മലയാളത്തില്‍ സംപ്രേഷണം ചെയ്യപ്പടുന്ന നിരവധി ന്യൂസ് ചാനലുകളും മലയാളം ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും പ്രവാസികളുടെ സ്വപ്നത്തില്‍ പോലുമില്ലാതിരുന്ന എണ്‍പതുകളുടെ ആദ്യപാതി.
മലയാള ദിനപത്രങ്ങള്‍ രണ്ടും മൂന്നും ദിവസം കഴിഞ്ഞ് മാത്രം കിട്ടിക്കൊണ്ടിരുന്ന എന്‍റെ പ്രവാസത്തിന്‍റെ ആദ്യ കാലെത്ത ഏക ആശ്രയം അറബ് ന്യൂസ് പത്രമായിരുന്നു. അന്താരാഷ്ട്ര വാര്‍ത്തകള്‍ ഏറ്റവും ഭംഗിയായി ഡിസ്പ്ലേ ചെയ്തിരുന്ന അറബ് ന്യൂസിന്‍റെ ഇന്‍റര്‍നാഷനല്‍ പേജും എഡിറ്റോറിയല്‍ പേജും ഏറെ ആകര്‍ഷക മായിരുന്നു. അവസാന പേജില്‍, പ്രമുഖ ഫലസ്തീനി ജേണലിസ്റ്റായ, ഇപ്പാള്‍ 87 വയസ്സായ, ജിഹാദ് ഖാസ എല്ലാ ദിവസവും എഴുതി വന്നിരുന്ന ‘ഗുഡ്മോണിംഗ്’ എന്ന പംക്തി ഏറ്റവും ആസ്വാദ്യകരമായ വായനാനുഭവമാണ് പകര്‍ന്നുതന്നത്. ഇന്ത്യയിലെ ടാബ്ലോയ്ഡ് ജേണലിസത്തിന്‍റെ ഉദാത്ത മാതൃകയായ ബ്ലിറ്റ്സ് വാരികയില്‍ പ്രമുഖ ഉര്‍ദു കവിയും ബോളിവുഡ് തിരക്കഥാകൃത്തും സംവിധായകനുമായ കെ. എ അബ്ബാസ് എഴുതിവന്നിരുന്ന ‘ലാസ്റ്റ് പേജ് ‘ പോലെ മനോഹരമായിരുന്നു ജിഹാദ് ഖാസന്‍റെ കോളം. പറയാനുള്ള കാര്യങ്ങള്‍ സമഗ്രമായി ചുരുങ്ങിയ വാക്കുകളില്‍ എങ്ങനെ അവതരിപ്പിക്കാമെന്ന് ജേണലിസം വിദ്യാര്‍ഥികള്‍ക്ക് പാഠമാക്കാന്‍ പറ്റിയതായിരുന്നു ‘ഗുഡ്മോണിംഗ്’.
അക്കാലെത്ത അറബ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ഫാറൂഖ് ലുഖ്മാന്‍റെ കോളവും – അതിരുകളില്ലാത്ത ലോകം- അറബ് ന്യൂസില്‍ പതിവായി വന്നിരുന്നു.
ഇന്ത്യയോട് ഏറെ പ്രിയമുള്ള അദ്ദേഹത്തിന്‍റെ ലേഖനങ്ങളധികവും ഇന്ത്യയുമായി ബന്ധെപ്പട്ട വിഷയങ്ങളായിരുന്നു. മൂന്നാറിലെ തേയിലേത്താട്ടവും മുംബൈയിലെ മലബാര്‍ ഹില്ലും ഇന്ദിരാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും സുള്‍ഫിക്കറലി ഭൂട്ടോയുമായുള്ള വിവാദ അഭിമുഖവുമൊക്കെ ഫാറൂഖ് ലുഖ്മാന്‍റെ അതിരുകളില്ലാത്ത ലോകത്തിന്‍റെ വിഷയങ്ങളായിരുന്നു.
