ഒരു കാലത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഏറ്റവും ഉജ്വലമായ ദേശീയ
മുഖമായിരുന്ന, പ്രഭാഷണകലയില്‍ ആരെയും പിന്നിലാക്കിയിരുന്ന, ‘കൊച്ചി രാജ്യത്തെ പ്രധാനമന്ത്രി ‘, തിരു കൊച്ചി സംസ്ഥാനത്തെ വിദ്യാഭ്യാസമന്ത്രി, കേന്ദ്രനിയമമന്ത്രി.. ഈ നിലകളിലെല്ലാം ശോഭിച്ച പനമ്പിള്ളി ഗോവിന്ദമേനോന്‍. തെരഞ്ഞെടുപ്പില്‍ ആദ്യമായും അവസാനമായും അദ്ദേഹം തോറ്റത് 1957 -ലായിരുന്നു. തന്റെ സ്ഥിരം മണ്ഡലമായ ചാലക്കുടിയില്‍. പി.എസ്.പിക്കാരനായ സി.ജി. ജനാര്‍ദ്ദനനോട് പരാജയപ്പെട്ടപ്പോള്‍ പ്രതികരണത്തിനായി ഓടിയെത്തിയ പത്രക്കാരോട് തികഞ്ഞ നിസ്സംഗതയോടെ പനമ്പിള്ളി പറഞ്ഞു: കേരള രാഷ്ട്രീയ തെരുവീഥിയിലെ പഴത്തൊലിയാണ് പി.എസ്.പി. ഉള്ളില്‍ കഴമ്പില്ല. പക്ഷേ ആളെ വീഴ്ത്താന്‍ ധാരാളം മതി!
ഒരു പക്ഷേ രാഷ്ട്രീയത്തിലെ പഴത്തൊലിയെന്ന ഈ പ്രയോഗത്തിന്റെ വക്താവ് പനമ്പിള്ളിയായിരുന്നിരിക്കണം. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുമെന്ന പ്രയോഗവും പനമ്പിള്ളിയുടേതാണെന്ന് വായിച്ചതോര്‍ക്കുന്നു. കൊച്ചു കൊച്ചു പാര്‍ട്ടികളുടെ നേതാക്കളോട് പരാജയപ്പെട്ട വലിയ പാര്‍ട്ടികളുടെ നിരവധി നേതാക്കളുണ്ട്. പനമ്പിള്ളിയുടെ ഭാഷയില്‍ പഴത്തൊലി ചവിട്ടി വീണ വന്‍കിട നേതാക്കള്‍. സി.പി.ഐ – സി.പി.എം കക്ഷികള്‍ ഇരുമുന്നണികളിലായി നടന്ന തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായ ജോണ്‍ മാഞ്ഞൂരാനായിരുന്നു.
1970 ലെ ഉപതെരഞ്ഞെടുപ്പായിരുന്നു അത്. പാലക്കാട് ജില്ലയില്‍ പത്ത് പേര്‍ പോലും അനുയായികളില്ലാത്ത കെ.എസ്.പിക്ക്, സി.പി.എമ്മിന്റെ ഘടകകക്ഷിയായത് കൊണ്ട് അവര്‍ ഇഷ്ടദാനം നല്‍കിയ സീറ്റായിരുന്നു മണ്ണാര്‍ക്കാട്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും അട്ടപ്പാടിയിലെ ആദിവാസികളെ സംഘടിപ്പിച്ചിരുന്ന തൊഴിലാളി നേതാവുമായ കൊങ്ങശ്ശേരി കൃഷ്ണനായിരുന്നു ലീഗും കോണ്‍ഗ്രസും പിന്തുണച്ച ഐക്യമുന്നണി (സി.പി.ഐ) സ്ഥാനാര്‍ഥി.
