പുസ്തകാസ്വാദനം
കാലം കാത്തുവെച്ച ഒരു സൗഹൃദ യാത്രയുടെ കഥ പറയുകയാണ് നജ്ന പടിക്കമണ്ണിൽ എഴുതിയ ‘കാസ്പിയേവ്’. ഒരർത്ഥത്തിൽ യാത്രകൾ ആത്മാവിലേക്കുള്ള സഞ്ചാരമാണ്. അഞ്ചാം ക്ലാസ് മുതൽ ഒരുമിച്ചുള്ള ആറു പെൺകുട്ടികൾ ജീവിതത്തിൻ്റെ മുന്നോട്ടുള്ള ഗമനത്തിൽ ലോകത്തിലെ പലപല കോണുകളിലേക്കായെങ്കിലും സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയില്ല. 25 വർഷം പിന്നിട്ട ജീവിതയാത്രക്കൊടുവിൽ ആ കൂട്ടത്തിലെ നാലു പേർ നടത്തിയ സഞ്ചാരത്തിന്റെ കഥയാണ് ഈ കൃതി. ലളിതമായ ഭാഷയിൽ എഴുതിയ ഈ പുസ്തകം അവതരണത്തിൽ വ്യത്യസ്തത പുലർത്തുന്നു.
കഥാകാരിക്കൊപ്പം വായനക്കാരും കൂടെ സഞ്ചരിക്കുന്ന അനുഭൂതിയാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. മൂന്നു ദിനരാത്രങ്ങളിലെ അസർബൈജാൻ കാഴ്ചകളും അനുഭവങ്ങളും കോർത്തിണക്കിയ മനോഹരമായ ഈ യാത്രാവിവരണം പതിനൊന്ന് അധ്യാങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരംഭിച്ച ഒരു പതിവ് ചർച്ചയാണ് ഇത്തരമൊരു യാത്രയിലേക്കു ഈ നാലു പെൺകുട്ടികൾക്ക് വഴിയൊരുക്കിയത്. അവർ പ്ലാനിങ്ങിനു മേൽ പ്ലാനിങ് നടത്തി ഒടുവിൽ ലക്ഷ്യസ്ഥാനമായി നറുക്കു വീണത് അസർബൈജാനിനാണ്.
ഒടുവിൽ ഒരുക്കങ്ങളൊക്കെ നടത്തി 2024 ഒക്ടോബർ 18ന് അവർ യാത്ര തുടങ്ങി. കാസ്പിയൻ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാന നഗരമായ ബാക്കുവാണ് സന്ദർശനത്തിന് ആദ്യമായി അവർ തിരഞ്ഞെടുത്തത്. നവംബർ, ഡിസംബർ മാസങ്ങളിൽ മഞ്ഞു പെയ്യുന്ന രാജ്യമായിരുന്നിട്ടു കൂടെ അസർബൈജാനെ ‘അഗ്നിയുടെ നാട്’ എന്ന് വിശേഷിപ്പിക്കുന്നതിലെ കൗതുകവും എഴുത്തുകാരി ഹൃദ്യമായി പങ്കുവെക്കുന്നുണ്ട്.
ബാക്കുവിലെ പ്രയാണത്തിനു ശേഷം കൊക്കേഷ്യൻ മലനിരകളിലെ ഹൈറേഞ്ച് ആയ ഗബാലയിലാണ് സംഘം സന്ദർശിച്ചത്. അസർബൈജൻ നാഷണൽ കാർപ്പറ്റ് മ്യൂസിയം, ലിറ്റിൽ വെനീസ്, ഹൈദർ അലിയേവ് മ്യൂസിയം, ഗ്രീൻ ബസാർ, അതേഷ്ക അഗ്നിക്ഷേത്രം, പ്രകൃതി വാതകം കത്തുന്നതു മൂലം അണയാത്ത തീ നിലനിൽക്കുന്ന സ്ഥലമായ യാനാർദഗ് തുടങ്ങിയ സ്ഥലങ്ങളാണ് മൂന്നു ദിവസം നീണ്ട യാത്രയെ ഏറെ ആസ്വാദ്യകരമാക്കിയത്. മധുരമുള്ള ഹൃദ്യമായ ഒട്ടേറെ ഓർമ്മകളെ മനസ്സിലേക്ക് ആവാഹിച്ചാണ് എഴുത്തുകാരിയും സംഘവും അസർബൈജാനോട് വിട പറഞ്ഞത്.
ഓരോ യാത്രയും ഒരു തരത്തിൽ അലച്ചിൽ തന്നെയാണ്. പുതിയ മണങ്ങളെ, രുചികളെ, കാഴ്ചകളെ തെരഞ്ഞുള്ള പ്രയാണമാണ്. ഒടുവിൽ ഓരോ യാത്രയും ചെന്നെത്തുന്നത് സ്വന്തത്തിലേക്കുള്ള തേടലിലാണ്.
ലറ്റർബേർഡ് ബുക്സ് പ്രസിദ്ധീകരിച്ച കാസ്പിയേവിൻ്റെ കവർ ഡിസൈൻ ചെയ്തത് ഹജുൻ ഹാറൂൻ. വില160 രൂപയാണ്.