പാലോളി, ആളൂര്‍, കദളിക്കാട്…
വാര്‍ത്തയെഴുത്തിന്റെ മൂവര്‍ കാലം: ചില ഓര്‍മകളിലൂടെ..
മലപ്പുറത്തെ ദേശാഭിമാനി ലേഖകന്‍ പാലോളി കുഞ്ഞിമുഹമ്മദ് ഇന്ന് വെളുപ്പിന് വിട വാങ്ങിയതോടെ, മലപ്പുറം ജില്ലാ ആസ്ഥാനത്തെ ഏറ്റവും സുന്ദരമായ ഒരു പത്രപ്രവര്‍ത്തന കാലഘട്ടത്തിനാണ് യവനിക വീണത്. പാലോളി മുഹമ്മദ് കുട്ടിയെന്ന സീനിയര്‍ പാലോളിയുടെ ലാളനയേറ്റാണ് ബന്ധുവായ പാലോളി കുഞ്ഞിമുഹമ്മദ് ഡി.വൈ.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.വൈ.എഫ് വഴി ദേശാഭിമാനി ലേഖകനായി മലപ്പുറത്തിന്റെ ഹൃദയമിടിപ്പുകള്‍ക്കൊപ്പം ഇക്കാലമത്രയും സഞ്ചരിച്ചുപോന്നത്. പാര്‍ട്ടി പ്രവര്‍ത്തനവും പാര്‍ട്ടി പത്രപ്രവര്‍ത്തനവും രണ്ടല്ലെന്ന് നിരവധി ജനകീയ സമരങ്ങളുടെ മുന്‍പന്തിയില്‍ നിലയുറപ്പിച്ച ആ സൗമ്യമുഖം പല ഘട്ടങ്ങളിലായി തെളിയിച്ചതിന് പലരും സാക്ഷിയാണ്. പോരാട്ടവീഥികളില്‍ എന്നും കുഞ്ഞിമുഹമ്മദുണ്ടായിരുന്നു. വാര്‍ത്തയെഴുത്തില്‍ ആ സമരത്തിന്റെ മുഴുവന്‍ തുടിപ്പുകളുമുണ്ടാകും. മൗനം പുരണ്ട മന്ദസ്മിതങ്ങള്‍ക്കിടയിലും പോരാളിയായ ഒരു സഖാവിനെ കാണാം. മലപ്പുറം നഗരസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോഴും ഇടത്പക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള പ്രചാരണങ്ങളുടെ മുന്‍നിരയിലുണ്ടാകുമ്പോഴെല്ലാം ആ സമരവീര്യം കാണാന്‍ എനിക്കും സാധിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയുടെ രൂപവല്‍ക്കരണത്തിനു ശേഷം മലയാള മനോരമയുടെ ബ്യൂറോ ചീഫുമാരായി പല കാലഘട്ടങ്ങളില്‍ വന്നവരായിരുന്നു ടി.എച്ച്. കോടമ്പുഴ, എം.എസ്. ശ്രീധരന്‍, മാത്യു മണിമല, ജോയ് ശാസ്താംപടിക്കല്‍, മാത്യു കദളിക്കാട് എന്നിവര്‍. മലപ്പുറത്ത് മനോരമ യൂണിറ്റാരംഭിക്കുന്നത് വരെ മാത്യു കദളിക്കാടായിരുന്നു അവരുടെ ജില്ലാ ലേഖകന്‍. മാതൃഭൂമിയുടെ ജില്ലാ ലേഖകന്‍ കെ. ചന്ദ്രബാലന്‍ നായര്‍, കോട്ടക്കലില്‍ മാതൃഭൂമി യൂണിറ്റാരംഭിക്കുന്നത് വരെ തുടര്‍ന്നു. അത് പോലെയായിരുന്നു ജനയുഗത്തിന്റെ ആളൂര്‍ പ്രഭാകരനും ദേശാഭിമാനിയുടെ പാലോളി കുഞ്ഞിമുഹമ്മദും. മാതൃഭൂമിയില്‍ ഇടക്കാലത്ത് കെ. അബ്ദുല്ല വന്നിരുന്നെങ്കിലും ചന്ദ്രബാലന്‍ നായര്‍ കോഴിക്കോട് ഡസ്‌കിലേക്ക് മാറും വരെ അദ്ദേഹം തന്നെയായിരുന്നു മലപ്പുറം മാതൃഭൂമിയുടെ മേല്‍വിലാസത്തില്‍ അറിയപ്പെട്ടിരുന്നത്. മനോരമ, ജനയുഗം, ദേശാഭിമാനി മൂവര്‍ സംഘത്തോടൊപ്പം ചന്ദ്രബാലന്‍ നായരുടെ കൂട്ടുചേരല്‍ ഏറെക്കുറെ നിശ്ശബ്ദമായായിരുന്നു. ഇവര്‍ സൃഷ്ടിച്ച മനോഹരമായൊരു പത്രപ്രവര്‍ത്തക കൂട്ടായ്മയുടെ ഹരം