കഴിഞ്ഞ 25 വര്‍ഷമായി ഒന്നാണ് രണ്ടു പേര്‍. മലപ്പുറം, ഒതായി, കിഴക്കെ ചാത്തല്ലൂര്‍കാരനായ അബ്ദുല്‍ ഹമീദും, മേക്കളം പാറ അയ്യപ്പനും. കുഞ്ഞുനാള്‍ മുതല്‍ ഒരുമിച്ച് കഴിഞ്ഞിരുന്നവര്‍ കൃഷിയിലൂടെ പച്ചപ്പിന്റെ മറ്റൊരു പുതുലോകം കൂടി തീര്‍ത്ത് ജീവിതത്തിലും ഒരേ താളമായി മുന്നേറുന്നു. അയല്‍വാസികളായ ഇരുവരും നാട്ടിലെ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവരാണ്.
അന്നുമുതലുള്ള സൗഹൃദം കോളജിലും തുടര്‍ന്നു. പിന്നീട് അയല്‍വാസികളായി. ഒടുവില്‍ ‘കൂട്ട്’ കൃഷിയിലുമെത്തി. മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയോരം ചേര്‍ന്ന് ഉപദ്വീപ് പോലെ തോന്നിക്കുന്ന തനി ഗ്രാമ പ്രദേശമായ ഒതായിയിലും പരിസരത്തുമായാണ് ഇവരുടെ കൂട്ട് കൃഷി. പാട്ടത്തിന് എടുത്ത 25 ഹെക്ടറിലധികം ഭൂമിയില്‍ ആധുനിക കൃഷിരീതികള്‍ അവലംബിച്ചാണ് പൊന്നുവിളയിക്കുന്നത്. കോളേജ് പഠന ശേഷമാണ് ഇരുവരും പൂര്‍ണമായി കൃഷിയിലേക്ക് തിരിയുന്നത്.
തരിശുഭൂമി പാട്ടത്തിനെടുത്ത് നെല്‍പാടമാക്കി മാറ്റിയും, വാഴത്തോപ്പാക്കിയുമാണ് പ്രധാന കൃഷികള്‍. പ്രകൃതി ദുരന്തങ്ങളെയും പ്രതികൂല കാലാവസ്ഥയും വെല്ലുവിളിയും ഇവര്‍ സധൈര്യം നേരിട്ട് മുന്നോട്ട്പോവുന്നു. ഇപ്പോള്‍ സമീപ പ്രദേശങ്ങളായ കൊളപ്പട, കുണ്ട്തോട് മമ്പാട്, ഉറങ്ങാട്ടിരി, തുടങ്ങിയ പ്രദേശങ്ങളിലും ഭൂമിസ്ഥലം പാട്ടത്തിനെടുത്ത് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. വാഴക്ക് പുറമെ നെല്ല്, പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍, തുടങ്ങിയവയുമുണ്ട്.
കൃഷിയുടെ ബാലപാഠം പഠിച്ചത്
പഴം, പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ നേരത്തെ ഒതായിയില്‍ തന്നെ കേരള ഹോര്‍ടി കള്‍ച്ചര്‍ ഡെവലപ്മെന്റ് (കെഎച്ച്ഡിപി) കേന്ദ്രം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി വിപണിയുമായി ബന്ധപ്പെട്ട് ആദ്യത്തെ സ്വാശ്രയ കര്‍ഷക സംഘം (എസ്‌കെഎസ്) ആരംഭിച്ചു. ആസമയത്ത് കെഎച്ച്ഡിപിയുടെ അസിസ്റ്റന്റ് മാനേജറായി പ്രവര്‍ത്തിച്ചിരുന്ന സൗദയായിരുന്നു അതിന് സഹായ സഹകരണങ്ങള്‍ നല്‍കിയത്.


