2024 ഒക്ടോബര്‍ മാസാന്ത്യത്തില്‍ ഖത്തറിലെ ഫ്‌ളാറ്റില്‍ വിരസമായി ഇരിക്കുന്നതിനിടയിലാണ് യുവ എഴുത്തുകാരി നിമ്‌ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ എന്ന നോവല്‍ യാദൃശ്ചികമായി എന്റെ കൈയിലെത്തുന്നത്. ഒറ്റയിരിപ്പിന് ആ പുസ്തകം വായിച്ചുതീര്‍ത്ത എന്നോട്, വായനയെ ഇത്രയും ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍ നാട്ടില്‍ നിന്നും വരുമ്പോള്‍ കുറച്ച് പുസ്തകങ്ങള്‍ കൊണ്ടുവരാമായിരുന്നല്ലോ എന്ന് ഭര്‍ത്താവ് പറയുകയുണ്ടായി.
അത്യുത്സാഹത്തോടെയും ആവേശത്തോടും കൂടി കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മെഡിക്കല്‍ പുസ്തകങ്ങള്‍ മാത്രം വായിക്കുന്ന ഒരു ഡോക്ടറിലേക്ക് എന്റെ വായന ഒതുങ്ങിപ്പോയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു പുസ്തകം അന്നത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ഉത്സാഹത്തോടെ വായിച്ചു തീർത്തപ്പോഴുണ്ടായ മാനസികസംതൃപ്തി മൂലം വായനയെന്ന എന്റെ ഇഷ്ടത്തെ ഇനി എന്നും ചേര്‍ത്ത് നിര്‍ത്തണമെന്ന തീരുമാനമെടുത്തിരിക്കുമ്പോഴാണ് ‘ഷാര്‍ജയില്‍ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നുണ്ട് പോയാലോ’ എന്ന് ചോദിച്ച് നാട്ടില്‍ നിന്നും സഹോദരിയുടെ വിളി വരുന്നത്.
വര്‍ഷങ്ങളായി മെഡിക്കല്‍ പുസ്തകങ്ങള്‍ക്കപ്പുറം വായനയുമായി ബന്ധമില്ലാത്തതുകൊണ്ടായിരിക്കാം, ഇങ്ങനെയൊരു പുസ്തകമേളയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. എന്നാല്‍ പതിനാല് വര്‍ഷങ്ങളായി താന്‍ ഈ പുസ്തകമേള സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്തുകൊണ്ട് ഞാനിത്രയും വര്‍ഷങ്ങള്‍ ഇങ്ങനെയൊരു പുസ്തകമേളയെക്കുറിച്ച് അറിയാതെ പോയി എന്നത് എന്നെയല്‍പ്പം നിരാശപ്പെടുത്തിയെങ്കിലും ഈ വര്‍ഷത്തെ പുസ്തകമേള അവളോടൊപ്പം സന്ദര്‍ശിക്കണമെന്നുറപ്പിച്ച് ഞാന്‍ നാട്ടിലേക്ക് പറന്നു. എന്നാൽ നാട്ടിലെത്തിയപ്പോള്‍ സഹോദരിപുത്രന്റെ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്രക്ക് ചില തടസ്സങ്ങള്‍ നേരിട്ടതിനാല്‍ അടുത്തവര്‍ഷം പോവാം എന്ന തീരുമാനത്തിലെത്തി.
പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് UGC-NET JRF ന് അര്‍ഹത നേടിയ എന്റെ സഹോദരിക്ക് അന്നത്തെ ചില സാഹചര്യങ്ങളാല്‍ തന്റെ പി.എച്ച്.ഡി. ചെയ്യാന്‍ സാധിക്കാതെ വരികയും വര്‍ഷങ്ങള്‍ക്കൊടുവില്‍ 2024 വീണ്ടും പരീക്ഷയെഴുതി,അറബി ഭാഷയില്‍ പി.എച്ച്.ഡിക്ക് അര്‍ഹത നേടുകയും ചെയ്തിരിക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു പുസ്തകമേള അവര്‍ക്ക് അത്രമേല്‍ ഉപകാരപ്രദമാവും എന്നതിനാല്‍ മാതാപിതാക്കളും ഞങ്ങള്‍ സഹോദരങ്ങളും ഇതില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പുസ്തകമേളയുടെ അവസാന ദിനങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് യു.എ.ഇ വിസ ലഭിക്കുകയും അന്നുതന്നെ ടിക്കറ്റെടുത്ത് രാത്രിക്ക് രാത്രി യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ഞങ്ങള്‍ ഷാര്‍ജയിലേക്ക് പുറപ്പെടുകയായിരുന്നു.