പലപ്പോഴായി അനുഭവിച്ചറിയാന്‍ എനിക്കും ഭാഗ്യം ലഭിച്ചിട്ടുണ്ട്. മാത്യു കദളിക്കാടിന്റെ നര്‍മം പുരണ്ട സംഭാഷണങ്ങള്‍, ഇടയ്ക്കിടെ മൂക്ക് പൊടി വലിച്ച് തമാശയാണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ അല്‍പം താമസമെടുക്കുന്ന ചന്ദ്രബാലേട്ടന്‍, പബ്ലിസിറ്റിയുടെ പിറകെ നടക്കുന്ന നേതാക്കളെപ്പറ്റി കുറിയ്ക്ക് കൊള്ളുന്ന തമാശകള്‍ പൊട്ടിക്കുന്ന ആളൂര്‍ പ്രഭാകരന്‍, എല്ലാവരുടേയും തമാശ ആസ്വദിക്കുകയും ഒപ്പം അച്ചടക്കമുള്ള പാര്‍ട്ടി കേഡറാണെന്ന വിശ്വാസം കാത്ത് സൂക്ഷിക്കുകയും ചെയ്ത പാലോളി കുഞ്ഞിമുഹമ്മദ്… പിന്നാലെ മലപ്പുറം പത്രലോകത്തേക്ക് പിച്ച വച്ചെത്തിയ വി.കെ ഉമര്‍ (സിറാജ്), സി.പി. സെയ്തലവി (ചന്ദ്രിക), സുരേഷ് എടപ്പാള്‍ (ജനയുഗം).. ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച ജേണലിസ്റ്റ് സംഘബോധവും മലപ്പുറം പ്രസ് ക്ലബ്ബുമെല്ലാം പില്‍ക്കാലകഥകള്‍.
പാലോളി കുഞ്ഞിമുഹമ്മദിന്റെ ബൈലൈനില്‍ വന്ന നിരവധി ഒന്നാം പേജ്
സ്റ്റോറികള്‍ ഓര്‍മയിലുണ്ട്. യു.ഡി.എഫ് ഭരണകാലത്തെ ചില കെടുകാര്യസ്ഥതകള്‍, മലപ്പുറം വെടിവെപ്പ്, നിലമ്പൂര്‍ ആദിവാസി പ്രശ്നങ്ങള്‍, തിരൂര്‍ താലൂക്കിലെ അവികസിത പ്രദേശങ്ങളെപ്പറ്റിയുള്ള സ്പെഷ്യല്‍ ഫീച്ചറുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. പക്ഷപാതമില്ലാത്ത വാര്‍ത്തകള്‍ ഫയല്‍ ചെയ്യുമ്പോഴും മുസ്ലിംലീഗിന്റേയും കോണ്‍ഗ്രസിന്റേയും ജില്ലാ നേതാക്കളുമായി നല്ല സൗഹൃദം പുലര്‍ത്തിയ പത്രക്കാരനായിരുന്നു പാലോളി കുഞ്ഞിമുഹമ്മദ്. ഇ.കെ. ഇമ്പിച്ചിബാവ, കെ. സെയ്താലിക്കുട്ടി, പാലോളി മുഹമ്മദ് കുട്ടി എന്നിവരുമായുള്ള വ്യക്തിപരമായ ബന്ധം കുഞ്ഞിമുഹമ്മദിന് നിരവധി വാര്‍ത്തകളുടെ സ്രോതസ്സായി. ചില വാര്‍ത്തകളൊക്കെ അദ്ദേഹം മാത്യു കദളിക്കാടുമായി ഷെയര്‍ ചെയ്യുന്നതിന് ഞാനും സാക്ഷിയായിരുന്നിട്ടുണ്ട്. എ.കെ.ജി മലപ്പുറത്ത് വന്നാല്‍ ആദ്യം അന്വേഷിച്ചിരുന്നത് മനോരമ ലേഖകന്‍ ജോയ് ശാസ്താംപടിക്കലിനെയായിരുന്നു. അവര്‍ തമ്മില്‍ അത്രയും ആഴമേറിയ ആത്മബന്ധമായിരുന്നുവെന്ന് കുഞ്ഞിമുഹമ്മദിനറിയാം. മിക്കവാറും എ.കെ.ജിയുടെ ഉച്ചയൂണ് ജോയിയുടെ മഞ്ചേരി റോഡിലെ വാടകവീട്ടിലായിരിക്കും. എ.കെ.ജിയെ അനുഗമിച്ചിരുന്നത് പലപ്പോഴും പാലോളി കുഞ്ഞിമുഹമ്മദായിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ഇമ്പിച്ചിബാവ, പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗം കഴിഞ്ഞ് പൊന്നാനിയിലേക്കുള്ള അവസാനബസിന് കാത്തിരിക്കുമ്പോള്‍ എപ്പോഴും ഒപ്പമുണ്ടാവുക കുഞ്ഞിമുഹമ്മദാകും.
