ഒരിടവേളക്ക് ശേഷം ജീവിതത്തിലെ പകുതിയിലേറെയും ജീവിച്ചു തീർത്ത നാട്ടിലേക്കു പ്രതീക്ഷിക്കാതെ ഒരു യാത്ര…
വെറും നാലു വർഷങ്ങൾക്കുള്ളിൽ മാറ്റങ്ങളുടെ ഘോര വർഷം തന്നെ സംഭവിച്ചല്ലോ!!
സൗദിയിൽ വീണ്ടും വന്നിറങ്ങുമ്പോൾ എമിഗ്രേഷൻ കൗണ്ടറിൽ ദീർഘനേരം കാത്തു നിന്ന പഴയ ഓർമ്മകൾ ഒന്ന് മിന്നി മറഞ്ഞു.. എന്നാൽ അദ്‌ഭുതപെടുത്തികൊണ്ട് വളരെ ഉത്തരവാദിത്വത്തോടെ നിമിഷങ്ങൾക്കകം നടപടികൾ പൂർത്തിയാക്കി നിറഞ്ഞ ചിരിയോടെ പാസ്പോർട് തിരികെ തന്ന വനിതാ ജീവനക്കാർ തന്നെ ആദ്യം അമ്പരപ്പിച്ചു… ബെഗേജ് ക്ലെയിം നായി മുന്നോട്ട് നടക്കുമ്പോൾ ചീറി പാഞ്ഞു വന്നു നിന്ന മെട്രോ വീണ്ടും അത്ഭുതമായി… പിന്നീടാങ്ങോട്ട് മാറ്റങ്ങളുടെ പെരുമ്പറ തന്നെ അനുഭവേദ്യമായി!!
സൗദി… തികച്ചും മാറിയിരിക്കുന്നു… റോഡിലൂടെ ഓടുന്ന വണ്ടികളിൽ ഡ്രൈവിംഗ് സീറ്റിൽ വനിതകൾ, മാളിലും സൂപ്പർ മാർക്കറ്റുകളിലും ജോലിക്കാരിൽ മിക്കതും വനിതകൾ, ആവരണ കുപ്പായങ്ങളില്ലാതെ അലസമായി നടക്കുന്ന അതി സുന്ദരികൾ, എവിടെയും ഇഷ്ടം പോലെ കറങ്ങി നടക്കാൻ പബ്ലിക് ട്രാൻസ്‌പോർട്ടുകൾ, നിരത്തിലൊന്നു കുറച്ചു നേരം ഒറ്റപ്പെട്ടു പോയാൽ തുറിച്ച നോട്ടവും ഹോണടിയുമായി വെറുപ്പിക്കുന്ന സൗദികളെ കാണാനേയില്ല.. അതേ സൗദി വല്ലാതെ മാറിയിരിക്കുന്നു…ആമാറ്റത്തോടൊപ്പം ആളുകളുടെ സംസ്കാരവും മാറിയിരിക്കുന്നു..
പഴയ ഓർമയിലേക്കൊന്നു തിരിച്ചു നടന്നാൽ..നഷ്ടബോധം വല്ലാതെ വേട്ടയാടുന്നു..മാറിയ സൗദിയെ ഒന്ന് വരി പുണരാനായില്ലല്ലോ..
സൗദിയിലെത്തിയ തൊണ്ണൂറുകളുടെ ആദ്യത്തിൽ ഷറഫിയയിലെ ടെലിഫോൺ ബൂത്തിലെ ക്യുവിൽ കോയിൻ കളുമായി കാത്തു നിന്ന ആ കാലം.. ഫോണിലൂടെ ഉതിർന്നു പോവുന്ന ഉച്വ സ വായുവിന് പോലും ക്യാഷ് ആവുന്ന ലിമിറ്റഡ് ആയ ഫോൺ സംഭാഷങ്ങൾ ( ഒരു മിനിറ്റിന് 13 റിയാൽ എന്നാണെന്റെ ഓർമ )
കഥകൾ എല്ലാം മാറി!!
