2004-ൽ ഇതുപോലൊരു തെരഞ്ഞെടുപ്പു കാലത്താണ് ഇ.കെ നായനാർ വിടവാങ്ങിയത്. മലയാളിയെ രാഷ്ട്രീയം പഠിപ്പിച്ചും പ്രായോഗിക രാഷ്ട്രീയത്തിൽ മാതൃകയായും ജീവിച്ചു കാണിച്ച സഖാവിന്റെ വിടവ് അക്ഷരാർത്ഥത്തിൽ കേരളത്തിൽ ഇപ്പോഴും മുഴച്ചുനിൽക്കുന്നു. ചിരിച്ചും ചിരിപ്പിച്ചും കൊണ്ടിരുന്ന നായനാരുടെ ഓർമ്മകൾ പോലും കേരളത്തിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് അടങ്ങാത്ത തേങ്ങലാണ് ഇപ്പോഴും നൽകുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ നായനാരോളം ജനകീയനായ നേതാവില്ലായിരുന്നു. ഭാഷയിലും പ്രവൃത്തിയിലും ശുദ്ധനായിരുന്നു അദ്ദേഹം. നായനാർ കടന്നുപോയിട്ട് രണ്ടു പതിറ്റാണ്ടായിട്ടും ഓർമ്മകളിൽ ഒരിടപോലും ഇടവേളയില്ലാതെ അദ്ദേഹം ഇപ്പോഴും നമ്മെ തലോടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലുടനീളം അദ്ദേഹം പുലർത്തിയിരുന്ന ലാളിത്യവും നിഷ്കളങ്കതയുമാണ് മലയാളിയെ ഇപ്പോഴും അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നത്.

സങ്കീർണ്ണമായ പ്രത്യയശാസ്ത്ര പ്രശ്നങ്ങളെല്ലാം നായനാരുടെ മുന്നിലെത്തിയാൽ അതിവേഗം പരിഹരിക്കപ്പെടും. സ്വത്വസിദ്ധമായ ശൈലിയിൽ എന്ത് വിഷയവും ലളിതമായി സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ അദ്ദേഹം പറഞ്ഞുകൊടുക്കും. കേട്ടുക്കൊണ്ടിരിക്കാൻ തന്നെ എന്ത് രസമാണ്. ഏതൊരു ലാളിത്യത്തിലും പാർട്ടിയോടുള്ള കൂറിൽ അദ്ദേഹം വിട്ടുവീഴ്ച ചെയ്തില്ല. ഒന്നാമതും രണ്ടാമതും മൂന്നാമതും അവസാനത്തേതുമെല്ലാം അദ്ദേഹത്തിന് പാർട്ടി മാത്രമായിരുന്നു.
ബാലസംഘത്തിന്റെ പ്രവർത്തകനായാണ് നായനാർ തുടങ്ങിയത്. ദളിത് വിദ്യാർത്ഥികൾക്ക് കല്യാശേരിയിലെ ഹയർ എലിമെൻട്രി സ്കൂളിൽ പ്രവേശനം നിഷേധിച്ചപ്പോൾ പോരാട്ടത്തിന്റെ പടവാളുമായി എ. കെ. ജി യുടെയും കെ. പി. ആറിന്റെയും നേതൃത്വത്തിൽ സമരം ആരംഭിച്ചിരുന്നു. ആ സമരത്തിലേക്കാണ് കുഞ്ഞായിരിക്കെ നായനാർ ചുവടുവെച്ചത്. 1940 ലെ തൊഴിലാളി സമരത്തിൽ പങ്കെടുത്ത് ആദ്യമായി ജയിലിലടക്കപ്പെട്ടു. പിന്നീടുള്ള ജയിൽ ജീവി തങ്ങൾക്ക് തുടക്കമായിരുന്നു ആ അറസ്റ്റ്. മൊറാഴ സംഭവത്തിലും, കയ്യൂർ സമരത്തിലും പങ്കെടുത്തു. കേസിൽ പ്രതിയായ നായനാർ ഒളിവിൽ പോയി.
സുകുമാരൻ എന്ന അപരനാമത്തിൽ കേരള കൗമുദി പത്രത്തിൽ പത്രപ്രവർത്തകനായി ചേർന്നു. നായനാരുടെ പത്രപ്രവർത്തന രംഗത്തേക്കുള്ള കാൽവെപ്പിന്റെ തുടക്കമായിരുന്നു അത്. പിന്നീട് ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ വരെയായി നായനാർ പ്രവർത്തിച്ചു. നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു.