ആളൂര്‍ പ്രഭാകരന്‍ (വേര്‍പാട്- 2022 മാര്‍ച്ച് 14)
എഴുപതുകളുടെ അവസാനം മലപ്പുറം കോട്ടപ്പടി മൈതാനത്തായിരുന്നു ആളൂര്‍ പ്രഭാകരനുമായുള്ള ആദ്യ കൂടിക്കാഴ്ച. സി. പി. ഐ യുടെ സുവര്‍ണ കാലം. മുഖ്യമന്ത്രി സി. അച്യുതമേനോന്‍ പങ്കെടുത്ത സമ്മേളനശേഷം, ആയിടെ രൂപം കൊണ്ട ജനതാ തിയേറ്റേഴ്സിന്റെ ബാനറില്‍ അരങ്ങേറിയ നാടകം, ‘തീക്കുടുക്ക’ ഏറെ ശ്രദ്ധേയമായി. ആ നാടക സമിതിയുടെ പ്രധാനശില്‍പി ആളൂര്‍ പ്രഭാകരനായിരുന്നു. നിലമ്പൂര്‍ ബാലന്‍, വിജയലക്ഷ്മി, മുന്‍ മുസ്ലിം ലീഗ് എം. എല്‍. എ കൂടിയായ, പഴയ സി. പി. ഐ നേതാവ് കെ. എന്‍. എ ഖാദര്‍ തുടങ്ങിയ അഭിനേതാക്കള്‍, നാടകം ഗംഭീരമാക്കി. ജനതാ തിയേറ്റേഴ്സിന് സമാന്തരമായി പാര്‍ട്ടി പത്രപ്രവര്‍ത്തനവുമായി ജനയുഗം ലേഖകനായ ആളൂര്‍ പ്രഭാകരന്‍, മലപ്പുറത്തെ എല്ലാ രാഷ്ട്രീയക്കാരുടെയും പത്രപ്രവര്‍ത്തകരുടെയും ഇഷ്ടക്കാരനായി. മലപ്പുറം പ്രസ് ക്ലബ് സ്ഥാപക പ്രസിഡണ്ടായി. നര്‍മം പുരണ്ട സംഭാഷണം, ആളൂരിന്റെ സവിശേഷതയായിരുന്നു. പിന്നീട് പാര്‍ട്ടി ഓഫീസിലും പാര്‍ട്ടി പരിപാടികളിലും മറ്റും ആ സ്നേഹ സൗഹൃദം എനിക്ക് ഏറെ അനുഭവിക്കാനായി. ആയിടെ കലാകൗമുദിയില്‍ ഞാനെഴുതിയ ‘ചേത:ശ്രുതികളുടെ സാമമന്ത്രം’ എന്ന ലേഖനത്തിലെ (മേല്‍പ്പത്തൂര്‍ ഭട്ടതിരിയെ കുറിച്ച് ) ചില ചെറിയ പിശകുകള്‍, ആ നാട്ടുകാരനും – (തിരുന്നാവായ കുറുമ്പത്തൂര്‍) – പുരാണകഥകളില്‍ ജ്ഞാനിയുമായ ആളൂര്‍ അന്ന് ചൂണ്ടിക്കാട്ടി. അക്ഷരശ്ലോകങ്ങളില്‍ അതീവ തല്‍പരനായിരുന്ന ഈ കമ്യൂണിസ്റ്റുകാരന്‍, മേല്പത്തൂര്‍ സ്മാരക സമിതി സാരഥിയുമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളുടെ ചര്‍ച്ച ഇടയ്ക്ക് വിരസമാകുമ്പോള്‍, സി. പി. ഐ മലപ്പുറം ജില്ലാ കൌണ്‍സില്‍ ഓഫീസിന്റെ തൊട്ടു മുമ്പിലുള്ള അലവിക്കാക്കയുടെ ചുടുചായ – പരിപ്പ് വടയ്ക്ക് അനുസാരിയായി ആളൂര്‍ പ്രഭാകരന്റെ പതിഞ്ഞ സ്വരത്തിലുള്ള, നല്ല നിലവാരമുള്ള ഉഗ്രന്‍ തമാശകളുടെ പൂത്തിരി കത്തുമായിരുന്നു. അതോടെ സംഗതികള്‍ സരസമാകും. പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി. എന്‍. പ്രഭാകരന്‍ കൂടി ഉണ്ടെങ്കില്‍ സംഭവം കലക്കും. ബലികുടീരങ്ങളെ… അദ്ദേഹം നീട്ടിപ്പാടും. ജനയുഗം ചീഫ് എഡിറ്റര്‍ കാമ്പിശ്ശേരി കരുണാകരനെ എനിക്ക് പരിചയപ്പെടുത്തിത്തന്നതും ആളൂര്‍ പ്രഭാകരനായിരുന്നു. ഹൃദയം നിറയെ മധുരമുള്ള കുറെ നല്ല ഓര്‍മകള്‍. അനുഭവങ്ങള്‍.
