
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കുഞ്ഞുമുഹമ്മദ് മദനി എഴുതിയ ലേഖനം.
സ്വന്തം ജീവിതത്തിൽ തിരുത്തേണ്ട തിന്മകൾ തിരുത്തിയും ചേർക്കേണ്ട നന്മകൾ കൂട്ടിച്ചേർത്തും ഒരു പുതിയ ആത്മീയ ഉൽകർ ഷം വീണ്ടെടുക്കുക എന്നതാണ് എല്ലാ ആരാധനകളെയും പോലെ റമദാൻ വ്രതത്തിന്റെയും ലക്ഷ്യം. ആ ലക്ഷ്യസാക്ഷാത്ക്കാരം നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തുകയാണ് ഈ സന്ദർഭത്തിൽ ചെയ്യേണ്ടത്.
നമസ്കാരങ്ങളും നോമ്പും ഹജ്ജും ഉംറയും ഏറി വന്നിട്ടുണ്ട്. എങ്ങും പള്ളികൾ ഉയർന്നുവരുന്നു. അവിടങ്ങളിലെല്ലാം ജനനിബിഢം. ഹജ്ജും ഉംറയും ജനങ്ങളുടെ ആവേശമായി മാറിയിരിക്കുന്നു. മതപ്രബോധനങ്ങളും ദിക്റ് മേളകളും ആത്മീയ നിലാവുകളും അവക്കുവേണ്ടി ചെലവിടുന്ന കോടി കണക്കിന് പണവും വർധിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും അവക്ക് ആനുപാതികമായ ധാർമ്മിക വിശുദ്ധി സമൂഹത്തിൽ കാണുനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നാടോടുമ്പോൾ നടുവിലോടാതെ, അല്പം മാറി നിന്ന് നാം നമ്മുടെ സ്വന്തത്തിലേയ്ക്ക് മടങ്ങി ആത്മപരിശോധന നടത്താൻ ഈ വിശുദ്ധിയുടെ മാസം നമുക്ക് പ്രചോദനമാകണം.
അല്ലാഹു നമ്മുടെ നമസ്കാരവും നോമ്പും മറ്റു ആരാധനാ കർമ്മങ്ങളും സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ ജീവിതം നന്മയുടെ വഴിയിലേക്ക് മാറിയിരിക്കുമെന്നാണ് ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. ഈ ആരാധനാ കർമ്മങ്ങൾ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് പരലോകത്ത് എത്തുമ്പോൾ മാത്രമേ നമുക്ക് കൃത്യമായി മനസ്സിലാകൂവെങ്കിലും നമ്മിൽ തന്നെ പ്രത്യക്ഷമാകുന്ന ചില സ്വഭാവ മാറ്റങ്ങളിൽ കൂടി ഈ ആരാധനാ കർമ്മങ്ങളുടെ ഫലസിദ്ധി നമുക്ക് സ്വയം നിരീക്ഷിക്കാനുള്ള ലക്ഷണങ്ങൾ നബി (സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. നബി(സ) പറഞ്ഞു: മൂന്ന് സ്വഭാവങ്ങളുള്ളവർ ഈ മാനിൻ്റെ മധുരം അനുഭവിച്ചവരാണ്.
ഒന്ന് അല്ലാഹുവും തിരു ദൂതരും മറ്റെല്ലാവരെക്കാളും തനിക്ക് ഇഷ്ടപ്പെട്ടവരാകുക. രണ്ട് അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രം മനുഷ്യനെ സ്നേഹിക്കുക, മൂന്ന് സത്യനിഷേധത്തിൽ പെട്ടുപോകാതെ അല്ലാഹു തന്നെ രക്ഷിച്ചതിന് ശേഷം പിന്നീട് വീണ്ടു അതിലേക്ക് മടങ്ങിച്ചെല്ലുന്നത് തീയിൽ ചെന്ന് ചാടുന്ന പോലെ വെറുക്കുന്ന മാനസികാവസ്ഥ കൈവരിക്കുക(ബുഖാരി).
