ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഓരോ ദിവസവും വരുന്ന മരണവാർത്തകൾ നമ്മെ ഞെട്ടിക്കുന്നു. ഇരുപതും ഇരുപത്തിയഞ്ചും വയസ്സുള്ള യുവാക്കൾ പോലും ഹൃദയാഘാതത്തിന് കീഴടങ്ങുന്നു. ഇത് പുരുഷന്മാർക്ക് മാത്രമല്ല, സ്ത്രീകൾക്കും സംഭവിക്കുന്നു. മതിയായ വ്യായാമം ഇല്ലായ്മയും ഉറക്കക്കുറവും ആനാരോഗ്യ ശൈലിയുമൊക്കെയാണ് ചെറുപ്രായത്തിൽ തന്നെ ഹൃദയാഘാതം സംഭവിക്കുന്നതിൻ്റെ പ്രധാന കാരണങ്ങൾ.
നമ്മുടെ ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളെയും പോലെ, ഹൃദയത്തിനും നന്നായി പ്രവർത്തിക്കാൻ നല്ല ഓക്സിജൻ വിതരണം ആവശ്യമാണ്. കൊറോണറി ധമനികൾ ഈ ആവശ്യം നിറവേറ്റുകയും ഹൃദയത്തിന് ഓക്സിജൻ നൽകുകയും ചെയ്യുന്നു. ഇതിനർത്ഥം നിങ്ങളുടെ കൊറോണറി ധമനികൾ ആരോഗ്യകരമായിരിക്കണം എന്നാണ്.
ലക്ഷണങ്ങൾ അവഗണിക്കരുത്
നെഞ്ചുവേദന, ശ്വാസംമുട്ടൽ, കൈകളിലോ തോളിലോ താടിയിലോ വേദന, വിയർപ്പ്, ഓക്കാനം, തലകറക്കം—ഇവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം. പലരും ഇതിനെ “ഗ്യാസിന്റെ വേദന” എന്ന് കരുതി അവഗണിക്കുന്നു. എന്നാൽ, ഏത് തരത്തിലുള്ള നെഞ്ചുവേദനയും ഗൗരവമായി എടുക്കണം! ഉടൻ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയിൽ പോകുക—പോളി ക്ലിനിക്കുകളല്ല, കാർഡിയോളജിസ്റ്റ് ഉള്ള ആശുപത്രികൾ! ഡോക്ടർ മാത്രമാണ് രോഗം നിർണയിക്കേണ്ടത്. സമയം ലാഭിക്കുന്നത് ജീവൻ രക്ഷിക്കും!
ആരോഗ്യകരമായ ഭക്ഷണക്രമം
പല പ്രവാസികളും ജങ്ക് ഫുഡുകളാണ് കഴിക്കുന്നത്—ഇത് ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിക്കൂ. പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തി സമീകൃതാഹാരം പിന്തുടരുക. 30-35 വയസ്സിന് ശേഷം ജീവിതശൈലി മാറ്റണം. പുകവലി, മദ്യപാനം, അമിത ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ കുറയ്ക്കുക. കുടുംബത്തിൽ ഹൃദയരോഗ ചരിത്രമുണ്ടെങ്കിൽ, സാധാരണ ആരോഗ്യ പരിശോധനകൾ നിർബന്ധമാണ്!
വ്യായാമം മറക്കരുത്
നാൽപത് ശതമാനം പ്രവാസികൾക്കും പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുണ്ട്—ഇവ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം—നടത്തം മാത്രം പോര, യോഗ, ജോഗിങ്, അല്ലെങ്കിൽ ജിമ്മിൽ വർക്കൗട്ട് പരീക്ഷിക്കൂ. ശരീരം അനങ്ങാതെയുള്ള ജീവിതം ഹൃദയത്തിന് നല്ലതല്ല. കൃത്യമായ ഉറക്കവും സമ്മർദ്ദ നിയന്ത്രണവും ഹൃദയത്തെ സംരക്ഷിക്കും. അതുപോലെ മലയാളി പ്രവാസി സംഘടനകൾ കലാസാംസ്കാരിക പരിപാടികൾക്ക് പുറമെ ആരോഗ്യ ബോധവത്കരണത്തിനും പ്രാധാന്യം നൽകണം.
മരുന്നുകൾ കൃത്യമായി കഴിക്കുക
പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ ഉള്ളവർ മരുന്നുകൾ കൃത്യമായി കഴിക്കണം. പലരും ഇവ ഉണ്ടെന്ന് അറിഞ്ഞിട്ടും ചികിത്സ എടുക്കുന്നില്ല. ഹൃദയാഘാതം ഒരൊറ്റ കാരണം കൊണ്ടല്ല—പല ഘടകങ്ങൾ ഒന്നിച്ചോ വേറിട്ടോ ഇതിന് കാരണമാകാം. സ്ത്രീകളിലും ഹൃദയാഘാതം ഇപ്പോൾ സാധാരണമാണ്. ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുക. സുഹൃത്തുക്കളെ, നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്! പ്രവാസ ജീവിതത്തിൽ പണം സമ്പാദിക്കാം, പക്ഷേ ആരോഗ്യവും ജീവനും നഷ്ടമാക്കി പണം നേടിയിട്ട് കാര്യമില്ലല്ലോ