കൊങ്ങശ്ശേരി ഒന്നും രണ്ടും നിയമസഭകളില്‍ അംഗവുമായിരുന്നു. പക്ഷേ സി.പി.എമ്മിന്റെ ഔദ്യോഗിക ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം തന്നെ ജോണ്‍ മാഞ്ഞൂരാന് പാര്‍ട്ടി നല്‍കിയിരുന്നു. ജോണ്‍ മാഞ്ഞൂരാനോട് സി.പി.ഐ നേതാവ് ദയനീയമായി പരാജയപ്പെട്ടു. രണ്ടാം ഇ.എം.എസ് മന്ത്രിസഭ 31 മാസത്തിനകം താഴെ വീഴുമ്പോള്‍ തൊഴില്‍മന്ത്രിയായിരുന്ന മത്തായി മാഞ്ഞൂരാന്റെ ഇളയ സഹോദരനായിരുന്ന ജോണ്‍ മാഞ്ഞൂരാന്‍ അങ്ങനെ മണ്ണാര്‍ക്കാട് എം.എല്‍.എയായി. അഥവാ ആളില്ലാത്ത പാര്‍ട്ടിയെന്ന പഴത്തൊലിയില്‍ ചവിട്ടി കൊങ്ങശ്ശേരി കൃഷ്ണന്‍ വീണു. അദ്ദേഹത്തിന്റെ തോല്‍വിയില്‍ ദു:ഖിച്ച അഗളിയിലേയും അട്ടപ്പാടിയിലേയും ആദിവാസികള്‍ പൊട്ടിക്കരഞ്ഞ് വിളിച്ച മുദ്രാവാക്യം മണ്ഡലത്തിലെ പഴയ ആളുകള്‍ മറന്നിട്ടുണ്ടാവില്ല: എങ്കള്‍ തങ്കം കൊങ്ങശ്ശേരി…
ചവറ-നീണ്ടകര പ്രദേശങ്ങളില്‍ 1949 ലുണ്ടായ സമരങ്ങളേയും കലാപങ്ങളേയും തുടര്‍ന്ന് (ചവറ മുതല്‍ ചവറ വരെ നീളുന്ന പാര്‍ട്ടിയെന്ന പ്രയോഗം ബേബിജോണിന്റെ ആര്‍.എസ്.പിയെക്കുറിച്ച് ശത്രുക്കള്‍ സൃഷ്ടിച്ചതാണ്) അന്ന് കെ.എസ്.പിയിലുണ്ടായിരുന്ന പല നേതാക്കളും ജയിലിലായിരുന്നു. പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും നിഷ്‌ക്രിയര്‍. ഇന്ത്യയിലെ കമ്യൂണിസ്റ്റിതര ഇടതുപക്ഷക്കാരുടെ യോഗം കല്‍ക്കത്തയില്‍ വിളിച്ചുകൂട്ടിയപ്പോള്‍ അങ്ങോട്ടു പോകാന്‍ തീരുമാനമെടുത്ത കെ.എസ്.പി നേതാവായിരുന്ന ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയുടെ കഥ കൂടി കേള്‍ക്കുക.
തിരു കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ മകന്‍ കെ. ബാലകൃഷ്ണനും ചെങ്ങാരപ്പള്ളിയും പക്ഷേ ഒരു തീരുമാനമെടുത്തു. ആളില്ലാത്ത ഈ കെ.എസ്.പി നമുക്ക് പിരിച്ചുവിട്ടാലോ?
ഒട്ടും വൈകിയില്ല. കെ.എസ്.പി പിരിച്ചുവിട്ട് ആര്‍.എസ്.പിയില്‍ ലയിപ്പിച്ചു.
മത്തായി മാഞ്ഞൂരാനും സഹോദരന്‍ ജോണ്‍ മാഞ്ഞൂരാനും മാത്രം കെ.എസ്.പിയില്‍. സ്വന്തമായി കാറുണ്ടായിരുന്ന ചെങ്ങാരപ്പള്ളി ആര്‍.എസ്.പിയുടെ അനിഷേധ്യനേതാവ്. നല്ല ഭൂസ്വത്തുണ്ടായിരുന്ന ചെങ്ങാരപ്പള്ളിയുടേതായിരുന്നു ഇന്നിപ്പോള്‍ ആലപ്പുഴ തോട്ടപ്പള്ളിയിലെ ‘കല്‍പകവാടി ഇന്‍’ നില്‍ക്കുന്ന സ്ഥലം. സി.പി.ഐ നേതാവായിരുന്ന ടി.കെ വര്‍ഗീസ് വൈദ്യന്‍ ( ചെറിയാന്‍ കല്‍പകവാടിയുടെ പിതാവ്) ചെങ്ങാരപ്പള്ളിയില്‍ നിന്നാണ് ഈ സ്ഥലം വാങ്ങിയത്. പില്‍ക്കാലത്ത് ഏറെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് കല്‍പകവാടി. കേരള രാഷ്ട്രീയത്തിലെ കരുത്തിന്റെ പ്രതീകങ്ങളായ ടി.വി തോമസും പി.ടി പുന്നൂസുമെല്ലാം തമ്പടിച്ചിരുന്ന താവളം.
ചെങ്ങാരപ്പള്ളി താമസിയാതെ രാഷ്ട്രീയം വിട്ടു. അവസാനമായി, 1971 ല്‍ അമ്പലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ. ബാലകൃഷ്ണന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ മാത്രം ചെങ്ങാരപ്പള്ളി വന്നു.
