സിനിമയിലും ജീവിതത്തിലും വേറിട്ടുനടന്ന മഹാപ്രതിഭയായിരുന്നു ശ്രീനിവാസൻ. നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകൻ, തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആർട്ടിസ്റ്റ് തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശ്രീനി കാലത്തിനു മുമ്പേ നടന്ന പ്രതിഭയാണ്. മലയാളി സിനിമാ പ്രേമികൾ ഏറെ സ്വീകരിച്ച സന്ദേശം സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങുന്നതിനുമുമ്പ്, ഒരുകാലത്തും മറക്കാൻ കഴിയാത്ത സംഭാഷണങ്ങളാവും സിനിമയിൽ ഉണ്ടാവുക എന്ന് ശ്രീനിവാസൻ സംവിധായകൻ സത്യൻ അന്തിക്കാടിന് വാക്കുകൊടുത്തിരുന്നത്രേ. തിരക്കഥയിലെ ഒരുവരിപോലും എഡിറ്റുചെയ്ത് കളഞ്ഞിട്ടില്ലെന്ന് സന്ദേശത്തെക്കുറിച്ച് സത്യൻ അന്തിക്കാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കേരള രാഷ്ട്രീയത്തിന് കാലമെത്രകഴിഞ്ഞാലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്ന് മനസിലാക്കിയ ശ്രീനിവാസന്റെ ദീർഘദൃഷ്ടിയാണ് ഓരോ സംഭാഷണത്തിലും പ്രകടമാകുന്നത്. ശ്രീനിവാസന്റെ വിലയിരുത്തലുകൾ അല്പംപോലും തെറ്റിയിട്ടില്ലെന്ന് കാലം കാണിച്ചുതന്നുകൊണ്ടേയിരിക്കുന്നു.
സന്ദേശത്തിലെ ഡയലോഗുകളും അതടങ്ങിയ ട്രോൾ കാർഡുകളും സ്റ്റിക്കറുകളും ഇപ്പോഴും പാറിപ്പറക്കുന്നു. മുപ്പത്തിനാലുവർഷം മുമ്പ് പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ ഓരോ സംഭാഷണവും ഇന്നത്തെ രാഷ്ട്രീയത്തിനെ മാത്രമല്ല എക്കാലത്തയും രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നതാണ്. കാലമെത്ര മുന്നോട്ടുപോയാലും ഇവിടത്തെ രാഷ്ട്രീയവും നേതാക്കളും ഇങ്ങനെതന്നെയായിരിക്കും എന്ന് വർഷങ്ങൾക്കുമുന്നേതന്നെ ശ്രീനിവാസൻ വ്യക്തമായി മനസിലാക്കിയിരുന്നു. അനുഭവങ്ങൾക്കൊപ്പം ശക്തമായ നിരീക്ഷണവുമാണ് കാലാതിവർത്തികളായ സംഭാഷണങ്ങൾ രചിക്കാൻ ശ്രീനിവാസനെ സഹായിച്ചത്. പാർട്ടിക്കാരെ വലിച്ചുകീറുന്ന ഡയലോഗുകൾ എഴുതിയെങ്കിലും ഒരുസർക്കാരും ആ വായ അടപ്പിക്കാൻ ശ്രീനിവാസനെതിരെ കേസെടുത്തിരുന്നില്ല.
മലയാളിക്ക് എക്കാലത്തും ചിന്തിച്ച് ചിരിക്കാൻ നിരവധി സിനിമകളാണ് ആ തൂലികയിൽ നിന്ന് പിറവികൊണ്ടത്. ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങൾ കൂടിയായിരുന്നു ഓരോ ചിത്രങ്ങളും. സർക്കാർ ഓഫീസുകളിലെയും കരാർ സമ്പ്രദായത്തിലെയും നൂലാമാലകൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞതാണ്. പക്ഷേ, ആ വരണ്ട വിഷയം ശ്രീനിവാസന്റെ തൂലികയിലൂടെ സിനിമയായപ്പോൾ മലയാളികൾ ആർത്തലച്ചുചിരിച്ചു.പതിറ്റാണ്ടുകൾക്കുശേഷവും ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു. മലയാളം ഉളളകാലത്തോളം ചിരിക്കുകയും ചെയ്യും. അറുബോറായ ഒരുപ്രമേയത്തെ ഇത്രയും രസകരമായി അവതരിപ്പിക്കാൻ ശ്രീനിക്കല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ എന്ന സംശയമാണ്. മോഹൻലാലിനെ നായകനാക്കി ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ സിനിമയാണ് വരവേൽപ്പ് . ഈ സിനിമ തന്റെ ജീവിതത്തിലുണ്ടായ കഥയാണെന്ന് ശ്രീനിവാസൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ജീവിക്കാനായും മറ്റുചിലർക്ക് താെഴിൽ നൽകാനുമായി, കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണംകൊണ്ട് ബസ് വാങ്ങുകയും രാഷ്ട്രീയപാർട്ടിക്കാരുടെയും കുത്തക മുതലാളിമാരുടെയും ഉദ്യോഗസ്ഥരുടെയും ശത്രുതാപരമായ പ്രവൃത്തികൾ മൂലം പ്രവാസി മലയാളിയായ ആ വ്യക്തി കുത്തുപാളയെടുക്കുന്ന അവസ്ഥ സിനിമയിലൂടെ കണ്ടപ്പോൾ മനസുനോവാത്തവരായി മലയാളികളാരും ഉണ്ടാവില്ല. മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമർശന സിനിമകളുടെ പട്ടികയെടുത്താൽ അതിൽ കൂടുതലും ശ്രീനിവാസൻ സിനിമകളായിരുന്നു എന്ന് നിസംശയം പറയാം.
1977ൽ പികെ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് ശ്രീനിവാസൻ സിനിമയിലേക്ക് എത്തുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞാണ് തിരക്കഥാകൃത്തെന്ന നിലയിൽ ശ്രീനിവാസൻ തന്റെ വരവറിയിച്ചത്. ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലൂടെയായിരുന്നു അത്. മലയാളിക്ക് എക്കാലത്തും ചിന്തിച്ച് ചിരിക്കാൻ നിരവധി സിനിമകളാണ് ആ തൂലികയിൽ നിന്ന് പിറവികൊണ്ടത്. ഹാസ്യത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും നവ്യാനുഭവങ്ങൾ കൂടിയായിരുന്നു ഓരോ ചിത്രങ്ങളും. കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ ശ്രീനിവാസൻ എന്ന അതുല്യ സിനിമാ പ്രതിഭ ജീവിച്ച് കൊണ്ടേയിരിക്കും. മലയാള സിനിമയുടെ സൗന്ദര്യമാണ് വിടവാങ്ങുന്നത്.



