Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • സൗദിയിലെ ഖത്തീഫിൽ ജഡ്ജിയെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
    • രുചിയൂറും നെയ്‌ച്ചോറും ബിരിയാണിയും കിട്ടാക്കനിയാവുമോ? കയമ അരി വില കുതിച്ചുയരുന്നു, കിലോക്ക് 300
    • ഔദ്യോഗിക വെബ്‌സൈറ്റുകളിലും വ്യാജന്മാർ; പ്രവാസികൾ കരുതിയിരിക്കുക
    • കെസിഎൽ: ആവേശകരമായ അവസാന ഓവർ പോരാട്ടത്തിൽ കാലിക്കറ്റിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് കൊല്ലം
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം: കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ലെന്ന് കെ കെ ശൈലജ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Articles

    റഹീം മേച്ചേരി, മലയാളത്തിലെ അവസാന പത്രാധിപർ

    റഹീം മേച്ചേരി വിടവാങ്ങിയിട്ട് 21 കൊല്ലം
    ഉമ്പാച്ചിBy ഉമ്പാച്ചി21/08/2025 Articles 8 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വര, ആർടിസ്റ്റ് സഗീർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    റഹീം മേച്ചേരിയുടെ അപകട മരണം കഴിഞ്ഞു ഇരുപത്തിയൊന്ന് കൊല്ലങ്ങൾ കടന്നു പോയിരിക്കുന്നു. 2004 ഓഗസ്റ്റ്‌ 21-നായിരുന്നു അത്. ഒരാൾ മരിച്ചുപോയെന്നറിഞ്ഞിട്ട് കുറേ നേരത്തേക്കു ഞാൻ നിലച്ചു പോയ ദിവസം. മരണം എന്റെ ബോധത്തിൽ കൈവെച്ച ആദ്യത്തെ സമയം. സ്‌നേഹിച്ച് ദേഷ്യപ്പെടുകയും ദേഷ്യപ്പെട്ട് സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാളോട് തോന്നുന്ന ഇഷ്ടം മുഴുവൻ ചേര്‍ത്തു വച്ചാണ് മരണാനന്തരവും ഞാന്‍ മേച്ചേരിയെ ഓര്‍മിക്കുന്നതും സ്‌നേഹിക്കുന്നതും. ഏഴുമാസവും ഏതാനും ദിവസങ്ങളുമാണ് മേച്ചേരിയോട് ഒത്തുകൂടാന്‍ അവസരം കിട്ടിയത്. നജീബ് കാന്തപുരത്തിന്റെ പ്രേരണയിലാണ് മേച്ചേരിയുള്ള ചന്ദ്രികയിലേക്ക് ചെന്നെത്തുന്നത്. ദാറുല്‍ ഹുദ കഴിഞ്ഞ് വടകരയിലെ ഒരിംഗ്ലീഷ് മീഡിയം സ്‌കൂളിലെ മാഷിന്റെ പണിയും മടുത്ത് കോഴിക്കോട്ട് ജീവിക്കുക എന്ന സ്വപ്‌നത്തില്‍ മേയുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അദര്‍ ബുക്‌സ് ഉണ്ടായി വരുന്ന കാലം. ഡോ.ഔസാഫ് അഹ്‌സന്‍ മലയാളത്തിലാക്കിയ മൈക്കല്‍ വുള്‍ഫിന്റെ ‘ഹാജി’ പ്രസിദ്ധീകരിച്ചു കൊണ്ട് ഒരു പബ്ലിക്കേഷന്റെ ചുമതലയില്‍ ജീവിക്കുക എന്ന ആഗ്രഹത്തിനു പുറത്ത് കോഴിക്കോട്ട് തമ്പടിച്ചതായിരുന്നു. ‘ഹാജി’യുടെ പ്രകാശനത്തിന് വിളിക്കാന്‍ ചെന്നപ്പോഴാണ് മേച്ചേരി വീട്ടിലെ കാര്യങ്ങള്‍ ചോദിച്ചത്. കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍, ബുക്ക് ഇവന്റിസിനു പണം കണ്ടെത്തിയ വഴി വിശദീകരിച്ചു കൊടുത്തപ്പോള്‍ എങ്കില്‍ പിന്നെ എന്ന് തുടങ്ങുന്ന ചില ഉപജീവന യാഥാര്‍ത്ഥ്യങ്ങള്‍ വിശദീകരിച്ചു തന്നു അദ്ദേഹം. പബ്ലിക്കേഷനൊന്നും അത്ര പെട്ടന്ന് വിജയിക്കില്ല, വീട്ടിലാണെങ്കില്‍ വില്‍ക്കാന്‍ ഭൂമിയുമില്ല, അതു കൊണ്ട് നിങ്ങള്‍ എന്റെ കൂടെ വാ, നമുക്ക് ചന്ദ്രികയില്‍ ഒരുപാട് പണിയുണ്ട് എന്ന ക്ഷണത്തില്‍ കലാശിച്ചു ആ സംസാരം. ആഷാ മേനോനായിരുന്നു ഹാജിയുടെ പ്രകാശനം നടത്തിയത്. മേച്ചേരി അതിനു വന്നില്ല. വരുന്നില്ലേ എന്നു ചോദിച്ചു വിളിച്ചപ്പോള്‍ വീണ്ടും ക്ഷണം, നിങ്ങള്‍ എന്നാണു ചന്ദ്രികയിലേക്ക് വരുന്നത്.

