1944, ലോക സമ്പന്നതയുടെ സ്വപന നഗരമായ അമേരിക്കയിലെ ന്യൂയോർക്ക്, അവിടെ ഫ്‌ലോറന്‍സ് സ്‌പെല്‍മാനും വ്യോമസേന പൈലറ്റായിരുന്ന ലൂയിസ് എല്ലിസണും ഒരു കുഞ്ഞ് ജനിക്കുന്നു. എന്നാൽ ആ സമയത്ത് ഇവർ വിവാഹിതരായിരുന്നില്ല. ഒമ്പത് മാസം പ്രായമുള്ളപ്പോൾ കുഞ്ഞിന് ന്യുമോണിയ ബാധിച്ചു. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ ഫ്‌ലോറന്‍സ് സ്‌പെല്‍മാന് മറ്റുമാർഗങ്ങളില്ലാതെ ജോലിക്ക് പോകേണ്ടി വരുന്നു. ഈ സമയത്ത് തൻ്റെ മകനെ ബന്ധുവിൻ്റെ കൈകളിലേൽപ്പിച്ച് ഫ്‌ലോറന്‍സ് ജോലിക്ക് പോകുന്നു. അതിനുശേഷം ഈ കുഞ്ഞിനെ പരിചരിച്ചത് മുഴുവനും ലില്ലിയൻ എന്ന സ്നേഹനിധിയായ പോറ്റമ്മയാണ്. ഇവരുടെ സ്നേഹത്തിൻ്റെ തണലിൽ മറ്റു വേദനകളെല്ലാം ഇവൻ മറന്നു. എന്നാൽ വിധി വീണ്ടും വില്ലനായി. ബിരുദപഠനത്തിൻ്റെ സമയത്ത് ലില്ലിയൻ്റെ അപ്രതീക്ഷിത മരണം അവനെ ആയത്തിൽ പിടിച്ചുലച്ചു. ഒടുവിൽ പഠനം അവസാനിപ്പിച്ചു. പിന്നീട് 48 വയസ്സുള്ളപ്പോഴാണ് സ്വന്തം പെറ്റമ്മ ഇവനെ കാണാനെത്തുന്നത്. അപ്പോഴേക്കും അയാൾ വളർന്ന് ഫോബ്സ് മാസികയിൽ തന്നെ ശ്രദ്ധയിൽപ്പെട്ട ലോകസമ്പന്നരിൽ ഒരാളായി കഴിഞ്ഞിരുന്നു. പറഞ്ഞുവരുന്നത് ഒറാക്കിൾ എന്ന ലോകപ്രശസ്ത കമ്പനിയുടെ സഹസ്ഥാപകനായ ലാറി എല്ലിസണിനെ കുറിച്ചാണ്.
ഈ മാസമാദ്യം സോഫ്റ്റ്‌വെയർ കമ്പനിയായ ഓറക്കിളിന്റെ ഓഹരി വില 40 ശതമാനം വർധിച്ചതോടെ ഇലോൺ മസ്കിനെ കടത്തിവെട്ടിയ ലാറി എല്ലിസൺ കുറച്ചുദിവസത്തേക്ക് ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. നിലവിൽ ലോകത്തിലെ രണ്ടാമത്തെ ധനികനാണ് ലാറി എല്ലിസൺ. ബ്ലൂംബർഗ് ബില്യണയർ റിപ്പോർട്ട് പ്രകാരം 373 ബില്യൺ ഡോളറാണ് എല്ലിസണിന്‍റെ ആസ്തി. തൻ്റെ സ്വത്തിൻ്റെ 95 ശതമാനവും ലോക നന്മയ്ക്കായി സംഭവാന ചെയ്യുമെന്ന് പ്രതിഞ്ജ എടുത്തിരിക്കുകയാണ് അദ്ദേഹം.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി വൻ തുകകൾ എല്ലിസൺ സംഭാവന നൽകിയിട്ടുണ്ട്. കാൻസർ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതിന് സൗത്ത് കാലിഫോർണിയ യൂനിവേഴ്സിറ്റിക്ക് 200 മില്യൺ ഡോളറാണ് സംഭാവന ചെയ്തത്. തന്‍റെ സ്വത്തിന്‍റെ വലിയൊരു ഭാഗം ക്രമേണ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്നാണ് എല്ലിസണിന്‍റെ പ്രഖ്യാപനം. ലാറി എല്ലിസണിൻ്റെ സമ്പത്തിൽ അടുത്തിടെ വൻവർധനയുണ്ടാക്കിയത് ഒറാക്കിളിന്റെ ഓഹരികളിലുണ്ടായ കുതിച്ചുചാട്ടമാണ്.
എല്ലിസൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വഴിയാണ് എല്ലിസൺ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും ചെലവയിക്കുന്നത്. ഓക്സ്ഫഡ് സർവകലാശാലയുമായി ചേർന്നാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സംരക്ഷണം, ഭക്ഷ്യ സുരക്ഷ, എഐ മേഖലയിലെ ഗവേഷണം എന്നീ മേഖലകളിലെ പ്രവൃത്തികൾക്കുവേണ്ടിയാണ് എല്ലിസൺ സമ്പത്ത് ചെലവഴിക്കുക.