ഭരണഘടന കണ്ണിൽ വച്ച് വിനീതനായി നിൽക്കുന്ന ഏകാധിപതിയെ കണ്ടു. ഹരിദ്വാറിലേയും കന്യാകുമാരിയിലേയും അഭിനയത്തേക്കാൾ ഉജ്ജ്വലമായിരുന്നു അത്. സമവായത്തിന്റെ വഴി എന്ന് പലരും എഴുതി തുടങ്ങി.
പൗരത്വനിയമത്തിന്റെ പേരിൽ ആദ്യത്തെ പ്രക്ഷോഭം നടക്കുന്ന കാലം മുതൽ ഇന്ത്യൻ ജനാധിപത്യവാദികൾ ഉച്ചത്തിൽ വിളിച്ചിരുന്ന മുദ്രവാക്യമുണ്ട് -‘ഭരണഘടന സിന്ദാബാദ്!, ലോങ് ലിവ് ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷൻ! സംവിധാൻ ജിന്ദാബാദ്!’
സംഘപരിവാറിന്റെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാന അജണ്ടകളിലൊന്ന് ഇന്ത്യൻ ഭരണഘടനയെ ഇല്ലാതാക്കുക എന്നതായിരുന്നു. ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ നൂറാം വർഷത്തിൽ 400 സീറ്റിൽ അധികാരത്തിൽ വരാൻ ശ്രമിച്ച ഹിന്ദുത്വ ആഗ്രഹിച്ചതും അവരുടെ ചിരകാലാഭിലാഷത്തെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ നടപ്പിലാക്കുക എന്നതായിരുന്നു. ഭരണഘടനയുടെ തിരുത്തൽ.
പക്ഷേ അപകടം മനസിലാക്കിയ മനുഷ്യർ ഒരുമിച്ച് നിന്നു. ഭരണഘടനാ ശില്പി ഡോ.ബി.ആർ അംബേദ്കറിന്റെ മണ്ണായ മഹരാഷ്ട്രയും അംബേദ്കറെ മുൻനിർത്തിയുള്ള ദളിത് രാഷ്ട്രീയം മനുഷ്യരുടെ ആത്മാഭിമാനമുയത്തിയ ഉത്തർപ്രദേശും മുന്നിൽ നിന്നു. കൻഷിറാമിന്റെ പഞ്ചാബും കർഷക സമരങ്ങളുടെ രാജസ്ഥാനും ഗുസ്തിക്കാരുടെ ഹരിയാനയും ഒപ്പം നിന്നു. എന്തിന്, രാഷ്ട്രീയാഭിമാനത്തിന്റെ ശബ്ദം ഗുജറാത്തിൽ നിന്ന് വരെ മുഴങ്ങി.
സ്വന്തം ജനതയെ നുഴഞ്ഞ് കയറ്റക്കാരെന്നും പെറ്റ് കൂട്ടുന്നവരെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വിശേഷിപ്പിച്ച ബൻസ്‌വാഡയിൽ ബി.ജെ.പി തോറ്റു. പട്ടിണി കിടക്കുന്ന മനുഷ്യരോട് രാമക്ഷേത്രമുണ്ടല്ലോ എന്ന് പറഞ്ഞ്, പള്ളിപറമ്പിൽ അവർ പണിത അമ്പലം നിലനിൽക്കുന്ന അയോധ്യ അടങ്ങിയ ഫൈസാബാദിൽ തോറ്റു. കർഷകരെ മകൻ ജീപ്പ് കേറ്റി കൊന്നിട്ടും അധികാരത്തിൽ പുല്ലുപോലെ തുടർന്ന കേന്ദ്ര മന്ത്രി അജയ്കുമാർ മിശ്ര തേനി തന്റെ ഖേരി മണ്ഡലത്തിൽ തോറ്റു. ഉത്തർപ്രദേശിനെ കലാപത്തിൽ നിന്ന് കലാപങ്ങളിലേയ്ക്ക് നയിച്ച, വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാരൻ എന്നാരോപണമുള്ള, കേന്ദ്ര മന്ത്രി സഞ്ജയ് ബലിയാൻ ആദ്യ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന മുസഫർ നഗറിൽ തന്നെ തോറ്റു. രോഹിത് വെമുലയുടെ കൊലപാതകത്തിന് കൂടിയാണ് അമേത്തിയിലെ ജനങ്ങൾ സ്മൃതി ഇറാനിയോടും ബി.ജെ.പിയോടും പകരം ചോദിച്ചത്. ദളിതരുടെ ആത്മവീര്യമെന്തെന്ന്, സംഘശക്തിയെന്താണെന്ന്, ഡോ.അംബേദ്കർ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യ തെളിയിച്ചു.
ഭരണഘടന അയാൾ കണ്ണിൽ വെക്കുന്നത്, അതിന്റെ ശക്തി മനസിലാകാതെ പോയ മണ്ടത്തരത്തെ മറികടക്കാനാണ്. നിരാകരിച്ച മനുഷ്യരെ തിരിച്ച് പിടിക്കാനുള്ള ശ്രമമാണ്. ആ ഭരണഘടന ഇല്ലാതാക്കാനുള്ള ശ്രമം ഒരടി പുറകോട്ട് വച്ച ശേഷം അവർ തുടരുക തന്നെ ചെയ്യും. പക്ഷേ ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും ഉള്ളിടത്തോളം ഹിന്ദുത്വ ഫാഷിസം നിലനിൽക്കില്ല.
ഏത് നാട്ടിലും ഒരു വിഭാഗം ജനങ്ങൾ തെറ്റ് തിരുത്തുമ്പോൾ, ശരിയിലേയ്ക്കുള്ള വഴി വെട്ടുമ്പോൾ ഫാഷിസത്തിന്റെ, ക്രൂരതയുടെ, വിദ്വേഷത്തിന്റെ വഴി ആകൃഷ്ടമായി തോന്നുന്ന മറ്റൊരു വിഭാഗമുണ്ടാകും. എല്ലായിടത്തും. എല്ലാക്കാലത്തും.
അതുകൊണ്ട് തന്നെ ഒരു പോരാട്ടവും അവസാനിക്കില്ല. ഭരണഘടന നീളാൾ വാഴട്ടെ!