    2003 ഡിസംബറില്‍ ഹാജി പ്രകാശിപ്പിച്ച്, 2004 ജനുവരി ആദ്യം ചന്ദ്രികയില്‍ ചെന്നു. പാരഗണ്‍ ഹോട്ടലില്‍ നിന്ന് ചായയും കടിയും വാങ്ങിത്തന്നാണ് മേച്ചേരി എന്നെ ചന്ദ്രികയിലേക്ക് കൂട്ടിയത്. ഉപ്പ അഞ്ചാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോയതിന്റെ അതേ പുനരാവിഷ്‌കാരം. എന്റെ പേര് രജിസ്തറിൽ ചേർത്തു ഒപ്പിട്ട ജനറൽ മാനേജർ വരിക്കോടൻ റസാക്കിനു ഇവനൊരു ദാറുൽ ഹുദാ സന്തതി ആണെന്നു പരിചയപ്പെടുത്തി. അദ്ദേഹം എന്നിട്ട് തലയിൽ തൊപ്പിയൊന്നുമില്ലല്ലോന്ന് ചോദിച്ചപ്പോൾ തൊപ്പി അഴിക്കുകയും വെക്കുകയും ചെയ്യാലോ, തല അങ്ങനെ അല്ലല്ലോന്ന് മേച്ചേരിയും പറഞ്ഞു. മേച്ചേരി എന്റെയും പത്രാധിപരായി. പത്രാധിപതി ആയിരുന്നില്ല അദ്ധേഹം, തീര്‍ത്തും പത്രാധിപരായിരുന്നു. അതിന്റെ സുഖവും ഗുണവും, മേച്ചേരിയുടെ നോമിനി എന്ന മേല്‍വിലാസവും എഡിറ്റോറിയല്‍ ജീവിതത്തില്‍ സാധാരണമായ അസ്വാരസ്യങ്ങളില്‍ നിന്ന് പരിക്കുകളൊന്നും പറ്റാതിരിക്കാനുതകി. അതു വരേ പറഞ്ഞു കേട്ട മേച്ചേരി എന്ന വിസ്മയത്തെ അടുത്തു നിന്നു കാണാനും കേള്‍ക്കാനും സാധിച്ചു.

    ജീവിതത്തിന്റെ മുഴുവന്‍ നിസ്സാരതയും തന്റെ നടപ്പിലും വേഷവിധാനങ്ങളില്‍പോലും ആവാഹിച്ചിരുന്നു അദ്ദേഹം. അസാധാരണമായ സഞ്ചാര സമ്പ്രദായങ്ങളായിരുന്നു മേച്ചേരിയുടേത്. മനസ്സിന്റെ യാത്രകളിലും ശരീരത്തിന്റെ യാത്രകളിലും ഈ അസാധാരണത്വം കാണാം. മുന്നൊരുക്കങ്ങളില്ലാതെ വലിഞ്ഞുകയറി യാത്രപോകുന്ന, റയില്‍വേ സ്റ്റേഷനില്‍ ഏതുണ്ട് വണ്ടിയെന്ന് വലയുന്ന പത്രാധിപര്‍. മനസ്സിന്റെ യാത്രകളിലാണെങ്കില്‍ സുഭാഷ്, സന്തോഷ്, അനൂപ്, അർഷാദ് തുടങ്ങി അന്നു പുതിയവരായിരുന്നവരുടെ കഥകളിലെ രാഷ്ട്രീയത്തെയും വീരാന്‍കുട്ടിയുടെ കവിതകളിലെ ആത്മീയതയെയും രുചിക്കുന്ന ഒരസാധാരണ വായനക്കാരൻ. ഇത്ര വിശദമോ ഇദ്ദേഹത്തിന്റെ വായനയെന്ന് നമ്മെ മൂക്കത്ത് വിരല്‍വെപ്പിക്കും മേച്ചേരി. മില്ലി ഗസറ്റും ടെഹല്‍ക്കയും വായിച്ച് വരയും ശരിയുമിട്ട് അടയാളപ്പെടുത്തും. വാര്‍ത്തകളും വിവരങ്ങളും അടുക്കി വച്ച ഓര്‍മ്മയുടെ അറകളില്‍ സ്ഥലം മതിയാകാതെ വന്നതിനാല്‍ പത്ര മാസികകളില്‍ നിന്ന് വെട്ടിയെടുത്തതും കഷ്ണിച്ചു വച്ചതുമായ കുറേ കടലാസ് തുണ്ടുകള്‍ കുറേ പ്ലാസ്റ്റിക് കവറുകളിലും സൂക്ഷിച്ചു വച്ചിരുന്നു അദ്ദേഹം. ആവശ്യത്തിനെടുത്ത് ഉപയോഗിക്കാന്‍ പാകത്തില്‍ വിഷയം തിരിച്ചു വച്ചിരുന്നു ആ കവറുകള്‍.