ഒരു സാധാരണ പാർട്ടി മെമ്പറായി പ്രവർത്തനം ആരംഭിച്ച് പതിനൊന്ന് വർഷക്കാലം സംസ്ഥാന സെക്രട്ടറിയായും പോളിറ്റ്ബ്യുറോ മെമ്പറായും പ്രവർത്തിച്ചു.
കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിൽ രണ്ട് തവണ അദ്ദേഹത്തെ തെരെഞ്ഞെടുത്തു. ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ നായനാർ തന്റെതായ പങ്ക് വഹിച്ചു. ഒരു ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം തുടങ്ങിവെച്ച പലപദ്ധതികളും ചരിത്രമായിമാറി. ഇന്ന് നാം അനുഭവിക്കുന്ന ക്ഷേമപെൻഷൻ പദ്ധതികളുടെ തുടക്കം നായനാരിൽ നിന്നായിരുന്നു. ആദ്യമായി ഇന്ത്യയിൽ കർഷകത്തൊഴിലാളികൾക്ക് ക്ഷേമ പെൻഷൻ ആരംഭിച്ചത് നായനാർ ഗവർമെന്റിന്റെ കാലത്തായിരുന്നു.ആദ്യത്തെ ഐ. ടി പാർക്ക് സ്ഥാപിച്ചതും സഖാവിന്റെ ഭരണകാലത്തായിരുന്നു.
ലോകത്തിന്റെ മുന്നിൽ കേരളത്തിന്റെ പേര് വാനോളം ഉയർത്തിയ പദ്ധതിയായിരുന്നു സമ്പൂർണ സാക്ഷരതായഞ്ജം. അക്ഷരങ്ങളുടെ ലോകത്തിലേക്ക് അവസാനത്തെ ആളെയും കൂട്ടികൊണ്ട് വരിക. അന്ന് വരെ അപ്രാപ്യമായിരുന്ന അറിവിന്റെ ലോകം ഒരു ജനതക്ക് മുമ്പിൽ തുറന്നിടുക. മഹത്തായ സമ്പൂർണ സാക്ഷരത പ്രോഗ്രാം കേരളം ഒരു ജനകീയ ഉത്സവമാക്കി നെഞ്ചിലേറ്റി. നായനാർ ഭരണത്തിന്റെ തിലകകുറിയായിരുന്നു ഈ പദ്ധതി.
ഇന്ന് കാണുന്ന കേരത്തിലെ ഗ്രാമങ്ങളുടെ അടിസ്ഥാന വികസനത്തിന് ഒരു മൈൽ കുറ്റിയായി മാറിയ ജനകീയ ആസൂത്രണത്തിന് തുടക്കം കുറിച്ചതും സഖാവ് നായനാർ ആയിരുന്നു. കുടുംബശ്രീ പദ്ധതിയിലൂടെ സ്ത്രീ ശാക്തീകരണത്തിനും, മാവേലി സ്റ്റോറുകളെന്ന ആശയത്തിനെ സാക്ഷാത്കരിച്ചതും നായനാരുടെ ഭരണകാലത്തായിരുന്നു.
കമ്മ്യൂണിസ്റ്റ് നേതാവ്, ഭരണാധികാരി, എഴുത്തുകാരൻ,പത്ര പ്രവർത്തകൻ എന്നീ നിലകളിലൊക്കെ അടയാളപ്പെടുത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.നർമം തുളുമ്പുന്ന ആ പ്രഭാഷണം കേൾക്കാൻ ജനസാഗരമായിരുന്നു നായനാരുടെ യോഗങ്ങളിൽ പങ്കെടുക്കാറ്. കൊണ്ടും, കൊടുത്തും, ചോദ്യങ്ങൾ ചോദിച്ചും, പൊട്ടിച്ചിരിച്ചുമാ യിരുന്നു ആ പ്രഭാഷണം അവസാനിക്കാറ്.
ആ നിഷ്കളങ്കതയും, ലാളിത്യവും കൊണ്ടാണ് സഖാവിനെ കേരളം നെഞ്ചിലേറ്റിയത്. കേരളത്തിന്റെ മനസ്സിൽ കുറിച്ചിട്ട ആ സ്നേഹപ്രകടനമായിരുന്നു ജീവിതത്തിൽ നിന്ന് സഖാവ് തിരിഞ്ഞുനടന്നപ്പോൾ ജനങ്ങൾ നായനാർക്ക് നൽകിയത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ യാത്രയയപ്പായിരുന്നു അത്.
മലയാളത്തിന്റെ മനസ്സിൽ നായനാർ എന്ന മനുഷ്യസ്നേഹിക്ക് മരണമില്ല.