മാത്യു കദളിക്കാട് ( വേര്‍പാട് – 2023 മാര്‍ച്ച് 14)
കിഴക്കന്‍ ഏറനാട്ടിലെ കരുളായിയില്‍ നിന്ന് കൊടുംകാട്ടിലൂടെ നാഴികകളോളം കാല്‍നട യാത്ര ചെയ്ത് കലര്‍പ്പേശാത്ത ദ്രാവിഡ സംസ്‌കൃതിയുടെ കാമ്പും കരുത്തും വേരോടി നിന്ന ചോലനായ്ക്കര്‍ എന്ന ഗോത്രവിഭാഗത്തിന്റെ വിചിത്രമായ ജിവിതകഥ എഴുതിയ ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് മാത്യു കദളിക്കാട്. കാട്ടുതേന്‍പലകയുമായി ഇടയ്‌ക്കൊക്കെ മലയിറങ്ങി മഞ്ചേരിചന്തയില്‍ വരാറുള്ള അറനാടന്‍ ഗോത്രസമൂഹത്തിന്റെ പ്രതിനിധിയായ ആളന്‍ എന്ന നാടന്‍പാട്ടുകാരന്‍ ആദ്യം പറഞ്ഞറിഞ്ഞാണ് മാത്യുവും മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ ടി. നാരായണനും എഴുപതുകളുടെ ആദ്യപാതിയില്‍ ചോലനായ്ക്കരെത്തേടിപ്പോയത്. ഇരുട്ടിന്റെ തുരുത്തിലേക്കുള്ള കഠിനസഞ്ചാരമായിരുന്നു അത്. അന്നോളം പുറംലോകം കണ്ടിട്ടില്ലാത്ത, മലയാളമറിയാത്ത, മൈസൂരിലെ ഏതോ മലയിടുക്കില്‍ നിന്നിറങ്ങിവന്ന് കരുളായി ഗ്രാമത്തിന് ഇരുപതിലധികം കിലോമീറ്ററകലെ മാഞ്ചീരി മലയിടുക്കിലെ ഗുഹകളില്‍ വാസമുറപ്പിച്ച ആ മനുഷ്യരില്‍ ചിലരെ കണ്ടതും അവരുടെ പടമെടുത്തതും ആ കഥ പരമ്പരയായി പ്രസിദ്ധീകരിച്ച് മനോരമയ്ക്ക് അസാധാരണ ക്രെഡിറ്റ് സമ്മാനിച്ചതും മാത്യു കദളിക്കാടിന്റെ മാധ്യമജീവിതത്തിലെ വഴിത്തിരിവായി മാറി. സ്വന്തം ഭാര്യയേയും ഭാര്യാസഹോദരനെയും ഒഴികെ ആരെയും ചോലനായ്ക്കര്‍ വിശ്വസിക്കില്ലത്രേ! പാറപ്പൊത്തുകളില്‍ നിന്നോ മരങ്ങളില്‍ നിന്നോ തേനെടുക്കാന്‍ ചേട്ടനനിയ•ാര്‍ ഒരുമിച്ചു പോകാറില്ല കാരണം, ഭാര്യയെ തട്ടിയെടുക്കാന്‍ വേണ്ടി അപായപ്പെടുത്തിയാലോ എന്ന ഭയംതന്നെ! മേലോട് ചതച്ച പോളിയെടുത്ത്, ചെങ്കുത്തായ പാറയുടെ മുകളില്‍നിന്നു താഴേക്കു ഊഞ്ഞാല് കെട്ടും. ഭര്‍ത്താവ് ജീവന്‍ പണയപ്പെടുത്തി ഊഞ്ഞാലില്‍ ആടിയാടി തേനെടുക്കുമ്പോള്‍ പാറയുടെ മുകളില്‍ ഭാര്യ ധ്യാനിച്ചു നില്‍ക്കും! താഴെ ഭാര്യയുടെ സഹോദരന്‍ കാവലിരിക്കും. കൂറ്റന്‍ മരങ്ങളില്‍ മുളയേണി വെച്ചു കെട്ടി തേനെടുക്കാന്‍ കയറുമ്പോഴും ഭാര്യ പ്രാര്‍ത്ഥനയോടെ താഴെയുണ്ടാവും…