    2004 ജനുവരിയിൽ ചന്ദ്രിക ദിനപത്രത്തിൽ ചേർന്ന ശേഷം ആദ്യം നടത്തിയ അഭിമുഖം ടീസ്ത സെതൽ വാദുമായിട്ടായിരുന്നു. ഇംഗ്ലീഷിൽ സംസാരിക്കുന്ന അവരുമായി എങ്ങനെ പറഞ്ഞൊപ്പിക്കും എന്ന ഭീതിയോടെയായിരുന്നു ‘ഹോം വർക്ക്” പൂർത്തിയാക്കി അവരെ കാണാൻ ഇറങ്ങിയത്. അസൈന്മെന്റ് തന്ന പത്രാധിപർ ഞാനും വരാമെന്ന് കൂടെ പോന്നപ്പോൾ ഒരു വിധം സമാധാനവും മറ്റൊരു വിധം അങ്കലാപ്പുമായി. ഹോട്ടൽ മുറിയിലെത്തി ടീസ്തയെ കണ്ടപ്പോൾ തന്നെ മേച്ചേരി തന്റെ വിട്ടുവീഴ്ചയില്ലാത്ത ഓർമ്മയുടെ കെട്ട് പൊട്ടിച്ചു. ബ്രിട്ടീഷ് ഭരണ കാലത്തോ മറ്റോ(ഞാൻ മറന്നു) ജീവിച്ചിരുന്ന സെതൽവാദ് എന്ന വാലുള്ള ഒരു നിയമജ്ഞനെ പറ്റി അന്വേഷിച്ചു. സ്വന്തം കുടുംബത്തിലെ ഒരു പരേതാത്മാവിനെ ഓർമ്മിക്കുന്ന ഒരു മലപ്പുറം മാപ്പിളയെ അവർ എഴുന്നേറ്റ് നിന്ന് ആദരിച്ചു. പിന്നെ സംസാരിച്ചത് അവരിരുവരും ഞാൻ കേൾവിക്കാരനുമായി. ഒരു നല്ല അഭിമുഖത്തെ അഭിമുഖീകരിക്കുകയായിരുന്നു ഞാനന്ന്..

    വായനകളുടെ വെളിച്ചത്തിലേ ആശയങ്ങളുടെ പുതിയ ഭാഷ്യം സാധിക്കൂ എന്ന് അദ്ദേഹം നിരന്തരമായി ഉപദേശിച്ചു. ദി ഹിന്ദുവില്‍ രാമചന്ദ്രഹുഹയുടെ കോളം കാത്തിരിക്കും. അതു വായിക്കാന്‍ ഓര്‍മിപ്പിക്കും. മുസ്‌ലിം ഇന്ത്യയുടെ വാര്‍ഷിക പതിപ്പുകള്‍ കണ്ടിട്ടില്ലയല്ലേയെന്ന് എന്നെ നുണപ്പിക്കും. കണ്ടിട്ടുള്ള മനുഷ്യരില്‍ മേലേ ചേരിയിലായിരുന്നു എപ്പോഴും മേച്ചേരി, മേച്ചേരിയെന്നാല്‍ വായനയുടെ മേല്‍ ചേരിയായിരുന്നു. കെ.വി അനൂപിന്റെ ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങൾ എന്ന കഥ അച്ചടിച്ചു വന്ന ആനുകാലികവുമായി വന്നിട്ട് നീ ഇതിപ്പോൾ തന്നെ വായിക്കൂ എന്നു പറയുന്ന സാഹിത്യം സഹിതമായ മനുഷ്യൻ. മലയാളത്തിലെ പുതിയ പത്തു കഥാകൃത്തുക്കളെ കൊണ്ട് അവരുടെ രാഷ്ട്രീയം പറയിപ്പിച്ചാൽ നമുക്കൊരു സ്പെഷ്യൽ പതിപ്പ് ഇറക്കിക്കൂടേ എന്നു ചോദിക്കുന്ന ‘യുവ’പ്രായക്കാരൻ. ഒരിക്കൽ ഞാൻ കവി അൻവർ അലിയെ ചന്ദ്രികയിൽ കൂട്ടിക്കൊണ്ടുവന്നു മേച്ചേരിക്കു പരിചയപ്പെടുത്തി. അവരന്നു കവിതയിലൂടെ പുറപ്പെട്ട് മാലകളിലെത്തി ‘ഉമ്മമലയാള’ത്തിൽ ചുറ്റിത്തിരിഞ്ഞു. ഈ മനുഷ്യനെ പരിചയപ്പെട്ടത് നന്നായി, അല്ലെങ്കിൽ എന്റെ കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യരിൽ തീർന്നേനെ എന്ന് അൻവർക്ക എന്നോട് പറഞ്ഞു.

    മേച്ചേരി അവസാനകാലം കുറച്ചേ എഴുതിയുട്ടുള്ളൂ. എവിടെയെന്നും എപ്പോഴെന്നും ഓര്‍ത്തുവെക്കാതെയുള്ള ധൃതിപിടിച്ചും തെല്ല് ഉദാസീനമായുമുള്ള എഴുത്തുകളാണെറെയും. നിര്‍ബന്ധം വരുമ്പോള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന അദ്ദേഹത്തിലെ എതിര്‍പ്പെഴുത്തുകാരനാണ് മിക്കപ്പോഴും പുറത്തുവന്നത്. സര്‍ഗധനനായ മേച്ചേരി വല്ലപ്പോഴുമേ മുഖം കാണിച്ചുള്ളു. ആദ്യ കാല മേച്ചേരി എഴുതി നിർമ്മിച്ചതാണ് ഞങ്ങളുടെ രാഷ്ട്രീയ ബോധവും വിവേകവുമെന്ന് ജീവിച്ചിരിപ്പുള്ള അദ്ദേഹത്തേക്കാൾ മുതിർന്നവർ ഇപ്പോഴും സത്യപ്രസ്താവന നടത്തിപ്പോരുന്നു. പത്രത്തിന്റെ പേജിൽ മേച്ചേരി പൊളിറ്റികൽ സ്കൂൾ നടത്തുകയായിരുന്നു അന്ന്.