എല്ലാ ദിവസവും കോളമെഴുതുകയെന്ന ശ്രമകരമായ ജോലിയാണ്, എഡിറ്റര്‍ഷിപ്പിനോടൊപ്പം അദ്ദേഹം നിര്‍വഹിച്ചത്. അറബ് ന്യൂസ് ഓഫീസ് ഷറഫിയയിലെ പഴയ കെട്ടിടത്തില്‍ – പിന്നീടത് അറബ് ന്യൂസ് വിതരണക്കന്പനിയായ സൗദി ഡിസ്ട്രിബ്യൂഷന്‍ കന്പനി ഓഫീസായി മാറി- പ്രവര്‍ത്തിച്ച അക്കാലത്ത് പഴയ റെമിംഗ്ടണ്‍ ടൈപ്പ് റൈറ്ററിനു മുന്നിലിരുന്ന് അതിവേഗം വിരലുകള്‍ പായിച്ച് ലേഖനം ടൈപ്പ് ചെയ്തിരുന്ന ഫാറൂഖ് ലുഖ്മാന്‍ എന്ന എഡിറ്ററുടെ ചിത്രം അക്കാലെത്ത അറബ് ന്യൂസിലെ ജീവനക്കാരില്‍ നിന്ന് പറഞ്ഞുകേട്ടിരുന്നു. ഇടയ്ക്ക് എഴു ത്തിന് ഭംഗം വരുന്പോള്‍, വിഷയം മുറിഞ്ഞു പോകുന്പോള്‍, ഇടത് ചെറുവിരലിലെ നഖം കടിച്ച് അദ്ദേഹം അതിവേഗം പുറ ത്തിറങ്ങുകയും രണ്ടു ചാല്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് തിരികെ വന്ന് ടൈപ്പിംഗ് തുടരുകയും ചെയ്തതിന്‍റെ രസക
രമായ എത്രയോ അനുഭവങ്ങളാണ് അന്നെത്ത അറബ് ന്യൂസ് സ്റ്റാഫംഗങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ കൗതുകമുള്ള എനിക്ക് വിവരിച്ചുതന്നിരുന്നത്.
1998 ലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സലായിരുന്ന തിരുവനന്തപുരത്തുകാരന്‍ ആര്‍.വി രമണന്‍ എന്നോട് പറഞ്ഞത് അറബ് ന്യൂസിന്‍റെ കീഴില്‍ ഒരു മലയാള ദിനപത്രം ജിദ്ദയില്‍ നിന്ന് അച്ചടിക്കുന്നതിന്‍റെ സാധ്യത ആരായുന്നതായി ഫാറൂഖ് ലുഖ്മാന്‍ അദ്ദേഹേത്താട് പറഞ്ഞ കാര്യം. ഇക്കാര്യം അറബ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ.എസ്. രാംകുമാറും പിന്നീട് എന്നോട് പറഞ്ഞു. രാംകുമാറിനെയാണ് ഇക്കാര്യത്തില്‍ പ്രവാസികളുടെ പ്രതികരണം തേടാനും പത്രത്തിന്‍റെ പരസ്യ- സര്‍ക്കുലേഷന്‍ വിപണന സാധ്യതയെക്കുറിച്ചന്വേഷിക്കാനും ഏല്‍പിച്ചിരുന്നത്. ലുഖ്മാന്‍റെ ഇന്ത്യന്‍ വിസ അന്ന് തന്നെ രമണന്‍സാര്‍ ശരിയാക്കിക്കൊടുക്കുകയും ചെയ്തു.