അടിസ്ഥാനപരമായി കര്‍ഷകകുടുംബാംഗമായ മാത്യു എല്ലാ അര്‍ഥത്തിലും കഠിനാധ്വാനിയായിരുന്നു. അലസവേളകളിലെ സ്റ്റോറിയെഴുത്തിനും പ്രസ്‌ക്ലബ് വിനോദങ്ങള്‍ക്കും ഇന്ന് കാണുന്ന വാര്‍ത്തകളുടെ ഷെയറിംഗിനുമൊന്നും അദ്ദേഹത്തെ കിട്ടാറില്ലായിരുന്നു. സംഭവങ്ങള്‍ നേരിട്ടുപോയി റിപ്പോര്‍ട്ട് ചെയ്യുകയും അതിന് പരമാവധി വ്യതിരിക്തതയുണ്ടാക്കുകയും ചെയ്തു അദ്ദേഹം. മനോരമയോടുള്ള കൂറ് അന്ത്യം വരെ തുടര്‍ന്നു.
അഖിലേന്ത്യാ യുവജനഫെഡറേഷന്‍ (എ.ഐ.വൈ.എഫ്) പ്രവര്‍ത്തനവുമായി നടന്നിരുന്ന കാലത്ത് ചില സംഘടനാവാര്‍ത്തകള്‍ നല്‍കാന്‍ മഞ്ചേരിയിലെ മനോരമ സബ് ഓഫീസില്‍ പോകുമായിരുന്നു. അക്കാലത്താണ് മാത്യുവുമായി പരിചയം തുടങ്ങുന്നത്. പിന്നീടത് നിതാന്തസൗഹൃദമായി മാറി. അക്ഷരാര്‍ഥത്തില്‍തന്നെ സഹോദരതുല്യമായ അടുപ്പം. ഉടുപ്പിലും നടപ്പിലും പ്രൗഢി കാത്ത് സൂക്ഷിച്ച മാന്യനായിരുന്നു അദ്ദേഹം. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി മാത്യു കളങ്കമില്ലാത്ത ചങ്ങാത്തം സ്ഥാപിച്ചു. മഞ്ചേരിയില്‍ നിന്ന് മലപ്പുറം ജില്ലാ ബ്യൂറോയിലെത്തിയതോടെ മനോരമ എന്നാല്‍ മലപ്പുറത്തുകാര്‍ക്ക് മാത്യുവായി. അവരില്‍ ചിലരെങ്കിലും മനോരമയുടെ സാക്ഷാല്‍ കെ.എം. മാത്യുവുമായി ഈ മാത്യുവിനെ തെറ്റിധരിക്കുക പോലുമുണ്ടായി. അവരുടെയെല്ലാം കണ്ണില്‍ മനോരമയുടെ പര്യായമായിരുന്നു മാത്യു. മലപ്പുറത്ത് മനോരമയുടെ യൂണിറ്റാരംഭിക്കുന്നത് വരെ ആ പത്രത്തിന്റെ ഏജന്‍സിയും സര്‍ക്കുലേഷനും വാര്‍ത്താവിഭാഗവുമെല്ലാം കൈകാര്യം ചെയ്യുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. ഏജന്റുമാര്‍ പലയിടത്തും പ്രാദേശിക ലേഖകരായി മാറിയതും അവരില്‍ നിന്ന് കിടിലന്‍ വാര്‍ത്തകള്‍ ലഭിച്ചതുമെല്ലാം മാത്യുവിന്റെ ജനകീയശൈലിയും സാധാരണജനങ്ങളോടുള്ള സൗഹൃദവും കൊണ്ട് കൂടിയായിരുന്നു.
മലപ്പുറത്തിന്റെ വികസനത്തില്‍ മനോരമയും മാത്യുവും വഹിച്ച പങ്ക് പഴയ തലമുറയിലുള്ളവര്‍ക്ക് മറക്കാനാവില്ല. മലപ്പുറം ജില്ലയിലെ മനോരമയുടെ പ്രചാരക്കുതിപ്പിനു പിറകിലെ രഹസ്യവും അതാണ്. ലോക്കല്‍ സ്റ്റോറികളുടെ പ്രാധാന്യം കോഴിക്കോട് ന്യൂസ് ഡസ്‌കിന് പങ്ക് വെച്ചതില്‍ മാത്യുവിന്റെ ഇടപെടല്‍ വലുതാണെന്ന് അക്കാലത്ത് പലപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എനിക്കറിയാം.
