ശിഹാബ് എന്ന അറബി പദം ചെങ്കോല്‍ എന്നാണ് അര്‍ഥമാക്കുന്നത്. നേതൃദൗത്യത്തില്‍ സമീപകാലത്ത് കേരളം കണ്ട മഹിതമായ ഒരു മാതൃകയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍. പാരമ്പര്യമായി ലഭിച്ചതു കൂടെയായിരുന്നു ആ നേതൃപാടവം. ഉന്നതമായ സര്‍വകലാശാലകളിലെ വിദ്യാഭ്യാസം, വിവേകപൂര്‍ണമായ തീരുമാനപ്പെടുപ്പ്, സൗമ്യവും ദീപ്തവുമായ ഇടപെടലുകള്‍ എന്നിവയിലൂടെ പൂര്‍ണരൂപം പ്രാപിച്ച നേതൃസ്വരൂപത്തിന്റെ പേരിലൊക്കെയായിരിക്കും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ രാഷ്ട്രീയചരിത്രം ഓര്‍ക്കുക. ഇന്ത്യ പോലൊരു ബഹുമത-ബഹുസ്വര സമൂഹത്തില്‍ മുസ്ലിം സമൂഹം ആര്‍ജിക്കേണ്ട രാഷ്ട്രീയ സാക്ഷരത തലമുറകള്‍ തങ്ങളില്‍ നിന്നു പഠിക്കണം. സമ്രാജ്യത്വ അധിനിവേശത്തിന്റെ കാലത്ത് രാജിയാകാത്ത പോരാട്ടങ്ങള്‍ കൊണ്ട് തന്റെ കാലത്തെ ചടുലമാക്കിയ ഹുസൈന്‍ ആറ്റക്കോയത്തങ്ങളെപ്പോലെയുള്ള പോരാളികളുടെ അനുഭവം തങ്ങള്‍ക്കുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഒരു ജനാധിപത്യസമൂഹത്തിലെടുക്കേണ്ട നയം എന്താണെന്ന് അദ്ദേഹം പിതാവ് പൂക്കോയത്തങ്ങളില്‍ നിന്നാവണം പകര്‍ത്തിയത്.
ആരും വൈകാരികാവേശത്തിനു അടിപ്പെട്ടു പോകാവുന്ന ദുര്‍ബല നിമിഷങ്ങളില്‍ സമചിത്തതയുടെ നിലപാടെടുത്ത് അദ്ദേഹം വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ ലഘു പ്രഭാഷണങ്ങളിലും സംഭാഷണങ്ങളിലും എഴുത്തുകളിലും എല്ലാം ആ സൗമ്യത ചിറകു വിരിയിച്ചു. കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും അടുക്കാവുന്ന തരത്തില്‍ തങ്ങള്‍ അടുത്തുണ്ടെന്നു തോന്നിയത് ഈ ലാളിത്യം കൊണ്ടാണ്. പതുക്കെ നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിത പരിസരങ്ങളില്‍ അത്തരം സംസ്‌കാരം അന്യം നിന്നു പോവുകയാണ്. അതുകൊണ്ടാണ് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോഴും കേരളത്തിന്റെ പൊതു നേതാവായി അദ്ദേഹം മാറിയത്. അങ്ങനെ നിര്‍ണായകമായ ചരിത്രമുഹൂര്‍ത്തങ്ങളില്‍ കാലം ആവശ്യപ്പെടുന്ന കനമേറിയ കടമ നിര്‍വഹിച്ച നേതാവായി തങ്ങള്‍ മാറി. പിന്നണിയിലുള്ളവരുടെ വികാരം കൊണ്ട് നയിക്കപ്പെടുന്നവനല്ല, വിവേകം കൊണ്ട് പന്‍നിരയിലുള്ളവരെ മുന്നോട്ട് നയിക്കുന്നവനാണ് നേതാവ് എന്ന ലളിത പാഠം പ്രായോഗികമായി കാണിക്കുകയായിരുന്നു തങ്ങള്‍.


