ഗോളടിച്ചു കൂട്ടാൻ മടിയില്ല, എന്നാൽ വിമാനത്തിൽ കയറാൻ മരണ പേടിയും. ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായിട്ടും ആവിയോഫോബിയ അഥവാ പറക്കാനുള്ള പേടി കാരണം നഷ്ടപ്പെട്ട അവസരങ്ങൾ നിരവധി. ഡച്ച് ഫുട്‌ബോളിന്റെ സുവർണ കാലഘട്ടത്തിലെ പ്രധാനിയിരുന്ന, ആർസനലിന്റെ ഇതിഹാസ താരം ഡെന്നിസ് ബെർകാംപിനെ പറ്റിയാണ് പറഞ്ഞു വരുന്നത്. അസാമാന്യമായ ഡ്രിബ്ലിംഗ്, മികച്ച ബോൾ കൺട്രോൾ, കൃത്യതയുള്ള പാസുകൾ, തകർപ്പൻ ഷോട്ടുകൾ എന്നിവ കൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹം എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാളായാണ് ഇന്നും എണ്ണപ്പെടുന്നത്. ഗോൾ പോസ്റ്റിനു മുന്നിൽ അസാധാരണമായ ശാന്തത പുലർത്താറുള്ള അദ്ദേഹം ‘ദി ഐസ്മാൻ’ എന്നും അറിയപ്പെട്ടു. എന്നാൽ, ഈ പ്രതിഭയ്ക്ക് വിമാനയാത്ര ഒരു പേടിസ്വപ്നമായിരുന്നു.
1989ൽ അയാക്‌സ് അക്കാദമിയിൽ കളിക്കുമ്പോൾ, ബെർകാംപിന്റെ സഹതാരങ്ങളും സുഹൃത്തുക്കളും ഉൾപ്പെട്ട വിമാനം സുരിനാമിലേക്ക് യാത്ര ചെയ്യുന്നതിനിടെ തകർന്നുവീണു. യഥാർത്ഥത്തിൽ ആ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന ബെർകാംപ് അവസാന നിമിഷം യാത്ര മാറ്റിവെക്കുകയായിരുന്നു. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. 1994-ലെ യുഎസ്എ ലോകകപ്പിനിടെ ഹോളണ്ട് ഫുട്‌ബോൾ ടീം യാത്ര ചെയ്യുന്നതിനിടെ വിമാനത്തിന്റെ എഞ്ചിൻ താൽക്കാലികമായി നിലച്ചതും, മറ്റൊരു യാത്രയിൽ ഒരു പത്രപ്രവർത്തകൻ വിമാനത്തിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞതോടെ വിമാനം വൈകിയതും ബെർകാംപിന്റെ ഭയം വർധിപ്പിച്ചു. ഇതോടെ വിമാനത്തിൽ കയറുമ്പോൾ നിയന്ത്രിക്കാൻ കഴിയാത്ത ഭയം അദ്ദേഹത്തെ പിടികൂടാൻ തുടങ്ങി. ഇനി ഒരിക്കലും വിമാനത്തിൽ യാത്ര ചെയ്യില്ലെന്ന് ബെർകാംപ് തീരുമാനിച്ചു. ഇത് അദ്ദേഹത്തിന്റെ കരിയറിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്.
സഹതാരങ്ങൾ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം ചേരുന്നതിനായി ബെർകാംപിന് ആയിരക്കണക്കിന് കിലോമീറ്റർ ട്രെയിനിലും കാറിലുമായി സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. 2001-ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഫിയോറന്റീനക്കെതിരെ കളിക്കാൻ ലണ്ടനിൽ നിന്ന് ഇറ്റലിയിലെ ഫ്‌ലോറൻസിലേക്ക് ഏകദേശം 1600 കിലോമീറ്ററാണ് അദ്ദേഹം കാറിൽ യാത്ര ചെയ്തത്. ആർസെൻ വെംഗറുടെ കീഴിൽ അർസനൽ ടീം ‘അൺബീറ്റൻസ്’ എന്നറിയപ്പെട്ടപ്പോൾ, അതിലെ പ്രധാന താരം ബെർകാംപ് ആയിരുന്നു. 2003-2004 സീസണിൽ ഒരു കളി പോലും തോൽക്കാതെ പ്രീമിയർ ലീഗ് കിരീടം നേടിയ അർസനൽ ടീമിന്റെ നട്ടെല്ലായിരുന്നു ‘Non Flying Dutch man’ എന്നറിയപ്പെട്ട ബെർകാംപ്. എന്നാൽ, ആ കാലഘട്ടത്തിൽ പോലും ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കായി ടീം വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ, അദ്ദേഹം ട്രെയിനിലാണ് പോയിരുന്നത്. സമയത്ത് എത്താൻ കഴിയാത്തതു കാരണം പല മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു. ഇത് ടീമിനും വലിയ തിരിച്ചടിയായിരുന്നു. എങ്കിലും, ബെർകാംപിന്റെ പ്രതിഭയെയും കഴിവിനെയും മാനിച്ചുകൊണ്ട് അർസനൽ മാനേജ്‌മെന്റ് അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകി.
1994-ലും 1998-ലും നടന്ന ലോകകപ്പുകളിൽ ഹോളണ്ടിനു വേണ്ടി ബൂട്ടുകെട്ടിയ ബെർകാംപ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഗോളുകളിലൊന്നിന് ഉടമ കൂടിയാണ്. 1998-ൽ നടന്ന ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ അദ്ദേഹം നേടിയ അവിസ്മരണീയമായ ഗോൾ ഫുട്‌ബോൾ ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നായി എണ്ണപ്പെടുന്നു. 2006-ൽ പ്രൊഫഷണൽ ഫുട്‌ബോളിനോട് വിടപറഞ്ഞ ബെർകാംപ് പിന്നീട് പരിശീലകന്റെ കുപ്പായമണിഞ്ഞെങ്കിലും അപ്പോഴും വിമാനത്തിൽ കയറിയില്ല. ‘ഈ കുഴപ്പത്തോടൊപ്പം ജീവിക്കാനാണ് എന്റെ വിധി. എനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. എനിക്ക് വിശദീകരിക്കാൻ കഴിയാത്തൊരു മനഃശാസ്ത്ര പ്രശ്‌നമാണിത്. എനിക്ക് പറക്കാൻ കഴിയില്ല. വിമാന യാത്രയിൽ ഞാൻ തണുത്തുറഞ്ഞു പോകും. ഭയം എന്നെ കീഴടക്കും. യാത്രയ്ക്ക് ഒരു ദിവസം മുമ്പുതന്നെ എനിക്ക് ഉറങ്ങാൻ കഴിയില്ല…’ തന്റെ ആവിയോഫോബിയയെ പറ്റി ബെർകാംപിന്റെ തന്നെ വാക്കുകളാണിത്.