ഇതൊക്കെയാണെങ്കിലും ചെങ്ങാരപ്പള്ളിയുടെ പൊതുജീവിതത്തില്‍ ഒരു കറുത്ത പുള്ളിക്കുത്ത് വീണ് കിടപ്പുണ്ട്. ചാക്കിട്ടുപിടുത്തം എന്ന വാക്ക് കേരള രാഷ്ടീയ നിഘണ്ടുവിലെത്തിയത് ചെങ്ങാരപ്പള്ളി വഴിയാകണം. തെരഞ്ഞെടുപ്പില്‍ ജയിച്ച് കാലുമാറിയ ആദ്യത്തെ കേരള നിയമസഭാംഗം ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയാണ്. പിന്നീടാണ് ലോനപ്പന്‍ നമ്പാടനും ആര്‍. ശെല്‍വരാജുമെല്ലാം ‘ഈ പാത’ പിന്തുടര്‍ന്നത്!
1954 ല്‍ തിരു കൊച്ചി നിയമസഭയിലേക്ക് നടന്ന മല്‍സരത്തില്‍ പി.എസ്.പിയുടെ (പനമ്പിള്ളി ചവിട്ടിവീണ സി.ജി ജനാര്‍ദ്ദനന്റെ പാര്‍ട്ടിയായ അതേ പഴത്തൊലി) സഖ്യകക്ഷിയായ ആര്‍.എസ്.പി ടിക്കറ്റില്‍ അമ്പലപ്പുഴയില്‍ നിന്ന് ജയിച്ച ചെങ്ങാരപ്പള്ളി പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് രാജിവെക്കേണ്ടി വന്നപ്പോള്‍ (കോണ്‍ഗ്രസുകാരനല്ലാത്ത പട്ടത്തെ പഞ്ചാബ് ഗവര്‍ണറായി പട്ടം പോലെ പറത്തുകയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് ഹൈക്കമാന്റ്) മന്ത്രിസഭയുടെ ഭാവി തുലാസിലാടി. പനമ്പിള്ളിയാണ് പട്ടത്തിന്റെ പിന്‍ഗാമിയായി വന്നത്. പക്ഷേ ഭൂരിപക്ഷം പ്രശ്‌നമായിരുന്നു. അവിശ്വാസം വരുമെന്നായപ്പോള്‍ കൊടകരയില്‍ നിന്ന് ജയിച്ച മറ്റൊരൂ പി.എസ്.പിക്കാരന്‍ പൊളിയേടത്ത് കേശവമേനോനും അമ്പലപ്പുഴ എം.എല്‍.എ ചെങ്ങാരപ്പള്ളിയും കാലുമാറി എതിര്‍പാര്‍ട്ടിയിലുള്ള പനമ്പിള്ളിക്ക് വോട്ട് ചെയ്ത് മന്ത്രിസഭയെ താങ്ങി നിര്‍ത്തി. പട്ടം താണുപിള്ളയും പി.എസ്.പിനേതാക്കളും നിസ്സഹായതയോടെ ഈ കൂറുമാറ്റനാടങ്ങളെല്ലാം നോക്കി നിന്നു.
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന പഴത്തൊലിയില്‍ ചവിട്ടി സി.ജി ജനാര്‍ദ്ദനന്‍ എന്ന് കരുത്തനായ തൃശൂര്‍ക്കാരന്‍ തെന്നിവീണുവെങ്കില്‍, ഇതേ പാര്‍ട്ടിയിലെ രണ്ടു പഴത്തൊലികളാണ് പനമ്പിള്ളി മന്ത്രിസഭയെ രക്ഷപ്പെടുത്തിയതെന്നത് ചരിത്രം.
ചരിത്രം പക്ഷേ ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയെന്ന, ഭാഷാസ്‌നേഹി കൂടിയായ രാഷ്ട്രീയക്കാരനോട് നീതി കാണിച്ചില്ല. കാലുമാറ്റത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വവും അവസാനനാളില്‍ ചെങ്ങാരപ്പള്ളിയെ കൈയൊഴിഞ്ഞു. ഓര്‍ക്കുക, ആണ്ടില്‍ 28,000 പറ നെല്ല് പാട്ടമായി കിട്ടിയിരുന്ന ഒരു കുടുംബത്തിന്റെ നാഥന്‍, രാഷ്ട്രീയം നല്‍കിയ കയ്‌പേറിയ അനുഭവങ്ങളുമായി, അന്ത്യനാളുകളില്‍ ഒരു വാടകവീട്ടില്‍ കിടന്ന് തീര്‍ത്തും നിസ്വനായി അസ്തമിച്ചു, ആരോരുമറിയാതെ. മരണം കഴിഞ്ഞ് നാലോ അഞ്ചോ നാളുകള്‍ക്ക് ള്‍ക്ക് ശേഷമാണ് പത്രങ്ങളില്‍ പോലും അത് വാര്‍ത്തയായത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത്, ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റിയെപ്പോലുള്ള നേതാക്കളേയും ചിലപ്പോഴെങ്കിലും പുതുതലമുറ ഓര്‍ക്കാന്‍ ശ്രമിക്കുക.