തലയെടുപ്പ് കൊണ്ട് വ്യതിരിക്തനായിരുന്നെങ്കിലും ആള്‍ക്കൂട്ടത്തിലൊരാളായി അതിവേഗം അലിഞ്ഞു ചേര്‍ന്നു അദ്ദേഹം. തങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവലയത്തില്‍ അടുത്തുചെന്നവരൊക്കെ ഭ്രമണപഥത്തിലെന്ന പോലെ ചുറ്റിക്കൊണ്ടിരുന്നു. പുഞ്ചിരി തൂകിയും മിതമായും മാത്രമെ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. ആവശ്യത്തിനു മാത്രം സംസാരിച്ചും ഇടപെട്ടും അദ്ദേഹം നിലകൊണ്ടു. കൊടപ്പനക്കല്‍ തറവാട്ടിലെത്തുന്ന പരശ്ശതം ജനങ്ങള്‍ക്കിടയില്‍ ജനകീയ പ്രശ്നങ്ങള്‍ -രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ആരോഗ്യസംബന്ധവും ആയവ- പരിഹരിച്ച് ജനകീയ നേതാവായി അദ്ദേഹം.
ഇത് വലിയൊരു പൈതൃകത്തിന്റെ ഈടുവെയ്പാണ്. പ്രവാചകപുത്രിയോളം ചെന്നെത്തുന്ന ആ ചാര്‍ച്ചയുടെ ശക്തി ആ പരമ്പരകളിലുടനീളം ദൃശ്യമാകുന്നു. തലമുറകള്‍ കൈമാറി വന്ന നീതിബോധത്തിന്റെയും ചുമതലാ നിര്‍വഹണത്തിന്റെയും ദൈവഭക്തിയുടെയുമൊക്കെ പ്രവാചകപൈതൃകം ലോകത്തിന്റെ പ്രതീക്ഷയാണ്.
പൂക്കോയതങ്ങള്‍ – ആഇശ ചെറുകുഞ്ഞി ബീവി ദമ്പതികളുടെ സീമന്ത പുത്രനായി 1936 ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജനനം. പ്രവാചക പരമ്പരയിലെ നാല്‍പതാമത്തെ പൗത്രനാണ് അദ്ദേഹം. 1953 ല്‍ കോഴിക്കോട് എം.എം.ഹൈസ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോഴന്നൂരിലും കാനാഞ്ചേരിയിലും ദറസ് പഠനം നടത്തി. കാനഞ്ചേരിയിലെ ദര്‍സ് പഠനം പൂര്‍ത്തീകരിച്ച് 1958 ലാണ് അദ്ദേഹം ഉപരിപഠനത്തിനായി ഈജിപ്തിലെ വിശ്വപ്രസിദ്ധമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലേക്ക് യാത്ര തിരിച്ചത്. 1958 മുതല്‍ 1961 വരെ അല്‍അസ്ഹര്‍ സര്‍വകലാശാലയിലും തുടര്‍ന്ന് 1966 വരെ കൈറോ സര്‍വകലാശാലയിലും അദ്ദേഹം തുടര്‍പഠനം നടത്തുകയുണ്ടായി. ഡോ.ഇസ്സുദ്ദീന്‍ ഫരീദ്, യൂസുഫ് ഖുലൈഫ്, ഡോ.ബഹി, ശൗഖി ളൈഫ് മുതലായവരായിരുന്നു തങ്ങളുടെ അധ്യാപകന്‍മാര്‍. ഈജിപ്തിലെ പഠനം പൂര്‍ത്തിയാക്കി 1966 ലാണ് അദ്ദേഹം പാണക്കാട്ട് തിരിച്ചെത്തിയത്. പിതാവ് പൂക്കോയത്തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് 1975 മുതല്‍ അദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുകയും ദേഹവിയോഗം വരെ അത് തുടര്‍ന്നു വരികയും ചെയ്തു.
തങ്ങളുടെ ഭാര്യ സയ്യിദ ശരീഫാ ഫാത്വിമയാണ്. സുഹ്റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരാണ് അദ്ദേഹത്തിന്റെ സന്താനങ്ങള്‍.
