ദോഹ– ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇന്ത്യ വിടേണ്ടി വന്ന ലോക പ്രശസ്തനായ കലാകാരന്റെ സ്വപ്‌ന സാഫല്യം സംഭവിക്കുന്നത് അദ്ദേഹം മരണമടഞ്ഞ് 15 വര്‍ഷങ്ങള്‍ക് ശേഷം, അതും തനിക്ക് ആശ്രയം നല്‍കിയ മറ്റൊരു രാജ്യത്ത്. ഇന്ത്യന്‍ പിക്കാസോ എന്നറിയപ്പെടുന്ന ലോക പ്രശസ്ത ചിത്രകാരന്‍ മഖ്ബൂല്‍ ഫിദാ ഹുസൈന്റെ ചിത്രങ്ങളും സിനിമയുമെല്ലാം ഉള്‍ക്കൊള്ളുന്ന മ്യൂസിയം ‘ലൗഹ് വ ഖലം’ (കാന്‍വാസും പേനയും) എന്ന പേരിലാണ് ഖത്തര്‍ പണിതുയര്‍ത്തിയിരിക്കുന്നത്. ലോകത്തെ ആദ്യത്തെ എം.എഫ് ഹുസൈന്‍ മ്യൂസിയം എന്ന പേരില്‍ ചരിത്രത്തിലിടം നേടുന്ന ദോഹ എഡ്യുക്കേഷന്‍ സിറ്റിയിലെ മനോഹരമായ ‘കാന്‍വാസും പേനയും’ നവംബര്‍ 28-ന് ലോക കലാസ്വാദകര്‍ക്ക് സമര്‍പ്പിക്കുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.


2011-ല്‍ 95-ാം വയസ്സില്‍ ലണ്ടനില്‍ വെച്ചായിരുന്നു എംഎഫ് ഹുസൈന്‍ ലോകത്തോട് വിടപറഞ്ഞത്. മരിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ്, തന്റെ കലാസൃഷ്ടികള്‍ക്കായി മാത്രം ഒരു മ്യൂസിയം എന്ന ആശ അദ്ദേഹം പങ്കുവെച്ചിരുന്നു. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. ഭാവനയില്‍ കണ്ട കെട്ടിടത്തെക്കുറിച്ചുള്ള വാസ്തുവിദ്യ പോലും ആ മഹാനായ കലാകാരന്‍ പറഞ്ഞുവെക്കുകയുണ്ടായി. അമൂര്‍ത്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന കടും നീല നിറത്തിലുള്ള വസ്ത്രം ധരിച്ച്, ഉയരമുള്ളതും വെളുത്തതുമായ ഒരു മിനാരം പോലുള്ള സിലിണ്ടര്‍ ഗോപുരത്തോടൊപ്പം, തന്റെ ഒപ്പുമെല്ലാം ഉള്‍പ്പെട്ടതായിരുന്നു അവ. അദ്ദേഹം വരച്ച ഒരു ചിത്രത്തെയാണ് ഇത് പ്രതിനിധീകരിച്ചത്. ഹുസൈന്റെ ഭാവനകളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ 3,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ‘ലൗഹ് വ ഖലം’ എന്ന മ്യൂസിയം, 1950 മുതല്‍ 2011 ല്‍ മരണം വരെയുള്ള ഹുസൈന്റെ കലാസൃഷ്ടികളുടെ ഒരു യാത്രയാണ്. ചിത്രങ്ങള്‍ക്ക് പുറമെ സിനിമകള്‍, ടേപ്പ്‌സ്ട്രി, ഫോട്ടോഗ്രാഫി, കവിത, ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് ആന്‍ഡ് പ്രോഗ്രാമിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖുലൂദ് എം അല്‍അലി പറഞ്ഞു. ‘ഇത് എം.എഫ് ഹുസൈനുള്ള ഒരു സമര്‍പ്പിത മ്യൂസിയമാണ്. കാഴ്ചക്കാര്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം, കല എന്നിവ അടുത്തറിയാനും അറബ് പൗതൃകത്തേയും ആഗോള പൈതൃകവുമായും ഇടപഴകാന്‍ കഴിയുന്ന ഒരു ഇടമായിട്ടാണ് രൂപകല്‍പ്പന. മഖ്ബൂല്‍ ഫിദാ ഹുസൈന്റെ കലാ സൃഷ്ടികള്‍ അവതരിപ്പിക്കുന്നത് ഒരു ബഹുമതിയാണെന്നും ഖുലൂദ് വിശദീകരിച്ചു. ഇപ്പോഴത്തെ ഖത്തര്‍ അമീറിന്റെ മാതാവും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണുമായ ശൈഖ മൗസ ബിന്‍ത് നാസര്‍ കമ്മീഷന്‍ ചെയ്ത അറബ് നാഗരികതയുടെ സീരീസില്‍ ഉള്‍പ്പെട്ട ഹുസൈന്റെ അവസാന കാലത്തെ 35 മാസ്റ്റര്‍പീസ് വര്‍ക്കുകളടങ്ങിയ ‘സീറൂ ഫി അല്‍ അര്‍ദ്’ – പ്രത്യേക വിഭാഗമായി മ്യൂസിയത്തിലുണ്ട്.
