ഡി.പി.ഐ പിന്തുണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതുകൊണ്ടാണ് എന്നാണ് സി.പി.എം വാദം. മുസ്ലീങ്ങൾ മുഴുവൻ മതാടിസ്ഥാനത്തിലുള്ള പരിഗണനയിലാണ് വോട്ടു ചെയ്യുന്നത് എന്ന സംഘപരിവാർ വാദത്തിന് സമാനമാണത്. കണക്കുകൾ നോക്കിയാൽ ഇതെത്ര അസംബന്ധമാണ് എന്നത് വ്യക്തമാണ്.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നത്. കിട്ടിയ മൊത്തം വോട്ട് 54079. ബി ജെ പിക്ക് 50220-ഉം എൽ ഡി എഫിന് 36433 വോട്ടും കിട്ടി. 2024 ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വോട്ട് 58389 ആയി ഉയർന്നു. എൽ.ഡി.എഫിനും 860 വോട്ടുകളുടെ നേരിയ വർധനവുണ്ടായി. ബി.ജെ.പിയുടെ വോട്ടിൽ 11000-ത്തോളം വോട്ടാണ് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞത്. മെട്രോമാൻ ഇ. ശ്രീധരൻ മത്സരിച്ച 2021-ലെ തെരഞ്ഞെടുപ്പൊഴിച്ചാൽ (34%) 2016-ലും 2024-ലും ബി ജെ പിയുടെ വോട്ടു നില ഏതാണ്ട് സമാനമാണ്, യഥാക്രമം, 29.08%, 28.63%. എൽ ഡി എഫിനും വലിയ മാറ്റമില്ലാത്ത വോട്ടു നിലയാണ് ഇക്കഴിഞ്ഞ മൂന്ന് (2016,21,24)തെരഞ്ഞെടുപ്പിലും, യഥാക്രമം 28.07%.25.64%,27.00%. കോൺഗ്രസ് വോട്ടുകൾ 2016 മുതൽ ശരാശരി 41-42% എന്ന നിലയിലാണ് നിന്നത്. 2021-ൽ ശ്രീധരൻ ബി ജെ പി സ്ഥാനാർത്ഥിയായപ്പോൾ കോൺഗ്രസ് വോട്ട് 38%മായി. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും സി പി എമ്മിനും മുൻ തെരഞ്ഞെടുപ്പിനേക്കാൾ ശരാശരി 3% വോട്ട് കുറഞ്ഞു. അതായത് ശ്രീധരന് കൂടുതലായി കിട്ടിയ വോട്ടുകൾ ഇരുപക്ഷത്തുനിന്നുമാണ്.
ബി.ജെ.പിയുടെ പതിവ് സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ കടംവാങ്ങിയ സ്ഥാനാർത്ഥിയുമൊക്കെയായി നടന്ന, രാഷ്ട്രീയമത്സരത്തിൽ നിന്നും വളരെ ബോധപൂർവ്വം വെറും പിച്ചി, നുള്ളി കലഹമാക്കി മാറ്റി രാഷ്ട്രീയകക്ഷികൾ മാറ്റിയെടുത്ത ഉപതെരഞ്ഞെടുപ്പിൽ ഈ കക്ഷികൾഅവരുടെ പഴയ പ്രകടനങ്ങൾ ആവർത്തിക്കുകയാണ് ചെയ്തത്. ഇതിലെവിടെയാണ് മുസ്‌ലിം വർഗീയ വോട്ട്! ബി.ജെ.പിക്കെതിരെ വോട്ടു ചെയ്യുന്ന മുസ്ലീങ്ങൾ എങ്ങനെയാണ് വർഗീയ വാദികളാകുന്നത്! കണക്കുകൾ മാത്രമാണ് നോക്കുന്നതെങ്കിൽ 2011 വരെ ശരാശരി 35% വോട്ടുണ്ടായിരുന്ന സി.പി.എം 27%ത്തിലേക്ക് വീഴുമ്പോഴാണ് ബി ജെ പിക്ക് ആനുപാതികമായി അത്രയും വോട്ടുകൾ കൂടുന്നത്. ഇതുവെച്ച് ബി ജെ പിക്ക് കൂടിയ വോട്ടുകളെല്ലാം സി.പി.എമ്മിൽ നിന്ന് മാത്രം പോയതാണെന്ന സിദ്ധാന്തമുണ്ടാക്കുന്നത് പോലെ അസംബന്ധമാണ് ഇത്തവണത്തെ സി.പി.എം പരാജയം മുസ്‌ലിം രാഷ്ട്രീയ സംഘടനകളുടെ വോട്ടുകൾ എതിർസ്ഥാനാർത്ഥിക്ക് ചെയ്തുകൊണ്ടാണെന്ന വാദം.