    വാക്കുകള്‍ക്ക് അര്‍ത്ഥവും അനര്‍ത്ഥവുമുണ്ടെന്നും ശക്തിയും ക്ഷയവുമുണ്ടെന്നും മൂര്‍ച്ചയും മിനുപ്പുമുണ്ടെന്നും അദ്ദേഹം വായനക്കാരെ അനുഭവപ്പെടുത്തി. മേച്ചേരിയുടെ എഴുത്തിന്റെ ജ്വലന രഹസ്യം അദ്ദേഹം ഉള്ളില്‍ വഹിച്ച വിശ്വാസാദര്‍ശങ്ങളുടെ ശക്തി സൗന്ദര്യങ്ങളായിരുന്നു. പി.ഗോവിന്ദപ്പിള്ള, ഇ.എം.എസ്‌ ഒക്കെയുമായി മുട്ടി നിൽക്കുകയും അവരോടുള്ള ആദരവ് തുറന്നു പറയുകയും ചെയ്തു. ശ്യാമപ്രസാദിനെയും അദ്ദേഹത്തിന്റെ അകലെ സിനിമയും കാണാൻ ശ്രീയിലെ പ്രിവ്യുവിനു പോയപ്പോ ഒ.രാജഗോപാലും മേച്ചേരിയും തമ്മിലുള്ള സൗഹൃദത്തിന്റെ കനം ഞാനും കണ്ടു.

    ആത്മകഥപോലെയൊന്ന് മേച്ചേരിയുടെ മനസ്സിലുണ്ടായിരുന്നു. അതെഴുതാൻ എന്നെ കൂടെ കൂട്ടാൻ ആഗ്രഹിച്ചിരുന്നു. കോഴിക്കോട് നമുക്കൊരു മുറിയെടുത്താൽ എന്റെ വടകരക്കുള്ള യാത്രയും വേണ്ടല്ലോ എന്നെന്നെ മോഹിപ്പിച്ചിരുന്നു. എഴുതാൻ ആഗ്രഹിക്കുന്നതിനെ പറ്റി പറയുമായിരുന്നു. പ്രായമേറി തുടങ്ങുമ്പോള്‍ ഓര്‍മ്മകളില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്നവരുടെ അഭയമാവും അങ്ങനെയൊരു രചന. മേച്ചേരി മനസ്സില്‍ കണ്ടതതല്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം വീണ്ടും പഠിക്കുന്ന തന്നെത്തന്നെയാണ് മനസ്സില്‍ വെച്ചത്. സാമൂഹിക ചരിത്രവും സാംസ്‌ക്കാരിക ചരിത്രവും പ്രതിപാദിക്കുന്ന ഒട്ടേറെ കൃതികളുള്ളപ്പോള്‍ കേരളത്തിന് ഒരു ആധുനിക രാഷ്ട്രീയ ചരിത്ര ഗ്രന്ഥമില്ലെന്ന് മേച്ചേരി പറയുമായിരുന്നു. എഴുതപ്പെടാതെപോയ ആ കൃതി കേരളത്തിന്റെ രാഷ്ട്രീയ വായനകളെയാകെ കാലാകാലവും അപൂര്‍ണ്ണമാക്കി നിര്‍ത്തും. അദ്ദേഹം കേരളത്തിലെ മുസ്‌ലിംകളുടെ രാഷ്ട്രീയത്തിന് എഴുതി നല്‍കിയ സംഭാവനകളുടെ ചരിത്രപരമായ പ്രാധാന്യത്തിന്റെ പേരിലാണ് ഏറെയും സ്മരിക്കപ്പെട്ടും ആഘോഷിക്കപ്പെട്ടും പോരുന്നത്. അതിനപ്പുറമുള്ള പ്രസ്‌കതികളിലേക്ക് മേച്ചേരിയെ എടുത്തു വെക്കുന്ന ഒരു കൃതി ആകുമായിരുന്നു അത്. ആ അപകട മരണം ഒരുപാട് കാര്യങ്ങളെ അങ്ങനെ വഴിയിൽ തടഞ്ഞു.

    ഏറെ പ്രവര്‍ത്തിക്കാനും പലതും പൂര്‍ത്തീകരിക്കാനുമുണ്ടെന്ന് അടുപ്പമുള്ളവരോട് പറഞ്ഞുകൊണ്ടിരിക്കെ തിരക്കിട്ടാണ് മേച്ചേരി യാത്രപോലും പറയാതെ പിരിഞ്ഞുപോയത്. കര്‍മ്മരഹിതമായൊരു ജീവിതം മേച്ചേരിയുടെ വിധിവിഹിതത്തിലില്ലായിരുന്നു. വിശ്രമ ജീവിതം എന്ന് വിളിപ്പേരുള്ള നിഷ്‌ക്രിയത്വത്തിലേക്ക് വിരമിക്കാനും ആലസ്യത്തിന്റെ ചാരുകസേരയിലേക്ക് പെന്‍ഷന്‍പറ്റാനും ഇടകൊടുക്കാതെ ധൃതിപ്പെട്ടു വന്ന് മേച്ചേരിയെ വിളിച്ചെടുത്തുകൊണ്ടുപോയ മരണത്തില്‍ പോലും ഇപ്പോഴൊരു മഹനീയമായ ആകസ്മികത ഞാൻ കാണുന്നു. സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ആഹ്ലാദങ്ങള്‍ വിടര്‍ത്തുന്ന ഓര്‍മ്മപോലല്ല നൊമ്പരമായി ഓമനിക്കപ്പെടുന്ന ഓര്‍മ്മകള്‍. അവ പ്രാര്‍ത്ഥനകളായാണ് പൂവിടുക. അകൈതവങ്ങളായ അക്ഷരങ്ങളെ ആത്മമിത്രങ്ങളാക്കിയ മേച്ചേരിക്ക് പരലോകങ്ങളില്‍ നിഷ്‌കളങ്കരായ മാലാഖമാരായിരിക്കട്ടെ തോഴന്‍മാര്‍. ആമീന്‍.