കെ.എസ്. രാംകുമാറാണ് എന്‍റെ കാര്യം ഫാറൂഖ് ലുഖ്മാനോട് പറയുന്നതും 1998 ഡിസംബര്‍ പത്താം തിയതി അദ്ദേഹം എന്നെ ഓഫീസിലേക്ക് വിളിപ്പിക്കുന്നതും. അന്നുവരെ വായിച്ചറിഞ്ഞ അറബ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫിനെ ആദ്യമായി കണ്ടപ്പാള്‍ തന്നെ അദ്ദേഹത്തിന്‍റെ കുലീനമായ പെരുമാറ്റവും ചടുലമായ ചലനങ്ങളും എന്നെ അത്യധികം ആകര്‍ഷിച്ചു. അധികനേരം അടങ്ങിയിരിക്കാന്‍ അദ്ദേഹത്തിനാവില്ല.
എപ്പോഴും ചലിച്ചുകൊണ്ടേയിരിക്കണം. എന്തെങ്കിലും ചെയ്ത് കൊണ്ടേയിരിക്കണം. അലസന്മാര്‍ക്ക് പറ്റിയ പണിയല്ല പത്രപ്രവര്‍ ത്തനമെന്ന ജേണലിസത്തിന്‍റെ പ്രാഥമികമായ അറിവ് ഇവിടെ ഓര്‍ക്കാം. ചലന വേഗത, മുഴക്കമുള്ള വാക്കുകള്‍, ഉറക്കെയുള്ള പൊട്ടിച്ചിരി… ഇതൊക്കെയാണ് ഫാറൂഖ് ലുഖ്മാന്‍. അര മണിക്കൂറിനകം അദ്ദേഹം ചെയ്ത് തീര്‍ത്ത ജോലി, അത്യുച്ചത്തിലുള്ള ഫോണ്‍ സംഭാഷണം എന്നിവയെല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന എന്നോട് കൂടുതലൊന്നും ചോദിച്ചില്ല. വ്യക്തിപരമായ എന്‍റെ വിശേഷങ്ങളല്ലാതെ. 1999 ജനുവരി ഒന്നാം തിയതി മലയാളം ന്യൂസില്‍ ജോയിന്‍ ചെയ്യാനാവശ്യെപ്പട്ടു. തുടങ്ങാന്‍ പോകുന്ന പത്രത്തിന്‍റെ ആദ്യത്തെ ലോക്കല്‍ സ്റ്റാഫംഗമായി അങ്ങനെ ഞാന്‍ നിയമിതനായി. മാനേജിംഗ് എഡിറ്ററായ എ.എം പക്കര്‍ കോയയെ നേരെത്ത പരിചയമുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത്, മലയാളം ന്യൂസിലേക്കുള്ള സ്റ്റാഫിന്‍റെ റിക്രൂട്ട്മെന്‍റിലായിരുന്നു. അങ്ങനെ രണ്ടു ബാച്ചുകളിലായി നാട്ടില്‍ നിന്ന് തെരമെടുക്കെപ്പട്ട സ്റ്റാഫംഗങ്ങളുമെത്തി. ഇതോടെ മലയാളം ന്യൂസിന്‍റെ എഡിറ്റോറിയല്‍ വിഭാഗം സജീവമായി.
