പിലൂമോഡി, ഇന്ദിരാഗാന്ധിയോട് പറഞ്ഞത്:
ജയിലിലെ ശുചിമുറി പോരാ, എനിക്കൊരു കമ്മോഡ് കൊടുത്തയക്കൂ…!
അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സി.ഐ.എയ്ക്ക് ഇന്ത്യയുടെ രഹസ്യങ്ങള്‍ ഒറ്റിക്കൊടുക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂ. അതെ, ഞാനൊരു സി.ഐ.എ ഏജന്റാണ്…
ഈ പ്ലക്കാര്‍ഡുയര്‍ത്തി പാര്‍ലമെന്റിന്റെ ഇടനാഴിയിലെത്തിയ പിലൂമോഡിയെന്ന സ്വതന്ത്രാപാര്‍ട്ടി എം.പിയെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂകിവിളിച്ച ഒരു സംഭവം 1978 ലുണ്ടായി. പക്ഷേ ശക്തനായ പിലൂമോഡി കുലുങ്ങിയില്ല. അടിയന്തരാവസ്ഥയില്‍ മിസ നിയമപ്രകാരം തടവിലായിരുന്ന അദ്ദേഹം ജയില്‍ മോചിതനായ ശേഷം ആദ്യമായി രാജ്യസഭയിലേക്ക് വരികയായിരുന്നു.
– സി.ഐ.എ ഏജന്റെന്ന് പറയാന്‍ എനിക്ക് അഭിമാനമേയുള്ളൂ. ഡല്‍ഹി റോത്തക് ജയിലില്‍ എന്നെ തടവിലാക്കിയ ഇന്ദിരാഗാന്ധി എനിക്ക് സന്ദേശമയച്ചിരുന്നു. ജയിലില്‍ എന്തെങ്കിലും അസൗകര്യമുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം.
ആറടി പൊക്കവും 120 കിലോഗ്രാം തൂക്കവുമുള്ള പിലൂമോഡി മറുപടി അയച്ചു: എനിക്ക് വിസര്‍ജ്ജനത്തിന് നല്ലൊരു കമ്മോഡ് ഉണ്ടാക്കി കൊടുത്തയക്കണം!
സംഗതി ഒത്തുവെന്ന് പിലൂമോഡി. ജയിലിലേക്ക് ഇന്ദിര പണിക്കാരെ വിട്ടു. സൗകര്യപ്രദമായൊരു കമ്മോഡിന്റെ പണി പെട്ടെന്ന് പൂര്‍ത്തിയാക്കി. പക്ഷേ പിന്നീട് സൗകര്യപ്രദമായി വിസര്‍ജ്ജനം നടന്നില്ലെന്നും ജയിലിലെ ‘ഗോതമ്പുണ്ട’ വയര്‍സ്തംഭനമുണ്ടാക്കിയെന്നും കൂട്ടച്ചിരികള്‍ക്കിടെ പിലൂമോഡി പാര്‍ലമെന്റില്‍ പറഞ്ഞു. അത് കേള്‍ക്കാന്‍ പക്ഷേ ഇന്ദിരാഗാന്ധി സഭയിലുണ്ടായിന്നില്ല. റായ്ബറേലിയിലെ തോല്‍വിയുടെ കയ്പുമായി ഒതുങ്ങിക്കഴിയുകയായിരുന്നു അവര്‍.
ലോകം കണ്ട ഏറ്റവും നല്ല വാസ്തുശില്‍പി കൂടിയായിരുന്നു പാഴ്‌സി സമുദായക്കാരനായ പിലൂ മോഡി. ഡൂണ്‍ സ്‌കൂളിലെ പഠനശേഷം മുംബൈ കത്തീഡ്രല്‍ സ്‌കൂളിലും അമേരിക്കയിലെ ബര്‍ക്‌ലെ യൂണിവേഴ്‌സിറ്റിയിലും പഠിച്ച പിലൂ മോഡിയുടെ സഹപാഠിയും റൂംമേറ്റും അടുത്ത സുഹൃത്തുമായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ. ‘സുള്‍ഫി- എന്റെ സുഹൃത്ത് ‘ എന്ന പേരിലുള്ള പിലൂ മോഡിയുടെ പുസ്തകത്തില്‍ ഇന്ദിരാഗാന്ധിയും ഭൂട്ടോയും തമ്മിലുള്ള വഴക്കിന്റെ കഥകള്‍ ഏറെയുണ്ട്. ഇന്ദിരയുടേയും കോണ്‍ഗ്രസിന്റേയും കൊടിയ ശത്രുവായിരുന്നു പിലൂ മോഡി. ഗുജറാത്തിലെ ഗോധ്ര (പിന്നീട് കുപ്രസിദ്ധമായ അതേ ഗോധ്ര തന്നെ) പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് 1967 ലും 1972 ലും സ്വതന്ത്രാ പാര്‍ട്ടി കൂടി ഉള്‍പ്പെടുന്ന ജനതാ മുന്നണിയുടെ ബാനറില്‍ മല്‍സരിച്ച് ജയിച്ച പിലൂ മോഡി, 1978 ല്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1983 ജനുവരി 29 ന് അമ്പത്തി ഏഴാം വയസ്സില്‍ മരിക്കുന്നത് വരെ രാജ്യസഭാംഗമായിരുന്നു.