    വാക്കുകളും അക്ഷരങ്ങളുമായിരുന്നു മേച്ചേരിയുടെ ആത്മസുഹൃത്തുക്കള്‍. അറിഞ്ഞിടത്തോളം അദ്ദേഹത്തിന് അവ കഴിഞ്ഞേ ഉറ്റ മിത്രങ്ങളുണ്ടായിരുന്നുള്ളൂ. പഠിക്കുന്ന കാലത്തും അതങ്ങനെ ആയിരുന്നെന്ന് വാഴക്കാട്ടെ സഹപാഠികള്‍ ഓര്‍ത്തതോർക്കുന്നു. അടുപ്പങ്ങളെ ഇണക്കി നിര്‍ത്തുന്ന സ്‌നേഹത്തിന്റെ മിശ്രിതമായതും അക്ഷരങ്ങളായിരുന്നു. സ്‌കൂളിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കൊണ്ട് ഒരു പാട്ടുപുസ്തകം മൊഴിമാറ്റിച്ച് പ്രസാധകര്‍ക്കയച്ച് പ്രസിദ്ധീകരിപ്പിച്ചിട്ടുണ്ട് മേച്ചേരി. അക്ഷരങ്ങളും വാക്കുകളും പുസ്തകങ്ങളുമായിരുന്നു സ്‌കൂള്‍ കാലത്തേ മേച്ചേരിയുടെ പ്രിയങ്ങള്‍. അക്ഷരങ്ങളോട് ചാര്‍ത്തിയദ്ദേഹം മറ്റുള്ളവരേയും തന്നെത്തന്നെയും കണ്ടു. മേച്ചേരിയുടെ മാനസനായകനായ സി.എച്ചിന്റെ ജീവിത ചിത്രത്തിന് മലയാള ഭാഷ പതിച്ചുകൊടുത്ത ചൊല്‍ക്കൊണ്ട അടിക്കുറിപ്പുകളൊന്നും ആ മനസ്സിന്റെ സര്‍ഗ വിസ്തൃതിയെ ഹൃദ്യമായി സ്പര്‍ശിക്കുന്നില്ലെന്ന് സങ്കടപ്പെട്ട മേച്ചേരി, സി.എച്ചിനെ അക്ഷരങ്ങളുടെ ആത്മസുഹൃത്തെന്ന് വിളിച്ചു. അതേ വാക്കുകളില്‍ പരാവര്‍ത്തനം ചെയ്യാനാകും മേച്ചേരിയുടെ ജീവിതവും.

    മലയാളത്തിലെ അവസാനത്തെ പത്രാധിപരെന്ന് മേച്ചേരിയുടെ അനുശോചനക്കുറിപ്പുകളില്‍ എഴുതപ്പെട്ടിട്ടുണ്ട്. പത്രപ്രവര്‍ത്തനം സര്‍ക്കുലേഷന്‍ മാനേജരുടെ ഇംഗിതങ്ങള്‍ക്കൊത്താവുന്ന ഒരു കാലത്തിന്റെ ധര്‍മമസങ്കടത്തില്‍ നിന്നുണ്ടായതാണ് മേച്ചേരിയെക്കുറിച്ച് അങ്ങനെയൊരു പുകഴ്ത്തല്‍. പത്രാധിപരുടെ ആ തലമുറയില്‍ നിന്ന് മറ്റൊരു വിധവും മേച്ചേരി വേറിട്ടാണ് നില്‍ക്കുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയില്‍ തുടങ്ങിയാല്‍, ഒരു നിശ്ചിത പരിധിക്കപ്പുറം പോയിക്കൂടെന്ന് ധരിച്ച അതാത് പത്ര ഉടമകളുടെ വിലക്ക് കാരണം ദര്‍പ്പണത്തില്‍ നിന്ന് കേരള പഞ്ചികയിലേക്കും പിന്നെ മലയാളിയിലേക്കും അവിടന്ന് പെരുവഴിയിലേക്കുമിറങ്ങിയ രാമകൃഷ്ണപിള്ളയെ എത്ര വേണമെങ്കിലും മുന്നോട്ട് പോകാവുന്ന സ്വദേശാഭിമാനിയുടെ തേരില്‍ കയറ്റാന്‍ വക്കം മൗലവിയുണ്ടായിരുന്നു. മാത്രവുമല്ല വളര്‍ന്നുവലുതാവാനുള്ള ഭൗതിക സാഹചര്യങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്.
    കൗമുദി ബാലകൃഷ്ണനാകട്ടെ, കേരള മുഖ്യമന്ത്രി സി. കേശവന്റെ പുത്രന്‍. കേസരി ബാലകൃഷ്ണപിള്ള പഠിപ്പും സ്ഥാവര ജംഗമങ്ങളുമുള്ള കുടുംബാംഗം. കെ.പി. കേശവമേനോന്‍ ഉന്നതകുലജാതന്‍. മറ്റൊരാള്‍ മനോരമയേക്കാള്‍ എത്രയോ വലുതായിരുന്ന മാമ്മന്‍ മാപ്പിള. ഇവരില്‍ നിന്ന് വേറിട്ട് റഹീം മേച്ചേരി മലപ്പുറത്തെ ഒളവട്ടൂരില്‍ നിന്നു വരുന്നു. വൈശിഷ്ട്യങ്ങളൊന്നും എടുത്തുപറയാനില്ലാത്ത ഒരു സാധാരണ മുസ്‌ലിം കുടുംബത്തില്‍നിന്ന് പുത്തനുടുപ്പും കാലില്‍ ചെരിപ്പുമില്ലാതെ സ്‌കൂളിലേക്ക് നാഴികകള്‍ താണ്ടി വന്നാണ് മേച്ചേരി അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ചത്. ദരിദ്രമായ ഈ സാധാരണ സാഹചര്യങ്ങളില്‍ നിന്നാണ് അസാധാരണമായ ചലനശേഷിയും ജ്വലനകാന്തിയുമുള്ള വാക്കുകളുടെ അധിപനും പത്രാധിപരുമായി റഹീം മേച്ചേരി, മലയാളത്തിന്റെ അവസാനത്തെ പത്രാധിപരായത്. റഹീം മേച്ചേരി എന്നത് പകരം വെക്കാൻ മറ്റൊന്നില്ലാത്ത ബൈലൈനായിരുന്നു നമുക്കെങ്കിൽ, മലയാള പത്രപ്രവർത്തന ഭൂമികക്ക് അതൊരു പൈതൃകത്തിന്റെ അവസാന വാക്കായിരുന്നു. സർക്കുലേഷൻ മാനേജർമാർ പത്രങ്ങളുടെ ദിശ നിർണ്ണയിക്കുന്ന കാലത്തു ജീവിച്ച അവസാനത്തെ പത്രാധിപർ. ആ അർഥത്തിൽ ആർജ്ജവത്തിന്റെ ഒറ്റ വാക്കായിരുന്നു മേച്ചേരി. മറവിക്കെതിരെ ഓർമ്മയെ ആയുധമാക്കി നടത്തുന്ന സമരമാണു നമ്മുടെ കാലത്തെ എഴുത്തുകാരന്റെ ധർമ്മം എന്ന് ഓരോ തവണ പേനയെടുത്തപ്പോഴും മേച്ചേരി നമ്മെ ബോധ്യപ്പെടുത്തി. രോഷം കൊള്ളേണ്ട നേരങ്ങളിൽ അദ്ദേഹം അടിമുടി വിറച്ചു. പത്രമാപ്പീസ് വിറകൊണ്ടു. ഒരിക്കൽ കെ.മൊയ്തു എന്ന സഹപ്രവർത്തകനെ പേപ്പർവെയിറ്റ് എടുത്തു എറിഞ്ഞു. ചന്ദ്രികയിൽ ആ കാലത്തുണ്ടായിരുന്നൊരു പംക്തിയയിൽ എന്തോ പന്തികേട് തോന്നി ഒന്നുകിൽ നിലപാട് അല്ലെങ്കിൽ നിലവാരം ഏതെങ്കിലും ഒന്നു വേണം എന്നു ഫോണിൽ മറുതലക്കലുള്ളയാളോട് കയർക്കുന്നതു ഞാൻ കേട്ടതാണ്. ഒരു കൂസലുമില്ലാതെ അകത്തുള്ളവരോടും പുറത്തുള്ളവരോടും പടവെട്ടി.

