സുരക്ഷിതമായ ജീവിതത്തിനും മികച്ച വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇന്ത്യക്കാർ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. എന്നാൽ സമീപകാലത്ത് കാനഡയിൽ ഇന്ത്യക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായത്. മാത്രമല്ല, ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വിസ അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കുന്നതായുള്ള റിപ്പോർട്ടുകളും ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കാനഡയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരെ, പ്രത്യേകിച്ച് ഇന്ത്യൻ വംശജർക്കെതിരെ, വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതായി സമീപകാല റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുകെ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് അഥവാ ISD എന്ന തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, 2019 നും 2023 നും ഇടയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളിൽ 227% മാണ് വർധനവ് ഉണ്ടായത്. ഇതേ കാലയളവിൽ എക്സ് പോലുള്ള സമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യൻ വംശജർക്കെതിരായ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ പോസ്റ്റുകളിൽ 1,350% വർദ്ധനവുണ്ടായി. ഇന്ത്യക്കാരെ വിശേഷിപ്പിക്കുന്ന ‘പജീത്’ പോലുള്ള വംശീയ അധിക്ഷേപങ്ങൾ തീവ്ര വലതുപക്ഷ അക്കൗണ്ടുകൾക്കിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവാൻ കാരണമായിരുന്നു. ഇത് കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും വർധിപ്പിച്ചു.
സമീപകാലത്ത് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം വിസ അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നതാണ്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലേക്ക് പഠനത്തിനായി ഈ വർഷം അപേക്ഷിച്ച ഇന്ത്യൻ വിദ്യാർത്ഥികളിൽ 80% പേരുടെയും വിസ അപേക്ഷകൾ നിരസിക്കപ്പെട്ടു. ഇത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ അഥവാ IRCC യുടെ കണക്കുകൾ പറയുന്നു.
വിസ നിഷേധങ്ങളുടെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് കാനഡയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. ഒന്നാമത്തേത് പാർപ്പിട പ്രശ്‌നമാണ്. കുടിയേറ്റക്കാരുടെയും വിദ്യാർത്ഥികളുടെയും വർദ്ധനവ് കാനഡയിലെ പാർപ്പിട വിപണിയിൽ വലിയ സമ്മർദ്ദമുണ്ടാക്കി. ഇത് വാടക വർധിക്കാനും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറയാനും കാരണമായി.
വിദ്യാർത്ഥികൾക്ക് കാനഡയിൽ ജീവിക്കാൻ ആവശ്യമായ ഫണ്ടിന്റെ അളവ് കനേഡിയൻ സർക്കാർ ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. 2023-ൽ 10,000 കനേഡിയൻ ഡോളർ ആയിരുന്നത് 2024-ൽ 20,635 ഡോളറായി ഉയർത്തി. ഇത് തദ്ദേശീയരിൽ അതൃപ്തിയുണ്ടാക്കി. ഇതിനു പുറമെ, പഠനശേഷം വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന വർക്ക് പെർമിറ്റുകളുടെ നിയമങ്ങളിൽ കാനഡ കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു.
ഈ കാരണങ്ങൾ കൂടാതെ, വിസ അപേക്ഷകളിൽ ഉണ്ടാകുന്ന വ്യാജരേഖകളും ഒരു പ്രശ്‌നമായി കനേഡിയൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പ്രതിസന്ധികൾ കാരണം കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2024-ൽ 1.88 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമാണ് കാനഡയിൽ പ്രവേശനം ലഭിച്ചത്, ഇത് രണ്ട് വർഷം മുമ്പുണ്ടായിരുന്നതിന്റെ പകുതി മാത്രമാണ്.
കാനഡയിലെ സാഹചര്യം ഒറ്റപ്പെട്ടതല്ല, മറിച്ച് പൊതുവിൽ പാശ്ചാത്യ രാജ്യങ്ങളിൽ സമീപകാലത്തായി കാണപ്പെടുന്ന ഒരു പ്രവണതയുടെ ഭാഗമാണ്. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കി വരുന്നു. വർധിച്ചുവരുന്ന സാമ്പത്തിക പ്രശ്‌നങ്ങളും വിദ്വേഷ പ്രചാരണങ്ങളും പല രാജ്യങ്ങളെയും കുടിയേറ്റ നയങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുന്നു.
ഈ സാഹചര്യത്തിൽ, ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി മറ്റ് രാജ്യങ്ങളെ, പ്രത്യേകിച്ച് ജർമ്മനി പോലുള്ള യൂറോപ്യൻ രാജ്യങ്ങളെ കൂടുതൽ പരിഗണിച്ചുതുടങ്ങിയിട്ടുണ്ട്. ജർമ്മനിയിലെ കുറഞ്ഞ വിദ്യാഭ്യാസ ചെലവും തൊഴിൽ സാധ്യതകളുമാണ് ഇന്ത്യൻ വിദ്യാർത്ഥികളെ അങ്ങോട്ട് ആകർഷിക്കുന്നത്. ഏതായിരുന്നാലും, സുരക്ഷിതമെന്ന് കരുതിയിരുന്ന ഒരു രാജ്യത്തിന്റെ വാതിലുകൾ പെട്ടെന്ന് അടയുന്ന അവസ്ഥ, ഭാവി സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും പുനർവിചിന്തനം ചെയ്യാൻ ഇന്ത്യൻ വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്നു.