എന്തും ലൈവ് ആയി ആരെയും അറിയിക്കാൻ പറ്റുന്ന യുഗത്തിലേക്കു.. ആളുകളും
വെറും കറുപ്പല്ലാത്ത ഒരു ഡിസൈൺ പോലും ഇല്ലാത്ത ആവരണ കുപ്പായത്തിൽ കളർലേക്കും അതില്ലാതെയും നടക്കാനായ കാലം… അതൊരു കറുപ്പിൽ നിന്നും പതിയെ വെളുപ്പിലേക്കും പിന്നെ പതിയെ വർണങ്ങളിലെക്കും മാറിയ മനസ്സ് പോലെയായി….
മക്കയിലേക്കുള്ള വഴിയിൽ റോഡിനിരുപുറവും പരന്നു കിടക്കുന്ന മരുഭൂമിക്ക് മാത്രം ഒരു മാറ്റവും തോന്നിയില്ല.. എല്ലാ വരാന്ത്യങ്ങളിലും മക്കയിൽ നിന്ന് ജിദ്ദായിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നത് 27 വർഷമാണ്.. ആ മരുഭൂമി മാത്രം മാറ്റങ്ങളുടെ ചമയങ്ങളില്ലാതെ ഹൃദയത്തോട് ചേർന്ന് നിന്നു…
ഹറമിന്റെ പരിസരങ്ങൾ നാലു വർഷം കൊണ്ട് അപ്പാടെ മാറി പോയി.. അന്ന് റോഡരികിൽ കണ്ട വലിയ പോസ്റ്റുകളിൽ കണ്ട ഫോട്ടോയിലെ ജബൽ ഒമർ പ്രൊജക്ടുകൾ യഥാർഥ്യമായി മുന്നിൽ കണ്ടപ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം തോന്നി… മക്ക ഹറമിലേക്ക് പ്രവേശിക്കുമ്പോൾ എന്നേ വന്നു നിറഞ്ഞ പ്രൗഡമായ ആ സുഗന്ധം എനിക്ക് വല്ലാത്ത ഗൃഹാ ദുരത സമ്മാനിച്ചു.. മാറ്റമില്ലാത്ത കാഴ്ചകൾ സൗദിയിൽ ഞാൻ കണ്ടത് അവിടെ മാത്രമായിരുന്നു….
റിയാദിടെ bilvd സിറ്റിയിലെ ഓപ്പൺ മ്യൂസിക്കൽ നൈറ്റ് കണ്ടപ്പോൾ ഒളിച്ചും പാത്തും നടത്തിയിരുന്ന സംഗീത നിശ കളെ ഓർത്തു ചുണ്ടിൽ ഒരു ചിരി മെല്ലെ പടർന്നു…
ജിദ്ദയിൽ നിന്നും റിയാദിലേക്കുള്ള യാത്രയിൽ അറ്റം കാണാത്ത മരുഭൂമി കാണുമ്പോഴൊക്കെ ഞാൻ പറഞ്ഞു കുറച്ചു നേരമെങ്കിലും ഒന്നിവിടെ നിർത്തൂ.. മരു കാറ്റ് മണലിൽ വരച്ചിട്ടു പോയ ഈ ചിത്രങ്ങളെ ഞാനൊന്നു മനസ്സിലേക്ക് ആവാഹിക്കട്ടെ…
ഇടയിൽ സൗദിയുടെ മാറ്റങ്ങളെ കുറിച്ച് വാ തോരാതെ സംസാരിച്ച മകനോട് കണ്ണിൽ നോക്കി ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു , അതേടോ ഞാനൊക്കെ ജീവിച്ചത് ആടുജീവിതം തന്നെ.. പക്ഷെ അതിലും ഒരാനന്ദമുണ്ടായിരുന്നു…നിന്നെപോലെത്തെ ന്യൂ ജനറേഷന് ഒരിക്കലും ചിന്തിക്കാൻ പോലും ആവാത്ത ജീവിതമാണെങ്കിലും.. അന്നത്തെ സൗദിയെ ഇന്നിനെക്കാൾ കൂടുതൽ എനിക്കിഷ്ടമായിരുന്നു…..
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group