    ജീവിതത്തേയും അതിന്റ വിജയത്തേയും കുറിച്ച് മനുഷ്യത്വം വറ്റിയ നമ്മുടെ കാലം നമ്മിലുണ്ടാക്കിയ ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന്റെ അളവുകോലുകൊണ്ട് മേച്ചേരിയേയും അളക്കുന്നവരുണ്ട്. ദുരപുരണ്ട നമ്മുടെ ജീവിതം പുലര്‍ത്തുന്ന കാഴ്ചപ്പാടില്‍ ഏതു ജീവിത വൃത്തിക്കും പകരവും പ്രതിഫലങ്ങളും കിട്ടണം. ലാഭേഛകളുടേതാണ് ഈ മാനദണ്ഡം. മേച്ചേരി പകരങ്ങള്‍ പ്രതീക്ഷിച്ചല്ല സ്വന്തം ജീവിതം നിറവേറ്റിയത്. മേച്ചേരി തോറ്റുപോയെന്ന് മാര്‍ക്കിടുന്ന നമ്മള്‍ നമ്മുടെ അല്‍പത്തത്തെ ശരിവെക്കുന്നു എന്നേയുള്ളു. താന്‍ പിറന്ന മണ്ണിനും തന്റെ കൂടെപ്പിറന്ന മനുഷ്യര്‍ക്കും വേണ്ടിയാണ് മേച്ചേരി അക്ഷരങ്ങള്‍കൊണ്ട് പൊരുതിയത്. അവരെയാണദ്ദേഹം ആവോളം സ്‌നേഹിച്ചത്. സ്‌നേഹത്തിന് പകരം സ്‌നേഹം പ്രതീക്ഷിക്കുമ്പോഴാണ് സ്‌നേഹം ദു:ഖമായി കലാശിക്കുകയെന്ന് മേച്ചേരിക്ക് നന്നായറിയാമായിരുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് ഉത്തമ ബോധം ഉണ്ടായിരുന്നതിനാലാണദ്ദേഹം ആള്‍ക്കൂട്ടത്തിന്റെ ആര്‍പ്പുവിളികളില്‍ നിന്ന് അക്ഷരത്തിന്റെ നിലാമുറ്റത്തേക്ക് ഓടിയണഞ്ഞത്.