മാര്‍ട്ടണ്ട് ഖോസ്ലയുടെ രൂപകല്‍പ്പന


ഡല്‍ഹി ആസ്ഥാനമായ ആര്‍ക്കിടെക്റ്റ് മാര്‍ട്ടണ്ട് ഖോസ്ലയാണ് കെട്ടിടത്തിന്റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. ഹുസൈന്റെ കലാ രൂപങ്ങളുമായി നേരത്തെ തന്നെ ബന്ധപ്പെടുകയും അവയെക്കുറിച്ച് ബാധ്യമുളള വ്യക്തിയുമാണ് ഖോസ്ല. ഹുസൈന്റെ ഭാവനയെ അദ്ദേഹം സാക്ഷാത്കരിക്കുകയായിരുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു. ”സ്വന്തം മ്യൂസിയത്തിനായി അദ്ദേഹം ജീവിത കാലത്ത് താത്പര്യപ്പെട്ട ഡ്രോയിംഗിലൂടെ യാത്ര ചെയ്യുക മാത്രമല്ല, ആ മഹാനായ കലാകാരനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനുള്ള ഒരു അവിശ്വസനീയ അവസരമായാണ് ഞാന്‍ ഈ രൂപകല്‍പ്പനയെ കാണുന്നത്” ഖത്തറിലെ മ്യൂസിയം യാഥാര്‍ത്ഥ്യമായതിനെക്കുറിച്ച് ഖോസ്ല പറഞ്ഞു. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിലെ എം.എഫ്. ഹുസൈന്‍ ആര്‍ട്ട് ഗാലറി രൂപകല്‍പ്പന ചെയ്തതും ഖോസ്ലയാണ്.
‘ഈ മ്യൂസിയം സന്ദര്‍ശകര്‍ക്ക് ഹുസൈനെ കാണാന്‍ അവസരമൊരുക്കും. അദ്ദേഹം ജീവിച്ച കാലത്തെ കലാസൃഷ്ടികള്‍ കാണാന്‍ അനുവദിക്കുന്നു. അങ്ങേയറ്റം ജിജ്ഞാസയോടെയും ചുറ്റുമുള്ള ലോകവുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെട്ടുമാണ് ഹുസൈന്‍ വരകളും കലാസൃഷ്ടികളും നടത്തിയത്. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളാണ് ഹുസൈന്‍. ആ കലാ പാരമ്പര്യവുമായി ആഴത്തിലുള്ള ബന്ധം സന്ദര്‍ശകര്‍ക്ക് സാധ്യമാക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.” ലൗഹ് കലാ കലമിന്റെ ക്യുറേറ്ററും പ്രൊജക്റ്റ് മാനേജരുമായ നൂഫ് മുഹമ്മദ് വ്യക്തമാക്കി. ഇതുവരെ കാണാത്ത കലാസൃഷ്ടികള്‍ മ്യൂസിയത്തില്‍ ഉണ്ടാവുമെന്നും നൂഹ് വ്യക്തമാക്കി.