സര്‍ക്കാരോഫീസുകളിലെ ശിപായിമാര്‍ മുതല്‍ മാറി വരുന്ന ജില്ലാ കലക്ടര്‍മാരും എസ്.പിമാരുമുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ മുഴുവന്‍ മാത്യുവിന്റെ ന്യൂസ് സോഴ്‌സുകളായിരുന്നു. മലപ്പുറം ടൗണിലെ സാധാരണക്കാരുടെ ഉറ്റ തോഴനായിരുന്ന മാത്യു, അവരുടെ ഓരോ കാര്യങ്ങളിലും സജീവശ്രദ്ധ പതിപ്പിക്കുകയും പല തരത്തിലുള്ള ശുപാര്‍ശയുമായി വരുന്നവരെ ആത്മാര്‍ഥമായി സഹായിക്കുകയും ചെയ്ത എത്രയോ അനുഭവങ്ങളുണ്ട്. ജില്ലയിലെ ചെറുതും വലുതുമായ രാഷ്ട്രീയനേതാക്കള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരായിരുന്നു. പല പൊളിറ്റിക്കല്‍ സ്‌കൂപ്പുകളും അടിച്ചെടുക്കാന്‍ ഈ സൗഹൃദം നിമിത്തമായി. നേതാക്കളുടെ പ്രസ്താവനകളും പ്രഖ്യാപനങ്ങളുമൊക്കെ പ്രസിദ്ധീകരണത്തിന് കൊടുക്കുന്നതിനു മുന്നോടിയായി ആദ്യം അംഗീകാരത്തിനായി കാത്ത് കിടന്നിരുന്നത് മനോരമ ബ്യൂറോയില്‍ മാത്യുവിന്റെ മേശപ്പുറത്തായിരുന്നു.
എന്റെ ആദ്യഗള്‍ഫ് പ്രവാസത്തിന് സംഭവിച്ച ഇടവേളയില്‍ മാത്യുവും മനോരമ മലപ്പുറം ബ്യൂറോയും എന്റെ വിരസദിനങ്ങളെ അകറ്റുകയും സംസ്ഥാന മാപ്പിള കലാമേള, ജമാഅത്തെ ഇസ്ലാമിയുടെ ഹിറാ നഗര്‍ സമ്മേളനം തുടങ്ങി പല സ്റ്റോറികളും തയാറാക്കാനുള്ള അസൈന്‍മെന്റ് ഏല്‍പിക്കുകയും ചെയ്തതിന്റെ പിന്നിലും മാത്യുവുണ്ടായിരുന്നു.
പാണക്കാട് കുടുംബവുമായും പി.കെ. കുഞ്ഞാലിക്കുട്ടിയുമായും മാത്യുവിനുണ്ടായിരുന്ന അടുപ്പം ഏറെ ദൃഢമായിരുന്നു. കുഞ്ഞാലിക്കുട്ടി മലപ്പുറം നഗരസഭാംഗമായും ചെയര്‍മാനായും ഉദിച്ചുവന്ന നാളുകളില്‍ മാത്യുവായിരുന്നു ഈ സംഭവങ്ങളുടെയെല്ലാം മാസ്റ്റര്‍ബ്രെയിന്‍ എന്ന് അക്കാലത്തെ മലപ്പുറം നഗരസഭാ കൗണ്‍സിലിലെ ചില നാടകീയ നീക്കങ്ങള്‍ക്ക് ദൃക്‌സാക്ഷിയായിരുന്ന എനിക്കറിയാം. പിന്നീട് എം.എല്‍.എയായും മന്ത്രിയായുമുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രകാശവേഗതയിലുള്ള കുതിച്ചുകയറ്റത്തിന്റെ രാസത്വരകം മനോരമയും മാത്യുവുമായിരുന്നുവെന്ന് പറഞ്ഞാല്‍ അതൊരതിശയമാവില്ല. പത്രത്തിന്റെ ഡെയിലി ഷെഡ്യൂള്‍ നല്‍കുന്ന ഒമ്പത് മണി കഴിഞ്ഞാല്‍ എല്ലാ പ്രഭാതങ്ങളിലും കുഞ്ഞാലിക്കുട്ടിയുടെ ഫോണ്‍കോള്‍ മാത്യുവിനെത്തേടിയെത്തും. അതാത് ദിനങ്ങളിലെ പരിപാടികള്‍, വാര്‍ത്തകള്‍, പ്രസ്താവനകള്‍, നഗരസഭയെ ബാധിക്കുന്ന വികസനപ്രശ്‌നങ്ങള്‍… എല്ലാം അവരുടെ വിഷയമായിരിക്കും. ചില അവസരങ്ങളില്‍ ഈ സംഭാഷണങ്ങള്‍ക്കൊക്കെ ഞാനും സാക്ഷിയായിരുന്നിട്ടുണ്ട്. ഇരുവര്‍ക്കുമിടയില്‍ അത്രമേല്‍ ആത്മബന്ധമുണ്ടായിരുന്നു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, എല്ലാ വിശേഷദിവസങ്ങളിലും മാത്യുവിനെ വീട്ടിലേക്ക് ക്ഷണിക്കും. ഇഫ്താര്‍, ഈദ് ചടങ്ങുകള്‍ക്ക് പുറമെ തങ്ങള്‍ ഏതെങ്കിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴും മാത്യുവിന് ക്ഷണമുണ്ടാകും. സൗഹൃദോപചാരം, ആതിഥ്യം, സൗമ്യസാന്നിധ്യം… ഇവയൊക്കെ പലപ്പോഴും നേരില്‍ കാണാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല നല്ലൊരു പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കൂടിയായിരുന്നു മാത്യു.