ഇന്ത്യക്ക് പുറത്ത് നിന്ന് അച്ചടിക്കുന്ന ആദ്യത്തെ സന്പൂര്‍ണ മലയാള ദിനപത്രമായ മലയാളം ന്യൂസ് പിറവിയെടുത്തു. 1999 ഏപ്രില്‍ 16 ന്‍റെ പുലരിയില്‍, ആകാംക്ഷയോടെ കാത്തിരുന്ന പ്രവാസികളത്രയും മലയാളം ന്യൂസിനെ വരവേറ്റു. തലേദിവസെത്ത അറബ് ന്യൂസ് പത്രത്തിന്‍റെ ഫുള്‍പേജ് പരസ്യം – മലയാളം ന്യൂസ് എന്ന മാസ്റ്റ്ഹെഡിലുള്ള പത്രത്തിന്‍റെ ചാരുഭംഗിയില്‍ നിവര്‍ന്നുവരുന്ന ചുരുള്‍ – അതിലെ ഇംഗ്ലീഷ് വാചകം: വി ആര്‍ ടോക്കിംഗ് ഇന്‍ യുവര്‍ ലാംഗ്വേജ്… അത് കാണ്‍കെ, സത്യത്തില്‍ സേന്താഷം കൊണ്ട് എന്‍റെ കണ്ണുകള്‍ നനഞ്ഞു. എന്ത് മാറ്റിവെ ച്ചാലും പത്രവായന മാറ്റിവെക്കാന്‍ സാധിക്കാത്ത മലയാളി മനസ്സുകളിലേക്കുള്ള ‘മലയാളം ന്യൂസി’ ന്‍റെ ഐതിഹാസികമായ രംഗപ്രവേശം – അതായിരുന്നു. 1999 ഏപ്രില്‍ 16. വേഗത, വിശ്വസ്തത, ആധികാരികത – ഇതാണ് മലയാളം ന്യൂസിനെ എക്കാലത്തും പ്രവാസലോകെത്ത ജനപ്രിയ മാധ്യമമായി നിലനിര്‍ത്തിപ്പോന്നത്. പ്രവാസികളുടെ ഹൃദയം തൊട്ടറിമ വിജയകരമായ രണ്ടു വ്യാഴവട്ടം.
വായനയുടെ പുതിയൊരു സംസ്കാരമാണ് മലയാളം ന്യൂസ് പ്രവാസികള്‍ക്ക് പകര്‍ന്നേകിയത്. ഈ പത്രത്തിന്‍റെ എല്ലാമെല്ലാമായ ഫാറൂഖ് ലുഖ്മാന്‍ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹത്തിന് ശേഷം, അറബ് ലോകെത്ത ഏറ്റവും നല്ല ജേണലിസ്റ്റും കോളമിസ്റ്റുമായ താരീഖ് മിശ്ഖസാണ് മലയാളം ന്യൂസിനെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സുധീരം മുന്നോട്ടു നയിച്ചത്. കേരളത്തിനു പുറത്ത് കേരളം സൃഷ്ടിച്ചവരാണ് ഗള്‍ഫ് പ്രവാസികള്‍. ഗള്‍ഫില്‍ മലയാളഭാഷയും സംസ്കാരവും ആകാശേത്താളം ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. ഗള്‍ഫിന്‍റെ ഓരോ കോണിലും വാരാന്ത്യ അവധിദിനങ്ങളില്‍ പതിവായി സാഹിത്യചര്‍ ച്ചകളും സാംസ്കാരിക സമ്മേളനങ്ങളും ചലച്ചിത്ര പ്രദര്‍ശനങ്ങളും കവിയരങ്ങുകളും നാടകങ്ങളും അരങ്ങേറുന്നു. മലയാളനാടിനു വെളിയില്‍ മറ്റൊരു കേരളീയ സാംസ്കാരിക അന്തര്‍ലോകം പണിതുയര്‍ത്തുന്നു, ഭാഷ മറക്കാത്ത മലയാളി.
ഗള്‍ഫിലെ ഇന്ത്യന്‍ സ്കൂളുകളില്‍ മക്കളെ മലയാളം പഠിപ്പിക്കാന്‍ അതീവതാല്‍പര്യം കാട്ടുന്നു, പല രക്ഷിതാക്കളും. മലയാളം റേഡിയോ നിലയങ്ങളും ടി.വി സംപ്രേഷണ ശൃംഖലകളും ഗള്‍ഫ് എഡിഷനുകളും മലയാളത്തിനു മാത്രമായി ഗള്‍ഫ്നാടുകളില്‍ പ്രവര്‍ത്തിക്കുന്നു. സൗദിയില്‍ മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ എഫ്.എം റേഡിയോ വരുന്നു.
