സർദാർ വല്ലഭഭായ് പട്ടേൽ എന്ന ഇന്ത്യയുടെ ഉരുക്കു മനുഷ്യന്റെ ഓർമ്മയിലാണ് രാജ്യം. സ്വാതന്ത്ര്യസമര സേനാനിയും ധിഷണാശാലിയുമായ മുൻ ഇന്ത്യൻ ഉപ പ്രധാനമന്ത്രി എക്കാലത്തും നമ്മുടെ ഓർമ്മകളിൽ സജീവമാണ്. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപതികളായ ബ്രിട്ടീഷുകാരോട് സന്ധിയില്ലാതെ സമരം ചെയ്ത് ഇന്ത്യ സ്വതന്ത്രമായിട്ടും രാജ്യത്തോട് ചേർന്നുനിൽക്കാൻ തയ്യാറാകാത്ത 562 നാട്ടുരാജ്യങ്ങളെ ജനാധിപത്യ ഇന്ത്യയോട് കൂട്ടിച്ചേർത്ത ക്രാന്ത ദർശിയായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു സർദാർ വല്ലഭായി പട്ടേൽ.
“ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ” എന്നറിയപ്പെടുന്ന പട്ടേൽ, എതിരാളിക്കു മുന്നിൽ പതറാത്ത ധൈര്യത്തിന്റെയും ആത്മാഭിമാനത്തിൽ നെയ്തെടുത്ത രാഷ്ട്ര സ്നേഹത്തിന്റെയും പ്രതീകമായിരുന്നു. ദേശീയ ഐക്യത്തിനുള്ള അനശ്വര സമർപ്പണത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായാണ് സ്വതന്ത്രാനന്തര ഇന്ത്യയെ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അഖണ്ഡതയുടെയും പാതയിലേക്ക് കൈപിടിച്ചു നടത്താൻ കഴിഞ്ഞത്. വിഭജനാനന്തരം ഇന്ത്യയിൽ ഉണ്ടായിരുന്ന രാഷ്ട്രീയവും സമുദായികവുമായ അസ്വസ്ഥതകളെ പരിഹരിക്കുകയും വിഭാഗീയ പ്രവണതകളെ ഉന്മൂലനം ചെയ്യുകയും ചെയ്ത പട്ടേൽ രാഷ്ട്രത്തെ പുരോഗതിയുടെ പന്ഥാവിലേക്കു നയിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകി.
കശ്മീർ മുതൽ കന്യാകുമാരി വരെ വ്യാപാരിച്ചുകിടന്നിരുന്ന ചെറിയ നാട്ടു രാജ്യങ്ങളെ ഇന്ത്യയോട് സംയോജിപ്പിക്കുക എന്നത് അതിസാഹസികത നിറഞ്ഞ കാര്യമായിരുന്നു. കശ്മീരും, ജുനഗഡും , ഹൈദരാബാദും ഇന്ത്യയുടെ ഭാഗമാകാൻ വിസമ്മതിച്ചപ്പോൾ രക്തരഹിതമായ നടപടികളിലൂടെ അദ്ദേഹം അവയെ ഇന്ത്യയുടെ ഭാഗമാക്കി.
നിയമനിർമാണം വഴിയും ഉടമ്പടികൾ വഴിയും സൈനിക നടപടികൾ വഴിയും പട്ടേൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യയോട് കൂട്ടിച്ചേർക്കൽ എന്ന വെല്ലുവിളി ഏറ്റെടുക്കുകയും ഇന്ത്യയെ പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി ഉയർത്തുന്നതിലെ നേതൃത്വ സൂര്യൻ ആവുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആയിരുന്ന സർദാർ പട്ടേൽ ഭരണ പരിഷ്കരണ രംഗത്ത് പ്രത്യേകിച്ച് ഓൾ ഇന്ത്യ സർവീസസിന്റെ രൂപീകരണത്തിലും നടത്തിപ്പിലും നൽകിയ സംഭാവനകളും മഹത്തരമാണ്’
പട്ടേലിനെ ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന പേര് ലഭിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ കാഠിന്യം കൊണ്ടായിരുന്നില്ല. മറിച്ച് ദേശത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉറച്ച വിശ്വാസം സ്വന്തമാക്കിയത് കൊണ്ടാണ്. ഒരു ശക്തമായ രാഷ്ട്രത്തിന് സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വത്തിൽ അധിഷ്ഠിതമായ ലക്ഷ്യബോധവും ആവശ്യമാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വിഭജനകാലത്തെ കലഹവും അനിശ്ചിതത്വവും നിറഞ്ഞ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ നയതന്ത്രജ്ഞതയും ഭരണശേഷിയും ഇന്ത്യക്ക് സ്ഥിരതയും ആത്മവിശ്വാസവും നൽകി. സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ പട്ടേൽ തന്റെ ഭരണപാടവം നിരവധി തവണ തെളിയിച്ചിട്ടുണ്ട്. 1928-ലെ ബർദോളി സത്യാഗ്രഹത്തിൽ, കർഷകരുടെ അവകാശങ്ങൾക്കായി അദ്ദേഹം നയിച്ച പോരാട്ടം അദ്ദേഹത്തിന് “സർദാർ” എന്ന ബഹുമതി ലഭിക്കാൻ കാരണമായി. ഇന്ത്യയുടെ ഭരണസംവിധാനം രാജ്യത്തിന്റെ “സ്റ്റീൽ ഫ്രെയിം” ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പട്ടേലിന് ഐക്യം ഒരു രാഷ്ട്രീയ നിർബന്ധമല്ല, മറിച്ച് നൈതികവും സാംസ്കാരികവുമായ പ്രതിബദ്ധത ആയിരുന്നു. “നമ്മുടെ ശക്തി നമ്മുടെ ഐക്യത്തിലാണ്” എന്ന അദ്ദേഹത്തിന്റെ വിശ്വാസം ഇന്നും പ്രസക്തമാണ്.
സർദാർ പട്ടേലിന്റെ അനശ്വര സംഭാവനയെ അനുസ്മരിപ്പിക്കുന്നതിന്റെ രാജ്യം അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തിൽ “Statue of Unity”പണികഴിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ പ്രതിമ അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തിന്റെയും ഐക്യസ്വപ്നത്തിന്റെയും പ്രതീകമായി ഉയർന്ന് നിൽക്കുന്നു.
സർദാർ വല്ലഭഭായ് പട്ടേൽ ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും മായാത്ത അധ്യായമാണ് ‘ ദൂരദർശിയും ഭരണപ്രതിഭയുമായ ദേശസ്നേഹി, രാഷ്ട്രത്തിന്റെ ആത്മാവിനെ ഉറപ്പിച്ച മഹാനായകൻ.
രാഷ്ട്രിയ ഏകതാ ദിനത്തിൽ, അദ്ദേഹത്തെ അനുസ്മരിക്കുന്നത് കേവലമായ ഒരു ഓർമ്മ പുതുക്കൽ അല്ല — ദേശീയ ഐക്യവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലാണ്. “ഐക്യം കൂടാതെ മനുഷ്യശക്തി ശക്തിയില്ല. ഐക്യവും സമന്വയവുമുണ്ടായാൽ മാത്രമേ അത് രാഷ്ട്ര ശക്തിയായി രൂപാന്തരപ്പെടുകയുള്ളൂ എന്ന് വിശ്വസിച്ച അദ്ദേഹത്തിന്റെ സന്ദേശങ്ങൾ എക്കാലത്തും പ്രസക്തമാണ്.