ബാബ്രി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധങ്ങള്‍ അതിക്രമത്തിലേക്ക് പോകാത്ത വിധം മുസ്ലിം സഹോദര•ാര്‍ സംയമനം പാലിച്ച് മാതൃക കാണിക്കണമെന്ന ശിഹാബ് തങ്ങളുടെ പ്രസിദ്ധമായ പ്രസ്താവന തയാറാക്കുന്നതിനും അത് വാങ്ങി മനോരമയ്ക്ക് ആദ്യം എത്തിച്ചു നല്‍കുന്നതിനും മുന്നിട്ടിറങ്ങിയ മാത്യുവിന്റെ ഇടപെടല്‍ എല്ലാവരും പ്രശംസിച്ചതോര്‍ക്കുന്നു. പിന്നീട് ഏറെ പ്രസിദ്ധവും മാതൃകാപരവുമായൊരു തീരുമാനത്തിന്റെ സ്‌നേഹലിഖിതമായിരുന്നു ശിഹാബ് തങ്ങളുടെ ആ പ്രസ്താവന.
എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും ബി.ജെ.പിയിലേയും മിക്ക സംസ്ഥാന നേതാക്കളുമായി മാത്യുവിന് ബന്ധമുണ്ടായിരുന്നു. തൊടുപുഴയില്‍ നിന്ന് കുടിയേറി നിലമ്പൂരില്‍ ജീവിതം പിച്ചവെച്ച് തുടങ്ങിയ കഠിനാധ്വാനിയായ ഒരു കര്‍ഷകന്‍ കൂടിയായിരുന്നു മാത്യു. അരീക്കോട് തോട്ടുമുഖത്ത് നിന്ന് കേരള കോണ്‍ഗ്രസ് നേതാവും കര്‍ഷകനുമായ പാപ്പച്ചന്‍ പുല്ലന്താനിയുടെ മകള്‍ മേരിക്കുട്ടി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നതോടെ അരീക്കോട് മേഖലയുടെ സമഗ്രമായ വികസനകാര്യത്തിലും അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. അരീക്കോട് പാലം മനോരമയുടെ വാര്‍ത്തയുടെ കൂടി ഫോളോ അപ്പായിരുന്നു.