ഒരു വാദത്തിനുവേണ്ടി മുസ്‌ലിം വർഗീയ സംഘടനകളുടെ പാലക്കാട്ടെ സ്വാധീനം അത്ര വലുതാണെന്ന മട്ടിൽ നോക്കിയാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അവർ മുഴുവൻ ബി ജെ പിക്ക് വോട്ടു ചെയ്തു എന്ന് കണക്കാക്കണം. കാരണം ഇത്തവണ ബി ജെ പി വോട്ടുകൾ 11000 കുറയുകയും യു ഡി എഫ് വോട്ടുകൾ 4500-ഓളം കൂടുകയും ചെയ്തു. എൽ ഡി എഫിനും കിട്ടി 860 വോട്ട് കൂടുതൽ. സാമാന്യമായി നോക്കിയാൽ കഴിഞ്ഞ തവണ യു ഡി എഫിനും എൽ ഡി എഫിനും വോട്ടു ചെയ്ത മുസ്ലീങ്ങളൊക്കെ ഇത്തവണയും സമാനമായ രീതിയിലാണ് വോട്ടുചെയ്തത്. കുറച്ചുപേർ സ്വാഭാവികമായ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയുടെ പതിവ് രീതിയിൽ മാറിയും വോട്ടുചെയ്തിരിക്കും. സംസ്ഥാന സർക്കാരിനും ഭരണകക്ഷിക്കും തങ്ങളെ ചർച്ചയാക്കുന്നത് ഗുണംചെയ്യാത്ത ഒരു തെരഞ്ഞെടുപ്പാകുമ്പോൾ പ്രതിപക്ഷമാകും അതിന്റെ ഗുണഫലമെടുക്കുക. അതിനെയാണല്ലോ നമ്മൾ തെരഞ്ഞെടുപ്പ് എന്നുകൂടി വിളിക്കുന്നത്. അതിനെ മുഴുവൻ മുസ്‌ലിം വർഗീയതയുടെ കണക്കിൽപ്പെടുത്തുന്നത് മുസ്ലീങ്ങൾ എപ്പോഴും മതവർഗീയതയുടെ അടിസ്ഥാനത്തിലാണ് വോട്ടുചെയ്യുന്നത് എന്ന സംഘപരിവാർ ആഖ്യാനത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും അതിന്റെ ഭരണകൂടവും മുസ്ലീങ്ങൾക്കെതിരെ വംശീയമായ ഭീഷണിയും ആക്രമണവും ഉയർത്തുന്നു എന്നാണ് ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തടക്കം സി പി എം പറഞ്ഞിരുന്നത്. അത് വാസ്തവവുമാണ്. അതാകട്ടെ മതേതര രാഷ്ട്രീയത്തിനെതിരായ ആക്രമണമാണ്. അത്തരത്തിലൊരു രാഷ്ട്രീയ സാഹചര്യത്തിൽ രണ്ടു മതേതര രാഷ്ട്രീയ മുന്നണികളും ബി ജെ പിയും നേരിട്ട് മത്സരിക്കുകയും ബി ജെ പിക്ക് സാമാന്യത്തിലധികം സ്വാധീനവുമുള്ളൊരു മണ്ഡലത്തിൽ അതിലൊരു മതേതര കക്ഷിക്ക് വോട്ടുചെയ്ത മുസ്ലീങ്ങളെ മുഴുവൻ മതവർഗീയവാദികളാക്കുന്ന നീക്കത്തിന്റെ ഗുണഭോക്താക്കൾ ഹിന്ദുത്വ രാഷ്ട്രീയമാണ്. അതിന് മുൻകയ്യെടുക്കുന്നത് സി പി എം ആണെന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ പുത്തൻ സ്വാഭാവികതയാണ്.