അമേരിക്കന്‍ പക്ഷപാതികളുടേയും കുത്തക കര്‍ഷകരായ ‘കുലാക്കു’കളുടേയും
തികഞ്ഞ സോവ്യറ്റ് – ഇന്ദിരാ- ഇടതുപക്ഷ വിരോധികളുടേയും പാര്‍ട്ടിയായാണ് ചക്രവര്‍ത്തി രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സ്വതന്ത്രാ പാര്‍ട്ടി അറിയപ്പെട്ടിരുന്നത്. വലതുപക്ഷ, മുതലാളിത്ത സാമ്പത്തികനയങ്ങളായിരുന്നു അവര്‍ പിന്തുടര്‍ന്നിരുന്നത്. ഇതില്‍ ആകൃഷ്ടനായാണ് പിലൂ മോഡി സ്വതന്ത്രാ പാര്‍ട്ടിയുടെ സ്ഥാപകാംഗമാകുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ആശീര്‍വാദത്തോടെയാണ് സ്വതന്ത്രാ പാര്‍ട്ടി പ്രവര്‍ത്തിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണറും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭാരതരത്‌നം പുരസ്‌കാര ജേതാവുമാണ് രാജാജി എന്നറിയപ്പെട്ട സി. രാജഗോപാലാചാരി. സോവ്യറ്റ് നയങ്ങളുമായി കോണ്‍ഗ്രസ് യോജിച്ചുപോകണമെന്ന കോണ്‍ഗ്രസിന്റെ ആവഡിയില്‍ ചേര്‍ന്ന സമ്മേളനപ്രമേയത്തോട് എതിര്‍പ്പുള്ള പഴയ കുറച്ച് കോണ്‍ഗ്രസുകാരാണ് സ്വതന്ത്രാപാര്‍ട്ടിയുടെ രൂപവല്‍ക്കരണത്തിന് പിന്നില്‍.
രാജാജിക്കും പിലൂ മോഡിക്കുമൊപ്പം മിനൂ മസാനി, എന്‍.ജി രങ്ക, ജയ്പൂര്‍ മഹാറാണി ഗായത്രിദേവി തുടങ്ങിയവരായിരുന്നു സ്വതന്ത്രാപാര്‍ട്ടിയുടെ നേതാക്കള്‍. കെ.എം മുന്‍ഷിയെപ്പോലുള്ള ബുദ്ധിജീവികളും അവരോടൊപ്പം ചേര്‍ന്നു.
പിന്നീട് ഈ പാര്‍ട്ടി ഭാരതീയ ലോക്ദളില്‍ ലയിച്ചു. അവസാനകാലത്ത് ജനതാപാര്‍ട്ടിയിലും. ശേഷം, സ്വാഭാവികമായും സ്വതന്ത്രാ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായി അവശേഷിച്ചു.
ആര്‍ക്കിടെക്റ്റ് എന്ന നിലയില്‍ പ്രശസ്തി നേടിയ പിലൂമോഡിയാണ് ആധുനിക ഛാണ്ഡിഗഡിന്റെ നഗരാസൂത്രണശില്‍പി. വോള്‍ട്ടാസ്, ടെല്‍കോ കമ്പനികളുടെ സാരഥി കൂടിയായിരുന്നു അദ്ദേഹം. ടാറ്റാ അയേണ്‍ ആന്റ് സ്റ്റീല്‍ കമ്പനി ചെയര്‍മാനായിരുന്ന റൂസി മോഡി, പിലൂ മോഡിയുടെ സഹോദരനാണ്. അമേരിക്കക്കാരിയായ ലാവിനയാണ് പിലൂ മോഡിയുടെ സഹധര്‍മിണി.
സ്വതന്ത്രാപാര്‍ട്ടി നാട് നീങ്ങിയെങ്കിലും ഒഡീഷയിലെ കട്ടക്കില്‍ പിലൂ മോഡിയുടെ ഓര്‍മയ്ക്കായി വലിയൊരു വാസ്തുവിദ്യാപഠന കേന്ദ്രം തലയുയര്‍ത്തി നില്‍പുണ്ട്- പിലൂമോഡി കോളേജ് ഓഫ് ആര്‍ക്കിടെക്ച്വര്‍.