വിശ്വാസം (ഈമാൻ) എന്നത് കേവലം ബാഹ്യമായ ഒരു ലേബലല്ല. മറിച്ച് അല്ലാഹുവിന്റെ മഹത്വമറിഞ്ഞ് അവനിൽ സമ്പൂർണ്ണ വിശ്വാസമർപ്പിക്കുക വഴി ലഭിക്കുന്ന ഉയർന്ന മാനസികമായ ഉൽക്കർഷമാണ്. അപ്പോൾ തിന്മകൾ അയാൾക്ക് കൈപ്പുള്ളതായി അനുഭവപ്പെടും. നന്മകൾ മധുരമായി തോന്നും. ഈ ഈമാൻ ജീവിതത്തിലുടനീളം നിലനിർത്താൻ വേണ്ടി എന്തും സഹിക്കാനവൻ തയ്യാറാകും. മനുഷ്യബന്ധങ്ങൾ ആത്മാർത്ഥമായി മാറും. സ്വാർത്ഥമോഹങ്ങളോ ഭൗതിക നേട്ടമോ അയാളെ സ്വാധീനിക്കില്ല. തിന്മകളെ ലാഘവത്തോടെ കാണുകയില്ല. തിന്മകൾ ചെയ്യുന്നത് അല്ലാഹുവിന്റെ കോപത്തിനും നരകശിക്ഷക്കും കാരണമാകുമല്ലോ എന്ന ഭയം അവനെ ഭരിക്കും. ഇതാണ് യഥാർത്ഥ വിശ്വാസം മനുഷ്യനിലുണ്ടാക്കുന്ന മാറ്റം. നമ്മുടെ നോമ്പും മറ്റു ആരാധനകളും മുഖേനെ ഈയൊരു മാനസികാവസ്ഥയിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് നാം പരിശോധിക്കേണ്ടത്.
ഒരുമാസത്തെ വ്രതവും, തുടർന്നുള്ള ആരാധന കർമ്മങ്ങളും കൊണ്ട് അവസാനിക്കേണ്ടതല്ല വ്രതശുദ്ധി. വിശ്വാസികൾക്ക് നോമ്പ് നിർബന്ധമായി നിശ്ചയിച്ചത് നിങ്ങൾ ദോഷബാധയെ സൂക്ഷിക്കാൻ വേണ്ടിയാണ് എന്നാണ് അല്ലാഹു പറയുന്നത്. അതായത് സൂക്ഷ്മത പുലർത്തുന്ന ഒരു പുതിയ ജീവിതത്തിലേക്ക് മാറുകയാണ് നോമ്പിന്റെ ലക്ഷ്യം.
നമസ്കാരവും നോമ്പും ഹജ്ജും മറ്റു ആരാധന കർമ്മങ്ങളും മുറ പ്രകാരം നിർവഹിക്കുന്ന വിശ്വാസി സമൂഹത്തിൽ നന്മയുടെ പക്ഷത്ത് ഏത് പ്രതി സന്ധി കളിലും ഉറച്ചു നിൽക്കും ‘
പലരും കാലിടറിപ്പോകുന്ന മേഖലയാണ് സാമ്പത്തിക രംഗം. പ്രത്യേകിച്ച് സക്കാത്ത്. നബിയുടെ വിയോഗാനന്തരം ഒന്നാം ഖലീഫ അബൂബക്കർ(റ) അഭിമുഖീകരിച്ച വെല്ലുവിളി സക്കാത്ത് കൊടുക്കാൻ വിസമ്മതിച്ച മുസ്ലിംകളെയായിരുന്നു. കഴിവുണ്ടായിട്ടും സക്കാത്ത് നൽകില്ലെന്ന് പറഞ്ഞ മുസ്ലിംകളോട് ഖലീഫ യുദ്ധം പ്രഖ്യാപിച്ചു. അഞ്ചു ഇസ്ലാമിക സ്തംഭങ്ങളിൽ ഒന്ന് നിഷേധിച്ചവരെ വിശ്വാസികളുടെ ഗണത്തിൽ ഖലീഫയും സ്വഹാബികളും കണക്കാക്കിയില്ല. സമ്പത്ത് അല്ലാഹു നൽകിയ അനുഗ്രഹമാണ്. അതിൽ ഒരു ചെറിയ വിഹിതം (പണത്തിന്റെ രണ്ടര ശതമാനം) നിശ്ചയിക്കപ്പെട്ട ദരിദ്രരുടെ അവകാശമാണ്. അത് അവർക്ക് നൽകുക എന്നത് ശഹാദത്ത് കലിമയുടെ താൽപര്യമാണ്. |
കേവലം ബാഹ്യമായ ചടങ്ങുകളായി നമ്മുടെ ആരാധനകൾ മാറരുത്. അവ നമ്മുടെ നിത്യജീവിതത്തെ സ്വാധീനിക്കണം. മാറ്റങ്ങളുണ്ടാക്കണം. അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും നാവുകൊണ്ട് ചൊല്ലിപ്പറഞ്ഞ് വിശ്വാസിയായാൽ പോരാ, നമ്മുടെ ജീവിതം ആ രണ്ടു ശഹാദത്ത് കലിമകളുടെ സാക്ഷിയാവുകയും വേണം. ഇതിനായിരിക്കട്ടെ നമ്മുടെ പ്രയത്നങ്ങൾ.