മുസ്ലീങ്ങളെ മതേതര മനുഷ്യരുടെ പൗരസമൂഹത്തിൽപ്പെടാത്ത, മതബദ്ധമായി മാത്രം ചിന്തിക്കുകയും രാഷ്ട്രീയ തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന “കൂട്ടമായി” കാണുകയെന്നതും അങ്ങനെവരുത്തുക എന്നതും പ്രധാനമായും രണ്ടു കൂട്ടരാണ് ചെയ്യുന്നത്. ഒന്ന്, സംഘപരിവാർ; രണ്ട്, ഇസ്‌ലാമിക രാഷ്ട്രീയ സംഘാടനകൾ. അക്കൂട്ടത്തിലേക്കാണ് സി പി എം കയറിയിരിക്കുന്നത്. മുസ്‌ലീങ്ങളെ അത്തരത്തിലൊരു മതബദ്ധ കൂട്ടം മാത്രമായി ഉപയോഗിക്കാനുള്ള ശ്രമം ലോക്സഭാ തെരഞ്ഞെടുപ്പിൽ പാളിപ്പോയപ്പോൾ അതിന്റെ നഷ്ടം നികത്താൻ ഉടനടി അതേ “മതമുസ്‌ലീം കൂട്ടം” എന്നതിനെ തിരിച്ചുനിർത്തി ഇതാ അക്രമികൾ, വർഗീയവാദികൾ എന്നാക്രോശിക്കുകയാണ് സി പി എം.
ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തോ അതിനു മുമ്പോ മുസ്‌ലിം എന്നതിനൊപ്പം പൗരത്വ നിയമഭേദഗതി, പലസ്തീൻ, ആൾക്കൂട്ടക്കൊല എന്നൊക്കെയാണ് സി പി എം പറഞ്ഞിരുന്നതങ്കിൽ ഇപ്പോൾ മുസ്‌ലിം എന്നതിനൊപ്പം വർഗീയത, സുഡാപ്പി എന്നായത് അവസരവാദപരമായ മതവർഗീയപ്രചാരണത്തിന്റെ ഭാഗമായാണ്. സംഘപരിവാറുണ്ടാക്കുന്ന മുസ്‌ലിം അപരവത്ക്കരണത്തിന്റെ ഭാഷയാണ് വളരെ വേഗത്തിൽ സി പി എം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
ന്യൂനപക്ഷ വർഗീയത എന്നൊന്ന് കേരളത്തിലില്ല എന്ന വാദം സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. മുസ്ലീങ്ങൾക്കിടയിൽ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും യാഥാസ്ഥിതിക ഇസ്‌ലാമിക മതവാദത്തിന്റെയും രൂപങ്ങളിലൊക്കെയായി കടുത്ത മതവർഗീയ നിലപാടുകളുള്ള രാഷ്ട്രീയ കക്ഷികളും സംഘടനകളുമുണ്ട്. ജമാ അത് ഇസ്‌ലാമി പോലൊരു സംഘടനയുടെ മതവർഗീയ രാഷ്ട്രീയം അതിന്റെ ശേഷിക്കുറവുകൊണ്ടു മാത്രം സംഘപരിവാറിനെപ്പോലെയാകാത്ത ഒന്നാണ്. ജമാ അത് ഇസ്‌ലാമിയെപ്പോലുള്ള മത രാഷ്ട്രീയ സംഘടനകളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയും വേണം.ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും മതവർഗീയ രാഷ്ട്രീയത്തിനെതിരായ എതിർപ്പെന്ന പൊതുനിലപാടിൽ ഒന്നിപ്പിക്കുമ്പോഴും ഹിന്ദുത്വ രാഷ്ട്രീയമുയർത്തുന്ന ഫാഷിസ്റ്റ് ഭരണകൂട ഭീഷണിയേയും ന്യൂനപക്ഷ വർഗീയതയുണ്ടാക്കുന്ന പ്രശ്നങ്ങളേയും ഒരേതരത്തിലാണ് കാണുന്നതെങ്കിൽ അത് സംഘപരിവാറിന്റെ പണി എളുപ്പമാക്കിക്കൊടുക്കലാണ്.