സയ്യിദ് ശിഹാബുദ്ദീന്‍ അലിയ്യുല്‍ ഹള്റമിയുടെ പൗത്രപുത്രന്‍ സയ്യിദ് മുഹ്ളാര്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ മകനാണ് പ്രസിദ്ധനായ പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍ ശിഹാബുദ്ദീന്‍. കര്‍മശാസ്ത്ര പണ്ഡിതന്‍, കവി, സ്വാതന്ത്ര്യസമര നായകന്‍ എന്നീ നിലകളില്‍ പേരുകേട്ട അദ്ദേഹമാണ് മമ്പുറം സയ്യിദ് ഫദല്‍ പൂക്കോയത്തങ്ങളെ നാടുകത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള മലബാറിലെ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജംപകര്‍ന്നത്. ബ്രിട്ടീഷുകാരെ നമ്മുടെ നാട്ടില്‍ നിന്നു തുരത്തണമെന്നു നിര്‍ദേശിക്കുന്ന നിരവധി ഫത്വകള്‍ അദ്ദേഹം പുറപ്പെടുവിക്കുകയുണ്ടായി. ജിഹാദിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി ആറ്റക്കോയതങ്ങളെ പിടികൂടി ബ്രിട്ടീഷുകാര്‍ തമിഴ്നാട്ടിലെ വെല്ലൂരിലേക്ക് നാടുകടത്തുകയുണ്ടായി.
സയ്യിദ് ഹുസൈന്‍ ആറ്റക്കോയതങ്ങളുടെ പൗത്രന്‍ പി.എം.എസ്.എ പൂക്കോയതങ്ങളായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ പിതാവ്. കേരളത്തിലെ മത-രാഷ്ട്രീയ രംഗങ്ങളില്‍ ജ്വലിച്ചു നിന്ന പൂക്കോയ തങ്ങള്‍ പിതാവ് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങളുടെ വിയോഗത്തെത്തുടര്‍ന്ന് പിതൃസഹോദരന്‍ സയ്യിദ് അലി പൂക്കോയത്തങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. അദ്ദേഹത്തോടുള്ള സ്നേഹാദരവുകള്‍ കാരണമാണ് തന്റെ മക്കള്‍ക്ക് പൂക്കോയതങ്ങള്‍ അലി എന്ന് ചേര്‍ത്ത് പേരു വിളിച്ചത്.
കേരള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അന്യമായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ മുഖ്യ അജണ്ടകളില്‍ ഒന്നാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളാണ്! വീടില്ലാത്തവര്‍ക്ക് ഒരു കൂടെങ്കിലും നിര്‍മിച്ച് നല്‍കണമെന്നത് അങ്ങനെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറി! അങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം സൂഫി പരിപ്രേക്ഷ്യത്തിന്റെ വിവിധ ദര്‍ശനങ്ങളാല്‍ സമന്വയിക്കപ്പെട്ടു. ഓണത്തിനും ഈദിനും ക്രിസ്തുമസിനും അരിയും വിഭവങ്ങളും വിതരണം ചെയ്യുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറി!
ഒരു ബഹുസ്വര സമൂഹത്തില്‍ സഹിഷ്ണുതയും സമഭാവനയും കാരുണ്യവും ഉള്‍ക്കൊള്ളുന്ന സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ജീവിതം എങ്ങനെയുള്ളതായിരിക്കണമെന്നാണ് ശിഹാബ് തങ്ങള്‍ കേരള സമൂഹത്തെ പഠിപ്പിച്ചത്. അച്ച്യുത മേനോന്‍ മന്ത്രി സഭയുടെ കാലത്ത് ഒരു ദിവസം വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ കറന്റ് നല്‍കാനായി പാണക്കാട് വീട്ടിലെത്തി. ലൈന്‍ വലിക്കാന്‍ വേണ്ടി വന്ന ഉദ്യോഗസ്ഥരോട് പൂക്കോയ തങ്ങള്‍ ചോദിച്ചു – ഞങ്ങളുടെ വീട്ടിലേക്ക് മാത്രമാണോ വൈദ്യുതി? ഉദ്യോഗസ്ഥര്‍ അതേ എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ പൂക്കോയ തങ്ങള്‍ അവരോട് പറഞ്ഞു – ഈ ഗ്രാമത്തില്‍ എല്ലാവര്‍ക്കും വൈദ്യുതി കിട്ടുന്ന അന്ന് മതി ഞങ്ങള്‍ക്കും, നിങ്ങള്‍ ഓഫിസിലേക്ക് തിരിച്ച് പോകുക.