‘ഇതൊരു പുസ്തകത്തില്‍ നിന്നും ആരംഭിക്കുന്നു എന്ന പ്രമേയവുമായി ആരംഭിച്ച 43-ാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ആദ്യമായി സന്ദര്‍ശിച്ചത്. 1982 മുതല്‍ ഇതിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ഷാര്‍ജാ ഭരണാധികാരിയും യു.എ.ഇ. കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് സുല്‍ത്താന്‍ ഇബ്‌നു അല്‍ ഖാസിമിയുടെ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെ ധിഷണാശാലിയും കര്‍മ്മനിരതനും ഇച്ഛാശക്തിയുമുള്ള അക്ഷരങ്ങളുടെ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന ആ മഹദ് വ്യക്തിത്വത്തെക്കുറിച്ച് കൂടുതൽ അടുത്തറിയുകയായിരുന്നു.
200 ല്‍ അധികം ഭാഷകളിലായി, നിരവധി എഴുത്തുകാരും പ്രസാധകരുമായി, വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ അടുക്കിവെച്ച നൂറുകണക്കിന് സ്റ്റാളുകള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകമേള അറിവിന്റെ മഹാസാഗരം തന്നെയായിരുന്നു. വെറുമൊരു പുസ്തകമേളക്കപ്പുറം സെമിനാറുകളുടെ, പാനല്‍ ചര്‍ച്ചകളും വര്‍ക്ക്‌ഷോപ്പുകളും കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളുമായി സമ്പുഷ്ടമായിരുന്നു ഈ മഹാമേള. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരെയും പുസ്തകപ്രസാധകരെയും നേരിട്ടു പരിചയപ്പെടാനും സംവദിക്കാനുമുള്ള അവസരങ്ങള്‍ മേളയിലുടനീളമുണ്ടായി. അറബ് ലോകത്തെ പ്രശസ്ത എഴുത്തുകാരി മറിയം അല്‍ ശിനാസി , ഫലസ്തീനി എഴുത്തുകാരന്‍ ഡോക്ടര്‍ മൂസാ യാക്കൂബ് ഖാസം എന്നിവരെ പരിചയപ്പെടാനുള്ള അവസരം ലഭിച്ചു.
ഡിജിറ്റല്‍ വായനയുടെ ഈ കാലഘട്ടത്തില്‍ ഒരു പുസ്തകം പോലുമില്ലാതെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുന്ന രീതിയില്‍ പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്ത ചൈനീസ് സ്റ്റാള്‍ വ്യത്യസ്തത പുലര്‍ത്തി.
ഏറ്റവുമൊടുവില്‍ 7-ാം നമ്പര്‍ ഹാളില്‍ എത്തിയപ്പോള്‍ കേരളത്തില്‍ നിന്നുള്ള നിരവധി പ്രസാധകരുടെ സ്റ്റാളുകളും എഴുത്തുകാരെയും സന്ദര്‍ശനത്തിനെത്തിയ മലയാളികളെയും കണ്ടപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഇന്നും വായനയും എഴുത്തും സമൃദ്ധമായി നിലനില്‍ക്കുന്നുവെന്നത് ഏറെ സന്തോഷമുളവാക്കി. ഇന്നേവരെ നേരിട്ടു കണ്ടിട്ടില്ലാത്ത ഓണ്‍ലൈന്‍ പരിചയം മാത്രമുള്ള ഒരു സുഹൃത്തിനെ മേളയിൽ വെച്ച് അപ്രതീക്ഷിതമായി കാണുകയും , കയ്യൊപ്പോടു കൂടി അവരുടെ പുസ്തകം നേരിട്ട് വാങ്ങുകയും ചെയ്തു.
