വിഖ്യാതമായ ടൈം മാഗസിന്റെ എക്കാലത്തേയും ആരാധകനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടൈം മാഗസിന്റെ കവറില്‍ ഇടം പിടിക്കുക എന്നത് ലോക നേതാക്കളുടേയും സമ്പന്നരുടേയും ആഗ്രഹമാണ് എപ്പോഴും. അത് ഒരിക്കലും മറച്ചുവെച്ചിട്ടില്ലാത്ത ആളാണ് ട്രംപ്. ഈ വര്‍ഷം തന്നെ ട്രംപിന്റെ നാല് കവര്‍ ചിത്രങ്ങളാണ് ടൈം പ്രസിദ്ധീകരിച്ചത്. ടൈമിന്റെ കവര്‍ ചിത്രമെന്ന പേരില്‍ വ്യാജ കവര്‍ ചിത്രമുണ്ടാക്കി തന്റെ ചില ഓഫീസുകളില്‍ പ്രദര്‍ശിപ്പിച്ചയാളാണ് ട്രംപ് എന്നറിയുമ്പോള്‍, ഊഹിക്കാം അദ്ദേഹത്തിന്റെ ടൈം ഭ്രമം. അത്തരം ചിത്രങ്ങള്‍ എടുത്തുമാറ്റാന്‍ ട്രംപിനോട് ആവശ്യപ്പെടേണ്ടി വന്നു ടൈം മാഗസിന്‍ അധികൃതര്‍ക്ക്.
ഇപ്പോള്‍. ടൈമിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ ട്രംപ് തന്നെയാണ് കവര്‍ ചിത്രം. പക്ഷെ പ്രസിഡന്റ് സന്തുഷ്ടനല്ല. തന്റെ മോശം ചിത്രം ടൈം പ്രസിദ്ധീകരിച്ചു എന്ന പരാതിയാണ് അദ്ദേഹം ഉന്നയിക്കുന്നത്. ഗാസ വെടിനിര്‍ത്തല്‍ മധ്യസ്ഥതയില്‍ ട്രംപിന്റെ പങ്കിനെ പ്രകീര്‍ത്തിച്ച് ടൈം മാഗസിന്റെ നവംബര്‍ 10 ലക്കത്തില്‍ വന്ന കവര്‍ ചിത്രമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ട്രംപിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ആ ചിത്രം ‘എക്കാലത്തെയും മോശമായത്’ ആണ്.


ഗാസയില്‍ ട്രംപിന്റെ നയതന്ത്ര വിജയത്തെക്കുറിച്ച് ടൈം മാഗസിന്‍ താരതമ്യേന നല്ലൊരു ലേഖനം നല്‍കിയെങ്കിലും, കവറിലെ ചിത്രം ട്രംപിന് തീരെ ഇഷ്ടപ്പെട്ടില്ല. താഴെനിന്നുള്ള ആംഗിളില്‍, സൂര്യന്‍ തലയുടെ പിന്നില്‍ വരുന്ന രീതിയില്‍ എടുത്ത ആ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ‘സൂപ്പര്‍ ബാഡ്’ എന്നാണ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് തന്റെ അതൃപ്തി പരസ്യമാക്കിയത്.
‘ടൈം മാഗസിന്‍ എന്നെക്കുറിച്ച് താരതമ്യേന നല്ലൊരു ലേഖനം എഴുതി, പക്ഷേ ആ ചിത്രം എക്കാലത്തെയും മോശമായത് ആണ്- ട്രംപ് എഴുതി. ‘അവര്‍ എന്റെ മുടി ‘അപ്രത്യക്ഷമാക്കി’, എന്നിട്ട് എന്റെ തലയ്ക്ക് മുകളില്‍ ഒരു ചെറിയ, പൊങ്ങിക്കിടക്കുന്ന കിരീടം പോലെ എന്തോ വെച്ചു. ശരിക്കും വിചിത്രം! താഴെനിന്നുള്ള ആംഗിളില്‍ ചിത്രമെടുക്കുന്നത് എനിക്കൊരിക്കലും ഇഷ്ടമല്ല, പക്ഷേ ഇത് അങ്ങേയറ്റം മോശമായ ഒരു ചിത്രമാണ്, അതിനെ അങ്ങനെ തന്നെ വിളിക്കണം. അവര്‍ എന്താണ് ചെയ്യുന്നത്, എന്തിനാണ് ഇത് ചെയ്തത്?’ ട്രംപ് ചോദിച്ചു.