    2004 അവസാനത്തെ ആറു മാസങ്ങളും 2005 ആദ്യ മാസങ്ങളിലുമായിരുന്നു കേരളത്തെ പിളർക്കുന്ന മുനീർ സാഹിബിന്റെ എക്സ്പ്രസ്സ് ഹൈവേ വൻ വിപത്തെന്ന പോലെ നാട്ടിൽ ചർച്ച ചെയ്യപ്പെട്ടത്. എക്സ്പ്രസ്സ് ഹൈവേ ചുട്ടു പഴുക്കാൻ തുടങ്ങിയ സമയമാണ്. മേച്ചേരിയുടെ ഉറ്റ ചങ്ങാതി വീരേന്ദ്ര കുമാർ കൊക്കോകോള സമരവുമായി പ്ലാച്ചിമടയിലാണ്. മാഗ്സാസെ അവാർഡാണു വീരന്റെ വീര്യം കൂട്ടുന്നതെന്ന് അന്നൊരു നാട്ടിൽപ്പാട്ടുണ്ട്. എന്നെ വീരന്റെ സമരപ്പന്തലിലേക്കയച്ചു. അതു കഴിഞ്ഞ് അടുത്ത പരിപാടി എന്തെന്നാലോചിച്ചപ്പോൾ മേച്ചേരി പറഞ്ഞു നമുക്ക് എക്സ്പ്രസ്സ് ഹൈവേക്കെതിരെ കവർ സ്റ്റോറി ചെയ്യാം. അപ്പോ പാർട്ടിയല്ലേ ആ റോഡിനു വേണ്ടി ആവശ്യം ഉന്നയിക്കുന്നത് എന്നു ഞാൻ സ്വഭാവിക സംശയത്തിൽ പെട്ടു. അതു കൊണ്ടാണു നാം തന്നെ റോഡിനെതിരെ സ്റ്റോറി ചെയ്യുന്നത്. അപ്പോൾ ചന്ദ്രിക ആഴ്ചപ്പതിപ്പ് ചർച്ചയാകും. നാലാൾ അറിയും. അന്നു ചില വാരികകൾ പരസ്യത്തിനു പോസ്റ്റർ അടിച്ചു ചുമരിൽ പതിക്കുന്നുണ്ട്. നമ്മുടെ വാരികക്ക് ഇങ്ങനെ ഒരു പരസ്യമിരിക്കട്ടെ എന്നു ചുരുക്കം. വന്ദനാ ശിവയുടെ വാട്ടർ വാർസ് എന്റെ കയ്യിലുള്ള സമയമാണ്. പ്ലാച്ചിമട സ്റ്റോറി എഴുതാൻ വേണ്ടി വാങ്ങിയതാണു. അവരുടെ ഒരു ലേഖനം ഹൈവേകൾക്കെതിരെ വന്നിട്ടുണ്ട്. അതു ട്രാൻത്സേറ്റ് ചെയ്യാം. കൂടെ ഒരാർട്ടിക്കിൾ കൂടെ കിട്ടിയാൽ മതി. അതു ഞാൻ തന്നെ കള്ളപ്പേരിൽ എഴുതി. ആർ.കെ യൂസുഫലി. വന്ദനാ ശിവയുടെ ആർട്ടിക്ക്‌ൾ ട്രാൻസ്ലേറ്റ് ചെയ്തത് മുനീർ മാവൂർ. അതു പിന്നെ മാതൃഭൂമിയുടെ എക്സ്പ്രസ്സ് ഹൈവേ വിരുദ്ധ സമാഹാരത്തിൽ വന്നതായി മുനീർ പറഞ്ഞിരുന്നു, ഞാൻ കണ്ടിട്ടില്ല. ആഴ്ചപ്പതിപ്പ് ഇറങ്ങി. മഹാപാതകൾ മഹാപാതകങ്ങൾ എന്നാണു ടൈറ്റിൽ. മേച്ചേരി ആഗ്രഹിച്ചതു തന്നെ സംഭവിച്ചു. നിയമസഭയിൽ സെബാസ്റ്റ്യൻ പോൾ എം.എൽ.എ ആഴ്ചപ്പതിപ്പിന്റെ കോപ്പിയുമായാണു വന്നത്( അതും മേച്ചേരി വിളിച്ചു പറഞ്ഞായിരിക്കുമോന്ന് എനിക്ക് സംശയമുണ്ട്). ടീവിയിലൊക്കെ ആ ദൃശ്യം വന്നു. ആഴ്ചപ്പതിപ്പിനു പരസ്യം ആയതു കണ്ടോന്നു മാത്രം മേച്ചേരി അന്നുച്ചക്കു പറഞ്ഞു. വൈകുന്നേരം ആകുമ്പോഴത്തേക്ക് കൊടുങ്കാറ്റ് തുടങ്ങിയിരുന്നു. കൊണ്ടോട്ടിയിൽ നിന്നും മമ്മദുണ്ണി ഹാജിയാണാദ്യം വിളിച്ചതെന്നാണു മേച്ചേരി പിറ്റേന്നു പറഞ്ഞത്. പിന്നീടങ്ങോട്ട് അന്തരീക്ഷം കറുത്തു. എന്നോട് വേറെ പണി നോക്കിക്കോ ഇബൂന്നു ഡിസൈനിംഗിലെ വിജയ രാഘവേട്ടൻ പറഞ്ഞു കൊണ്ടിരുന്നു. ഡീ.റ്റി.പിയിലെ വിജയേട്ടൻ മൂപ്പരാ ടൈപ്പ് ചെയ്തതെന്നു ആരോടും പറയണ്ടാന്നു പറഞ്ഞു. ഒന്നും സംഭവിച്ചില്ല. ഒക്കെ മേച്ചേരി ഒറ്റക്കു തടുത്തു. ആരു ചോദിച്ചാലും മേച്ചേരി പറഞ്ഞിട്ടാന്നു പറഞ്ഞോളണം എന്നു എന്നോട് പറഞ്ഞു. വീക്ക്‌ലിയുടെ അപ്പോഴത്തെ എഡിറ്റർ ഖാലിദിക്കയും അതു തന്നെ പറഞ്ഞു.