1996ല്‍ ഒതായില്‍ സ്വാശ്രയാ കര്‍ഷക സമിതി നിലവില്‍ വന്നു. സ്ഥാപക പ്രസിഡന്റ് ഹുസൈന്‍ ബാപ്പു കാഞ്ഞിരാലയായിരുന്നു. അന്ന് ഹുസൈന്‍ ബാപ്പുവിന്റ ഒപ്പം ചെറുപ്പക്കാരായ ഹമീദും അയ്യപ്പനും എല്ലാ കാര്യത്തിനും ഒപ്പമുണ്ടായിരുന്നു. അങ്ങിനെയാണ് ഹുസൈന്‍ ബാപ്പുവില്‍ നിന്ന് കൃഷിയുടെ ആദ്യപാഠങ്ങള്‍ അറിഞ്ഞു തുടങ്ങിയത്. ഹുസൈന്‍ ബാപ്പുവില്‍ നിന്ന് കൃഷി പഠിച്ച വളര്‍ന്നവരാണ് തങ്ങളെന്ന് ഇരുവരും എടുത്തുപറയുന്നു.
എന്നാല്‍ എസ്‌കെഎസിന്റ ആദ്യരൂപം ഒതായിക്ക് മുമ്പ് ചാത്തല്ലൂരില്‍ തുടക്കം കുറിച്ച ആളായിരുന്നു അബ്ദുല്‍ ഹമീദ് എന്നതും ശ്രദ്ധേയമാണ്. ഇന്ന് കെഎച്ച്ഡിപി പകരം വെജിറ്റബിള്‍ ആന്റ് ഫ്രൂട് പ്രമോഷന്‍ കൗണ്‍ല്‍ ഓഫ് കേരള (വിഎഫ്പിസികെ)യാണ് ഒതായില്‍ പ്രവര്‍ത്തിക്കുന്നത്. വിഎഫ്പിസികെ കീഴില്‍ എസ്‌കെഎസിന് നാട്ടില്‍ ഒരു കെട്ടിടം എന്നത് കര്‍ഷകരുടെ ആഗ്രഹമായിരുന്നു. ഹുസൈന്‍ ബാപ്പു ആദ്യ ഷെയര്‍ ഫണ്ട് നല്‍കി നിര്‍മാണം ആരംഭിച്ചു.
ഒതായി കര്‍ഷക സമിതിയും അന്നത്തെ സമിതി പ്രസിഡന്റ് ആയിരുന്ന ഇബ്രാഹി എടപ്പറ്റയും, വിഎഫ്പിസികെ മലപ്പുറം ഡെപ്യൂട്ടി മാനേജര്‍ സമീര്‍ ടിയും മുന്നില്‍ നിന്നാണ് കെട്ടിടത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. ഈ ഒരു പദ്ധതിയിക്ക് ആവശ്യമായ തുകയും സപ്പോര്‍ട്ടും നല്‍കി അതിന്റ തുടക്കത്തില്‍ തന്നെ അയ്യപ്പനും, അബ്ദുല്‍ ഹമീദും അതിന്റെ ഭാഗമായി. കേരളത്തിലെ ഏറ്റവും നല്ല കര്‍ഷക സമിതി എന്ന ബഹുമതി വരെ ഈ എസ്‌കെഎസിന് കഴിഞ്ഞ വര്‍ഷം നേടാന്‍ ആയി. എടവണ്ണ കൃഷി ഭവന്‍, വിഎഫ്പിസികെ എന്നിവയുടെ സഹായ സഹകരണങ്ങളോടെയും സേവനമുപയോഗിച്ചും ഏതാണ്ട് 350 കര്‍ഷകരാണ് ഈ പ്രദേശത്തുള്ളത്.
ഹമീദിന്റെ മക്കള്‍ക്ക് അയ്യപ്പന്‍ ഇക്കാക്കയാണ്. മഞ്ചേരിയില്‍ നിന്ന് വിവാഹിതനായ അയ്യപ്പന് രണ്ട് മക്കള്‍. എടവണ്ണയില്‍ നിന്ന് വിവാഹിതനായ ഹമീദിന് 4 മക്കളുമുണ്ട്. വാഴത്തോപ്പില്‍ സഹ ജോലിക്കാരൊപ്പം കളിച്ചും ചിരിച്ചും ഇവരുമുണ്ടാവും. ഒപ്പം തങ്ങളുടെ പിതാക്കന്മാരെ സഹായിച്ചും. എടവണ്ണ കൃഷി ഭവനില്‍ നിന്നും വെജിറ്റബിള്‍ ആന്‍ഡ് ഏന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള(വിഎഫ്പിസികെ)യില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കര്‍ഷകര്‍ കൂടിയാണ് ഹമീദും അയ്യപ്പനും.