ബിഹാറിൽ രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര ഭരണകക്ഷിയായ ജനതാദൾ യുനൈറ്റഡിനെയും ബിജെപിയെയും അസ്വസ്ഥരാക്കി എന്ന് തെളിയിക്കുന്നതായിരുന്നു അവർ നടപ്പിലാക്കിയ ബിഹാർ ബന്ദ്. വോട്ടർ അധികാർ യാത്രക്കിടെ ധർബംഗയിൽ വെച്ച് ഒരു കോൺഗ്രസ് പ്രവർത്തകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയതിനു മറുപടിയായിട്ടാണ് എൻഡിഎ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ നീണ്ട ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. എന്നാൽ, രാജ്യത്തെ സ്ത്രീകൾക്കു വേണ്ടി എന്ന പേരിൽ എൻഡിഎ പ്രഖ്യാപിച്ച ബന്ദിൽ സ്ത്രീകൾ മർദിക്കപ്പെടുന്നതിന്റെയും, ഗർഭിണികൾക്ക് ആശുപത്രിയിലേക്കുള്ള യാത്ര വിലക്കപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.
ഓഗസ്റ്റ് 17-ന് തുടങ്ങി സെപ്തംബർ ഒന്നിന് അവസാനിച്ച രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര, തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ കാര്യമായ ചലനങ്ങളുണ്ടാക്കി എന്നൊരു പ്രതീതി നിലനിൽക്കുന്നുണ്ട്. 38 ജില്ലകളിലായി 1300-ഓളം കിലോമീറ്ററുകൾ താണ്ടിയ യാത്ര സംസ്ഥാനത്തെ കോൺഗ്രസ് – ആർജെഡി സഖ്യത്തെ മാത്രമല്ല, ഹിന്ദി ഹൃദയഭൂമികയെ തന്നെ സ്പർശിക്കുന്നതായിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നടന്ന ക്രമക്കേടുകൾക്കും, ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ വഴി 65 ലക്ഷം പേർ വോട്ടർ പട്ടികയ്ക്ക് പുറത്തായതിനും എതിരെയായിരുന്നു രാഹുലിന്റെ യാത്ര. അത് ബിഹാറിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാരുടെ കൂട്ടായ്മക്കുള്ള അവസരം കൂടിയായി മാറി.
16 ദിവസം നീണ്ട രാഹുലിന്റെ യാത്രയെ പൂർണമായി അവഗണിക്കാനായിരുന്നു ആദ്യഘട്ടത്തിൽ ബിജെപിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഉയർത്തിയ ആരോപണങ്ങൾ ചർച്ചയാവാതിരിക്കാൻ മുതിർന്ന ബിജെപി നേതാക്കൾ ശ്രദ്ധ കാണിക്കുകയും ചെയ്തു. രാഹുലിന്റെ യാത്രയ്ക്ക് മുഖ്യധാരാ ദിനപത്രങ്ങളും ടിവി ചാനലുകളുമൊന്നും വേണ്ടത്ര കവറേജ് നൽകിയതുമില്ല.
എന്നാൽ, അടിത്തട്ട് ഇളക്കി മറിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെയും ആർജെഡിയുടെയും പ്രവർത്തനം രാഹുലിന്റെ റാലിയെ ഒരു വലിയ വിജയമാക്കി മാറ്റി. സമൂഹമാധ്യമങ്ങളിലും അതിന്റെ പ്രതിഫലനം ദൃശ്യമായി. ജനങ്ങൾ വോട്ടവകാശത്തെക്കുറിച്ചും വോട്ടർ പട്ടികയെ കുറിച്ചും മുമ്പത്തേക്കാൾ ജാഗരൂകരായി. രാഹുലിന്റെ യാത്രയ്ക്കിടെ ലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ പരിശോധിച്ചത്. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിലെ ട്രാഫിക്ക് 20% വർധിക്കുക പോലുമുണ്ടായി.
ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ യാത്ര അവസാനിച്ച് രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധാരണമായ രീതിയിലുള്ള പ്രതികരണം നടത്തുന്നത്. രാഹുലിന്റെ യാത്ര ദർഭംഗയിലെത്തിയപ്പോൾ വേദിയിലുണ്ടായിരുന്ന മുഹമ്മദ് റിസ്വി എന്ന പ്രാദേശിക കോൺഗ്രസ് നേതാവാണ് മോദിയുടെ മരിച്ചുപോയ മാതാവിനെ അധിക്ഷേപിച്ചു സംസാരിച്ചത്. ഉടൻ തന്നെ സംഘാടകർ ഇയാളിൽ നിന്ന് മൈക്രോഫോൺ പിടിച്ചുവാങ്ങിയിരുന്നു. ബിജെപി നേതാവ് കൃഷ്ണ കുമാർ സിംഗിന്റെ യുടെ പരാതിയെ തുടർന്ന് ഇയാളെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ, ഒരു ഔദ്യോഗിക പരിപാടിയുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ സംഭവം ഉദ്ധരിക്കുകയും സാധാരണയിലും കൂടുൽ സമയമെടുത്ത് ഇതേപ്പറ്റി സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത, മരിച്ചുപോയ തന്റെ അമ്മയെ കോൺഗ്രസ് വേദിയിൽ നിന്ന് അധിക്ഷേപിച്ചുവെന്നും അത് തന്റെ അമ്മയെ മാത്രമല്ല രാജ്യത്തെ എല്ലാ അമ്മ പെങ്ങന്മാരെയും അപമാനിക്കുന്നതിനു തുല്യമാണെന്നുമാണ് മോദി പ്രസംഗിച്ചത്. മാത്രമല്ല, തന്നെ വളർത്തി വലുതാക്കുന്നതിനു വേണ്ടി അമ്മ കഷ്ടപ്പെട്ടതിനെപ്പറ്റിയും വികാരഭരിതനായി പ്രധാനമന്ത്രി സംസാരിച്ചു.
കോൺഗ്രസിന്റെ ഒരു സാധാരണ പ്രവർത്തകന്റെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി നേരിട്ട് പ്രതികരിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി. പ്രധാനമന്ത്രി, തന്റെ ഔദ്യോഗിക പ്രസംഗത്തിൽ ഒരു പ്രാദേശിക നേതാവിന്റെ പരാമർശത്തിന് മറുപടി നൽകാൻ മിനിറ്റുകൾ ചെലവഴിക്കുന്നത് അസാധാരണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇത്, രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ബിഹാറിൽ ലഭിച്ച ജനപിന്തുണയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതിനു പുറമെ സോണിയ ഗാന്ധി, മമതാ ബാനർജി തുടങ്ങിയ വനിതാ നേതാക്കൾക്കെതിരെ നരേന്ദ്ര മോദിയും മറ്റ് ബിജെപി നേതാക്കളും മുമ്പ് നടത്തിയ മോശം പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. സമീപകാലത്ത് ശക്തി പ്രാപിച്ച കോൺഗ്രസിന്റെ സൈബർ വിഭാഗം ഇക്കാര്യത്തിൽ കാണിക്കുന്ന ഉത്സാഹവും ജാഗ്രതയും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ബിജെപി ബിഹാറിൽ അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള ബന്ദിന് ആഹ്വാനം ചെയ്തു. എൻഡിഎയുടെ വനിതാ വിഭാഗം നേതൃത്വം നൽകിയ ഈ ബന്ദ് കോൺഗ്രസിനെതിരെ ജനങ്ങളെ തിരിക്കുക എന്ന ഉദ്ദേശ്യത്തിലായിരുന്നുവെങ്കിലും ആ ഉദ്ദേശ്യം നിറവേറിയില്ല എന്നു വേണം മനസ്സിലാക്കാൻ. കാരണം, ബന്ദിന്റെ ഭാഗമായി സാധാരണക്കാരായ സ്ത്രീകളും പെൺകുട്ടികളും ഗർഭിണികളും വരെ പ്രയാസപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബന്ദിനെതിരെ പ്രതിഷേധിച്ച ഒരു അധ്യാപികയെ ബിജെപി പ്രതിനിധികൾ പൊലീസിന്റെ സാന്നിധ്യത്തിൽ വലിച്ചിഴക്കുന്നതിന്റെയും തള്ളുന്നതിന്റെയും വീഡിയോകളും വൈറലായി. അതോടെ, സിംപതി പിടിച്ചുപറ്റുന്നതിനു വേണ്ടി തങ്ങൾ നടത്തിയ നീക്കം ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല, തിരിച്ചടിക്കുക കൂടി ചെയ്തത് ബിജെപിക്ക് തിരിച്ചടിയായി.