നിലമ്പൂരില്‍ നിന്ന് ഷിമോഗയിലെത്തിയ മാത്യു കര്‍ണാടകയിലെ മലയാളികള്‍ക്ക് മനോരമയെ പരിചയപ്പെടുത്തി. സര്‍ക്കുലേഷന്‍ വിഭാഗത്തിലായിരുന്നു ആദ്യജോലി. പിന്നീടാണ് കാസര്‍കോട്ടും മഞ്ചേരിയിലും റിപ്പോര്‍ട്ടറായി തുടങ്ങിയത്. മണ്ണിനോട് പട വെട്ടി ജീവിതം ഉഴുത് മറിക്കുന്ന കുടിയേറ്റക്കാരുടെ കഥയാണ് ഷിമോഗയില്‍ നിന്നെഴുതിയിരുന്നത്. കുടിയിറക്കിനെതിരായുളള പോരാട്ടത്തില്‍ അദ്ദേഹവും മലയാളി കൃഷിക്കാര്‍ക്കൊപ്പം ചേര്‍ന്നു. പത്രപ്രവര്‍ത്തകന് ആക്ടിവിസ്റ്റ് കൂടിയാകാമെന്ന് മാത്യു കദളിക്കാട് തെളിയിച്ചു. റൂറല്‍ റിപ്പോര്‍ട്ടിംഗില്‍ ഇന്ന് പി. സായിനാഥിനെപ്പോലുള്ളവര്‍ അനുഷ്ഠിക്കുന്ന സേവനമാണ് മാത്യു അക്കാലത്ത് ചെയ്തിരുന്നത്. ചോലനായ്ക്കളുടെ കഥകളുടെ ഫോളോ അപ്പ് പിന്നീടെഴുതി. ഇരുന്നൂറോളം മാത്രം അംഗസംഖ്യയുള്ള ചോലനായ്ക്കളുടെ ജീവിതത്തിലേക്ക് പരിഷ്‌കാരത്തിന്റെ പ്രകാശം വീശിത്തുടങ്ങി. അവിടെ നിന്ന് വിനോദ് എന്ന ചെറുപ്പക്കാരന്‍ ആദ്യത്തെ ഗവേഷണബിരുദം സ്വന്തമാക്കി. ചോലനായ്ക്കള്‍ക്കു ശേഷം അറനാടന്‍ വിഭാഗത്തിലുള്ള ആദിവാസികളുടെ ജീവിതവും അവരാദ്യമായി വോട്ട് ചെയ്യുന്നതുമെല്ലാം പടം സഹിതം മാത്യു വാര്‍ത്തയാക്കി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സ്റ്റോറികളായിരുന്നു ചോലനായ്ക്കരുടേയും അറനാടന്മാരുടേയും മനോരമ പരമ്പര.
ജീവിച്ച കാലമത്രയും അന്തസ്സും അച്ചടക്കവും ആഭിജാത്യവും പുലര്‍ത്തിപ്പോന്ന, വേഷഭൂഷകളില്‍ പരിശുദ്ധി കാത്ത് സൂക്ഷിച്ച മാത്യു കദളിക്കാട്, വാര്‍ത്തയെഴുത്ത് മാത്രമല്ല മാധ്യമ പ്രവര്‍ത്തനമെന്നും നിസ്സഹായരുടെ വേദന പങ്ക് വെക്കല്‍ കൂടിയാണെന്നും തെളിയിച്ചു. മലപ്പുറം ജില്ലയ്ക്കകത്തും പുറത്തും അദ്ദേഹം ജോലി വാങ്ങിക്കൊടുത്തവരുടേയും ചികില്‍സയുള്‍പ്പെടെയുള്ള നിരവധി സഹായങ്ങള്‍ ചെയ്ത് കൊടുത്തവരുടേയും ആവശ്യപ്പെട്ടവര്‍ക്ക് സ്ഥലം മാറ്റം വാങ്ങിക്കൊടുത്ത് ആശ്വാസമേകിയവരുടേയുമെല്ലാം ജീവിതത്തില്‍ ഈ പേര് എഡിറ്റ് ചെയ്യപ്പെടാതെ എന്നും അടയാളപ്പെട്ടുകിടക്കുന്നുണ്ടാവും. കോടികള്‍ വായിക്കുന്ന പത്രത്തിലെ മാത്യു കദളിക്കാട് എന്ന ബൈലൈന്‍ ഒരു വേള, അവിടെ അപ്രസക്തമായി മാറുന്നു.
കെ. ചന്ദ്രബാലന്‍ നായര്‍ക്കും ആളൂര്‍ പ്രഭാകരനും മാത്യു കദളിക്കാടിനും ശേഷം ഇതാ പാലോളി കുഞ്ഞിമുഹമ്മദ്. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പതിറ്റാണ്ടുകളുടെ അടയാളങ്ങള്‍ കൊത്തിവെച്ച് കടന്നുപോയ മലപ്പുറത്തിന്റെ സ്വന്തം ലേഖകരുടെ സുഖദമായ ഓര്‍മകള്‍ക്ക് മുമ്പില്‍ സ്നേഹാഞ്ജലി.
ഒരു പക്ഷേ, കാലത്തിന്റെ മറുതീരത്ത് നിന്നിപ്പോള്‍, പൊട്ടിച്ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ചിതറുന്നുവോ? മലപ്പുറം പ്രസ് ക്ലബിന്റെ സ്ഥാപകനേതാക്കളുടെ സംഗമം മറുലോകത്ത് നടക്കുന്നുവോ?
അവിടെ നിന്നുയരുന്നുവോ, ചന്ദ്രബാലേട്ടന്റെ മൂക്ക്പൊടിയുടെ ഗന്ധം?