ഡോക്ടര്‍ ജീവിതത്തിലെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകമെഴുതി തന്നാല്‍ പ്രസിദ്ധീകരിക്കാമെന്ന് വാഗ്ദാനങ്ങളുമുണ്ടായി. അത് വായനക്കൊപ്പം എഴുത്തിന്റെ മേഖലയിലേക്ക് കൂടി ഇറങ്ങിയാലോ എന്ന് ഒരാഗ്രത്തിലേക്കെത്തിച്ചു.
ഏറ്റവുമൊടുവിലായിട്ടാണ് ഞങ്ങള്‍ യുവതയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചത്. അതിനാല്‍ തന്നെ ഒരുപാട് സമയം അവിടെ ചെലവഴിക്കാനും നിരവധി പേരുമായി സംവദിക്കാനും സാധിച്ചു. യുവത ബുക്‌സിന്റെ സി.ഇ.ഒ. ആയ ഹാറൂന്‍ കക്കാട് സാറിന്റെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും നേരിട്ട് പരിചയപ്പെടുന്നത് മേളയില്‍ വെച്ചാണ്. അദ്ദേഹത്തിന്റെ പ്രോത്സാഹനമാണ് ഇപ്പോള്‍ ഈ എഴുത്തിന് പിന്നിലെ പ്രചോദനം.
പുസ്തകപ്രകാശനങ്ങള്‍ നടക്കുന്ന റൈറ്റേഴ്‌സ് ഫോറം മേളയുടെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമായിരുന്നു. 600 ലധികം പുസ്തകങ്ങളാണ് ഈ വര്‍ഷം ഷാര്‍ജ പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തത്. റൗളത്തുല്‍ ഉലൂം അറബിക് കോളേജില്‍ സഹോദരിയുടെ അധ്യാപകനായിരുന്ന അയ്മാന്‍ ശൗക്കി സാറിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കു ചേരാനും സാധിക്കുകയുണ്ടായി.
കുട്ടികളിലെ വായനക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ മേളയില്‍ വാങ്ങിയ പുസ്തകം സ്റ്റാളിന്റെ മുന്നില്‍ തന്നെ നിലത്തിരുന്ന് മറ്റൊന്നിലും ശ്രദ്ധിക്കാതെ വായിക്കുന്ന മകനെയും മകന്റെ വായനയെ ക്ഷമാപൂര്‍വം വീക്ഷിക്കുന്ന ഒരു ഉമ്മയെയും കാണുകയുണ്ടായി. ആ കാഴ്ച ഏറെ കൗതുകത്തോടെയാണ് ഞാന്‍ വീക്ഷിച്ചത്.
പെട്ടെന്ന് തന്നെ നാട്ടിലേക്ക് മടങ്ങേണ്ടതിനാല്‍ രണ്ടു ദിവസം മാത്രമേ ഞങ്ങള്‍ക്ക് ഷാര്‍ജയില്‍ തങ്ങുവാന്‍ സാധിച്ചിട്ടുള്ളൂ. അതിനാല്‍ തന്നെ മുഴുവന്‍ സമയവും പുസ്തകമേള നടക്കുന്ന ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തന്നെയായിരുന്നു ചെലവിട്ടത്. എയര്‍പോര്‍ട്ടിലേക്ക് ഉള്ള മടക്കയാത്രയില്‍ ഞങ്ങള്‍ ഷാര്‍ജ പുസ്തകമേളക്കായി മാത്രം രണ്ടു ദിവസത്തേക്ക് വന്നതാണെന്നതും ഷാര്‍ജയിലോ ദുബായിലോ മറ്റെവിടെയും സന്ദര്‍ശിച്ചില്ല എന്നതും പാകിസ്താനി ഡ്രൈവറെ അല്‍ഭുതപ്പെടുത്തി. ഇനിയും വരണമെന്ന ആഗ്രഹത്തോടെയും പ്രതീക്ഷയോടെയും കൂടിയായിരുന്നു ഞങ്ങളുടെ മടക്കം.