ഹൈദരാബാദില്‍ നിന്നും ഫരീദാബാദില്‍ നിന്നുമെത്തിച്ച കലാസൃഷ്ടികള്‍
തന്റെ ജീവിതകാലത്ത് ഖത്തര്‍ മ്യൂസിയം ആസൂത്രണം ചെയ്ത പദ്ധതി സഫലീകൃതമാവാന്‍ ഹുസൈന് ഏറെ ആഗ്രഹമുണ്ടായിരുന്നുവെന്ന് ഹുസൈന്റെ സുഹൃത്തും ദുബൈ ആസ്ഥാനമായുള്ള പ്രോഗ്രസീവ് ആര്‍ട്ട് ഗാലറിയുടെ സ്ഥാപകനുമായ ആര്‍.എന്‍. സിംഗ് പറഞ്ഞു. ”അദ്ദേഹം അതിനായി ശരിക്കും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഹൈദരാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലെ ഹുസൈന്റെ കൈവശമുണ്ടായിരുന്ന കലാസൃഷ്ടികള്‍ മ്യൂസിയത്തിനായുള്ള തയ്യാറെടുപ്പിനായി ഖത്തറിലേക്ക് കൊണ്ടുപോയിരുന്നു.” സിംഗ് വിശദീകരിച്ചു.
വരകളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നിരവധി വധഭീഷണികളും വര്‍ഷങ്ങളോളം അദ്ദേഹത്തിനെതിരെ കേസുകളും നിലവിലുണ്ടായിരുന്നു. ഹിന്ദു ദേവന്മാരുടെയും ദേവതകളുടെയും നഗ്‌ന ചിത്രീകരണങ്ങളിലൂടെയും മാതൃരാജ്യത്തെ ഭാരത് മാതാ എന്ന വസ്ത്രം ധരിക്കാത്ത സ്ത്രീ രൂപത്തിലൂടെയും മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പ്രധാന ആരോപണങ്ങള്‍. ഹൈന്ദവ ക്ഷേത്രങ്ങളിലുള്‍പ്പെടെ നിരവധി ആരാധനാലയങ്ങളിലെ ദേവി ദേവന്മാരെ അമൂര്‍ത്തമായി മാത്രം അവതരിപ്പിക്കുകയാണ് താന്‍ ചെയ്തതെന്നും ഇല്ലാത്തതൊന്നും വരച്ചിട്ടില്ലെന്നുമായിരുന്നു കലാകാരന്റെ പക്ഷം.
ഒരു ഹുസൈന്‍ ചിത്രത്തിന് 115.5 കോടി രൂപ
നിരവധി കേസുകള്‍ തുടരെതുടരെ ഫയല്‍ ചെയ്തതിനെത്തുടര്‍ന്നാണ് 2006-ല്‍ ഹുസൈന്‍ ഇന്ത്യ വിട്ടത്. അന്നത്തെ ഖത്തര്‍ അമീറിന്റെ പത്‌നിയും ശൈഖ മൗസ ബിന്‍ത് നാസര്‍ അല്‍മിസ്‌നദിന്റെ ക്ഷണപ്രകാരം ഖത്തര്‍ പൗരത്വം സ്വീകരിച്ച അദ്ദേഹം ദോഹ, ദുബൈ, ലണ്ടന്‍ എന്നീ നഗരങ്ങളിലായി ചെലവഴിച്ച് അറബ് നാഗരികതയെക്കുറിച്ചുള്ള സീരീസിന്റെ ജോലിക്കിടെയായിരുന്നു ലണ്ടനില്‍ മരിച്ചത്.
2010-ലാണ് എം.എഫ് ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ചത്. ഹുസൈന് വേണ്ടിയുള്ള ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ലൗഹ് വ ഖലം എന്ന ഖത്തറിലെ മ്യൂസിയം ഹുസൈന്‍ ചിത്രങ്ങള്‍ക്ക് ആവശ്യക്കാരേറുന്ന കലാലോകത്ത് ഏറെ ശ്രദ്ധേയമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈയ്യിടെ 1954-ല്‍ ഹുസൈന്‍ വരച്ച 14 അടി വീതിയുള്ള ഒരു ചുവര്‍ചിത്രം ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസില്‍ 13.8 മില്യണ്‍ ഡോളറിന് (115.5 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് വിറ്റഴിക്കപ്പെട്ടത്. ഇന്ത്യന്‍ പെയിന്റിംഗ് കലയുടെ ലോക വിപണിയിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത വിലയാണിത്.
.