സ്വപ്നസമാനമായ ഈ ധൈഷണിക വിപ്ലവത്തിനെല്ലാം നാന്ദി കുറിച്ച അച്ചടി- ഓണ്‍ലൈന്‍ മാധ്യമമാണ്, ഇന്ത്യക്ക് പുറത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന, ആദ്യ സന്പൂര്‍ണ മലയാളദിനപത്രമായ മലയാളം ന്യൂസ്. മലയാളം ന്യൂസ് 1999 ഏപ്രില്‍ 16 ന് ഗള്‍ഫ് മലയാളിയുടെ കൈകളിലെത്തിയതോടെയാണ് ഈ അനന്ത സാധ്യതയെക്കുറിച്ച് പലരും ചിന്തിച്ചത് പോലും.
വിജയവീഥിയിലെ ഈ വിസ്മയങ്ങള്‍ക്ക് പിന്നില്‍ അര്‍പ്പണത്തിന്‍റെ അതിശയെപ്പരുമ. മലയാള ഭാഷയേയും കേരളീയ സംസ്കൃതിയേയും ചേര്‍ത്ത് നിര്‍ത്തുന്ന പ്രവാസി സഹൃദയര്‍ എക്കാലത്തും മലയാളം ന്യൂസിനൊപ്പം. കേരളെത്ത പുറംലോകേത്തക്ക് പറിച്ചുനട്ട, അറബ്നാട്ടില്‍ കേരളപ്പെരുമ തീര്‍ ത്ത മലയാളിയുടെ സേന്താഷ സൗഹൃദങ്ങളുടെ സ്പന്ദമാപിനി. അതാണ് മലയാളം ന്യൂസ്. ഫീച്ചറുകള്‍. ബിസിനസ്, ഇന്‍ഫോ പ്ലസ്, സിനിമ, സഞ്ചാരം, കുടുംബം, സ്പോര്‍ട്സ് അറീന എന്നീ വാരാന്ത സ്പെഷ്യല്‍ പേജുകള്‍. എഴുതിത്തെളിഞ്ഞവരുടേയും എഴുതി ത്തുടങ്ങുന്നവരുടേയും സര്‍ഗഭൂമികയായ മലയാളം ന്യൂസ് സണ്‍ ഡേ പ്ലസ്. പ്രവാസത്തിന്‍റെ വെയില്‍ച്ചൂടേറ്റ് കൂന്പടഞ്ഞു പോകുമായിരുന്ന നൂറുക്കണക്കിനാളുകളുടെ കലയേയും സാഹിത്യേത്തയും എഴുത്തിനിരുത്തി നട്ടുനനച്ച് വളര്‍ത്തിയെടുത്ത പത്രം- അത് മലയാളം ന്യൂസല്ലാതെ മറ്റൊന്നല്ല.
പ്രവാസിയുടെ പ്രഭാതങ്ങളെ പ്രസാദമധുരമാക്കുന്ന സാംസ്കാരിക ചലനങ്ങള്‍ക്കാണ് ഓരോ ഗള്‍ഫ് രാജ്യവും കണ്ണുംകാതും കൂര്‍പ്പിച്ച് സദാ സാക്ഷ്യം വഹിക്കുന്നത്. ആ ചലനങ്ങളത്രയും ഒപ്പിയെടുക്കുന്ന വാസ്തവങ്ങളുടെ വാല്‍ക്കണ്ണാടി കൂടിയാണ് മലയാളം ന്യൂസ്.
മലയാളിയുടെ മുറിഞ്ഞുപോകാത്ത ഗള്‍ഫ് സ്വപ്നശൃംഖല പോലെ, മാധ്യമലോകത്തിന് മായാമുദ്ര ചാര്‍ത്തി, മലയാളിയുടെ മനസ്സിലെ അക്ഷര മധുരമായി, ഓര്‍മ്മയിലെന്നും മലയാളി ഒപ്പം ചേര്‍ത്ത് നിര്‍ത്തിയ പത്രം – അത് മലയാളം ന്യൂസല്ലാതെ മറ്റൊന്നല്ല.