    മേച്ചേരിയില്‍ കണ്ടതും മേച്ചേരിയില്‍നിന്ന് കേട്ടതുമായ പലതുമെഴുതുന്നതിന് പോലും ഞാനിനിയുമൊട്ടേറെ കാലം ജീവിച്ച് അര്‍ഹത തെളിയിക്കണം. എഴുതാനുള്ള യോഗ്യത കൊണ്ടല്ല, എഴുതപ്പെടാനുളള അദ്ദേഹത്തിന്റെ അര്‍ഹതകൊണ്ട് മാത്രം ഈ കുറിപ്പ്. ഇനിയുമൊട്ടേറെ എഴുതപ്പെടാനുണ്ട് മേച്ചേരി. ‘ജീവിത പരാജയം’ നേടുന്നതിനും ഏറെ പ്രയത്‌നമാവശ്യമുണ്ടെന്നും പ്രത്യക്ഷത്തിലെ വിജയങ്ങളല്ല വിജയങ്ങളെന്നും പഠിപ്പിക്കുന്ന ഗുണപാഠം മേച്ചേരിയുടെ സ്കൂളിൽ ചേർന്നതു കൊണ്ട് കിട്ടിയതാണ്. ഓര്‍ത്തു വെക്കേണ്ടവ ഏതെന്ന് കൃത്യമായ ധാരണയുള്ളതിനാല്‍ മറന്നു കളയേണ്ടവയെ കൃത്യസമയത്തു തന്നെ മറക്കുന്ന തമാശക്കഥകള്‍ മുതല്‍, ചില നേരത്തുള്ള വിക്കു വരേ അദ്ധേഹത്തെ വേറിട്ട ഒരാളാക്കിയിരുന്നു. ഉയരം കൊണ്ടു മാത്രമായിരുന്നില്ല അദ്ധേഹത്തിന്റെ തലയെടുപ്പ്, അതു വായനക്കാരും തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് മേച്ചേരി ഇപ്പോഴും ഇടക്കിടെ പല തലമുറകളാല്‍ സ്മരിക്കപ്പെടുന്നത്. ചന്ദ്രിക വായനക്കാരായ സാധാരണ മനുഷ്യരാണു റഹീം മേച്ചേരിയെ ഉണ്ടാക്കിയതെന്ന് അദ്ദേഹത്തിനു നല്ല വ്യക്തത ഉണ്ടായിരുന്നു. ശക്തവും ശുദ്ധവും മാന്യവുമായ വാക്കുകള്‍ കൊണ്ട് പ്രതിസന്ധികള്‍ പരിഹരിക്കാനാകുമെന്ന് തെളിയിച്ച മേച്ചേരി വാക്കുകളുടെ സ്‌നേഹ ഭാഷണത്തിന്റെ ഭാവിയില്‍ വിശ്വസിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നു. ശരീരം കൊണ്ട് പതുക്കേയും വാക്കുകള്‍ കൊണ്ട് വേഗത്തിലും നടന്ന മേച്ചേരി ഇങ്ങനെയാണ് ഇപ്പോഴും നമ്മുടെ ജീവിതത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുന്നത് എന്ന് എനിക്കു തോന്നുന്നു. കുറവുകളെല്ലാം തീര്‍ന്ന ഒരു ചന്ദ്രിക സ്വര്‍ഗത്തിലെങ്കിലും പുറത്തിറങ്ങുമെന്നും മേച്ചേരി അവിടെയും പത്രാധിപരായി വരുമെന്നും എനിക്കുമതില്‍ പണി കിട്ടുമെന്നും ചിലനേരങ്ങളിൽ ഞാൻ വെറുതേ വിചാരിക്കും.
    റോബർട്ട് ഫിസ്ക് നോം ചോംസ്കിയെ പുക്ഴ്ത്താൻ പറഞ്ഞ ഒരു വാക്യം (Thank God for Noam Chomsky. Not for his lifetime of eviscerating assaults on our political hypocrisy, but for his linguistics.) ഒരല്പം മാറ്റിയെഴുതി ഈ ഓർമ്മക്കുറി അവസാനിപ്പിക്കാം.
    പടച്ചോനേ നിനക്കു ശുക്ർ..മേച്ചേരിയെ തന്നതിന്. ഞങ്ങളുടെ കാലത്ത് രാഷ്ട്രീയത്തിലെ കപടനാട്യക്കാരുടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ അദ്ദേഹം ഹോമിച്ച ഒരായുഷ്കാലത്തിന്റെ പേരിലല്ല, അതിനദ്ദേഹം ചലിപ്പിച്ച തൂലികയുടെ പേരിൽ..!

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദിയിലെ ഖത്തീഫിൽ ജഡ്ജിയെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കി
    21/08/2025
    രുചിയൂറും നെയ്‌ച്ചോറും ബിരിയാണിയും കിട്ടാക്കനിയാവുമോ? കയമ അരി വില കുതിച്ചുയരുന്നു, കിലോക്ക് 300
    21/08/2025
    ഔദ്യോഗിക വെബ്‌സൈറ്റുകളിലും വ്യാജന്മാർ; പ്രവാസികൾ കരുതിയിരിക്കുക
    21/08/2025
    കെസിഎൽ: ആവേശകരമായ അവസാന ഓവർ പോരാട്ടത്തിൽ കാലിക്കറ്റിനെ ഒരു വിക്കറ്റിന് തോൽപ്പിച്ച് കൊല്ലം
    21/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം: കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ലെന്ന് കെ കെ ശൈലജ
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.