ട്രംപിന്റെ താടിക്കും കഴുത്തിനും സൗന്ദര്യം കൂട്ടാത്ത ഈ ചിത്രം, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസമിന്റെ പ്രസ്സ് ഓഫീസും ആഘോഷമാക്കി. അവര്‍ ആ ഭാഗം വലുതാക്കി ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഒക്ടോബര്‍ 5-ന് വൈറ്റ് ഹൗസില്‍ ബ്ലൂംബെര്‍ഗിന് വേണ്ടി ഗ്രേം സ്ലോണ്‍ എടുത്ത ചിത്രമാണ് പുതിയ ലക്കത്തില്‍ ഉപയോഗിച്ചത്. വിവാദത്തില്‍, വിചാരിക്കാത്ത കോണില്‍നിന്ന് ട്രംപിന് പിന്തുണ ലഭിച്ചത് ശ്രദ്ധേയമായി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മരിയ സഖറോവയാണ് ചിത്രത്തിനെതിരെ രംഗത്തുവന്നത്. ഈ ചിത്രം തിരഞ്ഞെടുത്തവരെ അവര്‍ വിമര്‍ശിച്ചു. ‘ഇതൊരു അത്ഭുതമാണ്: ഈ ഫോട്ടോഗ്രാഫ് അതിലുള്ള വ്യക്തിയെക്കാള്‍ കൂടുതല്‍, അത് തിരഞ്ഞെടുത്തവരെക്കുറിച്ചാണ് വെളിപ്പെടുത്തുന്നത്. വിദ്വേഷവും ദേഷ്യവും ബാധിച്ച, വികലമായ ആളുകള്‍ക്കേ ഇങ്ങനെയൊരു ചിത്രം തിരഞ്ഞെടുക്കാന്‍ കഴിയൂ,’ അവര്‍ ടെലിഗ്രാമില്‍ കുറിച്ചു.
ട്രംപിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, അതായത് ടൈം എഡിറ്റര്‍മാര്‍ എന്താണ് ചെയ്തത്, എന്തിനാണ് ചെയ്തത്, എന്നതിനെക്കുറിച്ച് ഗാര്‍ഡിയന്‍ ഓസ്ട്രേലിയയുടെ പിക്ചര്‍ എഡിറ്റര്‍ കാര്‍ലി ഏള്‍ ഒരു വിശദീകരണം നല്‍കുന്നുണ്ട്. ഈ ചിത്രം അധികാരത്തെയും മഹത്വത്തെയും സര്‍ഗ്ഗാത്മകമായി പകര്‍ത്തിയതാണെന്നാണ് അവര്‍ പറയുന്നത്.
‘യഥാര്‍ത്ഥത്തില്‍ സാങ്കേതികമായി ഈ ചിത്രം മികച്ചതാണ്,’ ഏള്‍ പറയുന്നു. ‘ട്രംപിനെ ഒരു ഹീറോയെപ്പോലെ കാണിക്കാനാണ് ഈ ചിത്രം തിരഞ്ഞെടുത്തത്. ഒരാള്‍ മുകളിലേക്ക് നോക്കുന്നത് അവരുടെ മഹത്വം വെളിപ്പെടുത്തുന്നു. ട്രംപിന്റെ മുഖം ചിന്താഭരിതവും മാലാഖയെപ്പോലെ തോന്നിക്കുന്നതുമാണ്. ട്രംപിന്റെ ഇത്രയും ശാന്തമായ നിമിഷങ്ങളിലുള്ള ചിത്രങ്ങള്‍ അപൂര്‍വമാണ് – ഈ ചിത്രത്തിന് ഒരു മൃദുലതയുണ്ട്.’
സൂര്യപ്രകാശം പിന്നില്‍ വന്നതുകൊണ്ടാണ് ട്രംപിന്റെ മുടി ‘അപ്രത്യക്ഷമായതെന്നും’, അത് ഒരു ഹാലോ ഇഫക്റ്റ് ഉണ്ടാക്കിയെന്നും അവര്‍ വിശദീകരിച്ചു. തലക്കെട്ടും ട്രംപിന്റെ ഭാവവും തമ്മില്‍ ചേരുന്നുണ്ടെങ്കിലും, വിഷയത്തെ എപ്പോഴും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞെന്നു വരില്ലെന്ന് അവര്‍ അഭിപ്രായപ്പെട്ടു. താഴെനിന്നുള്ള ആംഗിളില്‍ ചിത്രമെടുക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല, ഈ ചിത്രത്തിന്റെ ആശയപരമായ എല്ലാ ഘടകങ്ങളും വളരെ ശക്തമാണെങ്കിലും, സൗന്ദര്യപരമായ ഘടകങ്ങള്‍ അത്ര ആകര്‍ഷകമല്ലെന്നും ഏള്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിനെതിരെ ട്രംപ് രംഗത്തുവന്നതിലൂടെ ടൈം മാഗസിന്‍ വീണ്ടും താരമായി. ലോകമെങ്ങും ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം നിറഞ്ഞിട്ടുണ്ട്. ട്രംപിനെ പുകഴ്ത്തുന്ന ലേഖനത്തിന് ഇതിലൂടെ വലിയ പ്രചാരം കിട്ടുമെന്നതാണോ ഇത്തരമൊരു എതിര്‍പ്പുമായി രംഗത്തുവരാന്‍ കാരണമെന്നും സംശയദൃക്കുകള്‍ അന്വേഷിക്കുന്നു. നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റി തന്നെയാണല്ലോ….