വിദ്യാർത്ഥികളെയും കൗമാരക്കാരെയും മയക്കുമരുന്ന് മാഫിയയിൽനിന്ന് രക്ഷിക്കാൻ നിർദ്ദേശവുമായി എഴുത്തുകാരൻ എൻ.ഇ സുധീർ. മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്ത് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് നിർദ്ദേശം മുന്നോട്ടുവെച്ചത്. കുട്ടികൾക്ക് പൊതുമാപ്പ് പോലെ എല്ലാം തുറന്നു പറയാനുള്ള അവസരം ഒരുക്കാനും അതുവഴി അവർക്ക് മേൽ ശിക്ഷാ നടപടികളുണ്ടാകില്ലെന്ന് ഉറപ്പാക്കണമന്നും സുധീർ നിർദ്ദേശിച്ചു. ഇതുവഴി കുട്ടികളെ മയക്കുമരുന്നിൽനിന്ന് രക്ഷിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കത്തിന്റെ പൂർണ്ണരൂപം-
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രതിസന്ധിയെക്കുറിച്ചാണ് ഈ എഴുത്ത്. കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും മയക്കുമരുന്ന് മാഫിയ കടന്നു കൂടിയിട്ടുണ്ട് എന്നതിൽ സംശയമില്ല. നമ്മുടെ കുട്ടികളിൽ പലരും ഇപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്നതും അവിതർക്കിതമായ കാര്യമാണ്. അവരിൽ ചിലരെങ്കിലും അതിൻ്റെ വിതരണ ശ്രംഖലയിലെ കണ്ണികളായി മാറിയിട്ടുണ്ട്. ഇതുമൂലം അവരിൽ പലരും ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുമുണ്ട്. ഈ യാഥാർത്ഥ്യത്തെ നേരിടുന്നതിൽ താങ്കൾ ശക്തമായ നടപടി കൈക്കൊള്ളും എന്നറിയാം. നമ്മുടെ കുട്ടികളെ എതുവിധേനയും ഈ കുരുക്കിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരളീയ സമൂഹം തീർച്ചയായും താങ്കളോടൊപ്പമുണ്ടാവും. മുഖ്യമന്ത്രിയെന്ന നിലയിൽ താങ്കളുടെ സമയോചിതമായതും ശക്തവുമായ ഇടപെടൽ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്.
എൻ്റെ മനസ്സിൽ തോന്നുന്ന ഒരു വഴി താങ്കളുടെ മുന്നിലും പൊതുസമൂഹത്തിനു മുന്നിലും വെക്കുകയാണ്.നമ്മുടെ വിദ്യാർത്ഥികൾക്ക് ഒരു amnesty(പൊതുമാപ്പ്) സാധ്യതയൊരുക്കിക്കൊടുക്കുക. അവർ തങ്ങളുടെ രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ മുമ്പാകെ മനസ്സുതുറക്കട്ടെ. അവരുടെ പേരിൽ യാതൊരുവിധ ശിക്ഷാനടപടികളും എടുക്കില്ലെന്ന് ഉറപ്പുകൊടുക്കുക. അവർക്ക് പൂർണ്ണമായും മാപ്പു കൊടുക്കുക. ഈ കുറ്റസമ്മതത്തിനായി ഒരു നിശ്ചിത സമയം അനുവദിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത് അറിയിപ്പായി കുട്ടികളിലേക്കെത്തിക്കുക. ഏറ്റുപറയുന്ന കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുക. അവരിൽ നിന്നും മറ്റു കണ്ണികളിലേക്കുള്ള വിവരങ്ങൾ കണ്ടെത്തുക. അങ്ങനെ ആ കണ്ണികളെ കണ്ടെത്തി ശിക്ഷിക്കുക. കണ്ണികളെ കരുതലോടെ തകർക്കുക. അങ്ങനെ നമ്മുടെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക.
നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുപോയ തെറ്റ് ഏറ്റുപറയാൻ തയ്യാറാവാത്ത കുട്ടികളെ കണ്ടെത്തുകയാണെങ്കിൽ, പ്രായത്തിൻ്റെ ആനുകൂല്യം പോലും നോക്കാതെ കടുത്തശിക്ഷ നൽകുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക, രക്ഷിതാക്കളെ താക്കീത് ചെയ്യുക. അധ്യാപകരും രക്ഷിതാക്കളും അന്വേഷണ സംഘങ്ങളും ഐക്യത്തോടും ഉത്തരവാദിത്തോടും ആത്മാർത്ഥതയോടും പ്രവർത്തിച്ചാൽ സാമാന്യം നല്ല ഫലം കാണാനായേക്കും. കേരളത്തിലെ വിദ്യാർത്ഥി സംഘടനകളും ഇതിനോട് ചേർന്നു നിൽക്കണം. നമ്മുടെ കാമ്പസുകൾ ലഹരി വിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ കൂടി ഉത്തരവാദിത്തമാണ്. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ഈ വിഷയത്തിൽ താങ്കൾക്ക് ഒരു സംഭാഷണത്തിലേർപ്പെടാവുന്നതാണ്.
അതുപോലെ ഈ വിഷയത്തെ രാഷ്ട്രീയമായി കാണരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുക.നമ്മുടെ കൗമാരക്കാരെ ലഹരിയിൽ നിന്നും ലഹരി മാഫിയയുടെ പിടിയിൽ നിന്നും മോചിപ്പിക്കേണ്ടതുണ്ട്. ഇതിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാവണം. അതിനു നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രിയെന്ന നിലയിൽ താങ്കൾക്ക് കഴിയുമെന്നും താങ്കൾക്കതിൽ ഉത്തരവാദിത്തമുണ്ടെന്നും കേരളീയ സമൂഹം വിശ്വസിക്കുന്നു. ഒരു പൗരനെന്ന നിലയിലെ ഇക്കാര്യത്തിലെ എൻ്റെ ആശങ്കയും ചിന്തകളും താങ്കളുടെ ശ്രദ്ധയിലും പരിഗണനയിലും ഉൾപ്പെടുമെന്ന വിശ്വാസത്തോടെ,