ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒഫിഷ്യൽ ലീഡ് സ്‌പോൺസറായി അപ്പോളോ ടയേഴ്‌സിനെ തെരഞ്ഞെടുത്തത് ഇന്നലെയാണ്. കേരളത്തിൽ 53 വർഷം മുമ്പ് തുടക്കം കുറിച്ച ഒരു കമ്പനി, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെയിൻ സ്‌പോൺസർ ആയി മാറുമ്പോൾ നമ്മൾ മലയാളികൾക്കും അതിൽ അഭിമാനിക്കാൻ വകയുണ്ട്. ലോകത്തെ നൂറിലേറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള അപ്പോളോ, ഇന്ത്യൻ ടീമുമായി ഒപ്പുവച്ച 579 കോടിയുടെ മൂന്നു വർഷ കരാറിലൂടെ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കൂടുതൽ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിഭജനത്തിന്റെ കെടുതികൾക്കിടയിൽ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥിയായി പലായനം ചെയ്യുകയും, പിന്നീട് കഠിനാധ്വാനം കൊണ്ട് വ്യവസായ മേഖലയിൽ മുന്നേറുകയും ചെയ്ത റൗനഖ് സിങ് ആണ് മലയാളികളായ മാത്യു ടി മരാട്ടുകളം, ജേക്കബ് തോമസ് എന്നിവർക്കൊപ്പം അപ്പോളോ ടയേഴ്‌സ് സ്ഥാപിക്കുന്നത്. 1977-ൽ തൃശൂർ ജില്ലയിലെ പേരാമ്പ്രയിൽ അവരുടെ ആദ്യത്തെ ഫാക്ടറി നിലവിൽ വന്നു. ട്രക്ക് ടയറുകൾ നിർമിച്ച് മാർക്കറ്റിലേക്കിറങ്ങിയ അപ്പോളോ ഇന്ന് ഒട്ടുമിക്ക വാഹനങ്ങളുടെയും ടയറുകൾ നിർമിക്കുന്നുണ്ട്. ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലടക്കം ഇന്ത്യയിൽ അഞ്ചും നെതർലാന്റ്‌സ്, ഹംഗറി രാജ്യങ്ങളിൽ ഓരോന്നു വീതവും നിർമാണ ഫാക്ടറികൾ ഇന്ന് അപ്പോളോയ്ക്ക് സ്വന്തമായുണ്ട്.
1950-കളിൽ ട്രെയിനിൽ വെച്ചു പരിചയപ്പെട്ട ഒരു വിദേശ വ്യവസായി കടം നൽകിയ 1000 രൂപയിൽ നിന്നാണ് റൗനഖ് സിംഗിന്റെ സംരംഭകത്വ യാത്ര തുടങ്ങുന്നത്. ഇന്നിപ്പോൾ അപ്പോളോ ടയേഴ്‌സിന് 30,917 കോടി രൂപയുടെ വിപണി മൂല്യമുണ്ട്. അമേരിക്ക, ജർമനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളെ ഏറ്റെടുത്ത് വിദേശ രാജ്യങ്ങളിലും അവർ വിജയക്കൊടി പാറിച്ചു കഴിഞ്ഞു.
കാൻവ, ജെകെ സിമന്റ് തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അപ്പോളോ ടയേഴ്‌സ് ഇന്ത്യൻ ടീമിന്റെ സ്‌പോൺസർഷിപ്പ് ഡീൽ നേടിയെടുക്കുന്നത്. 579 കോടിയുടെ കരാറിൽ 121 ദ്വിരാഷ്ട്ര മത്സരങ്ങളും 21 ഐസിസി മത്സരങ്ങളും ഉൾപ്പെടുന്നു. ദ്വിരാഷ്ട്ര മത്സരം ഒന്നിന് 4.5 കോടിയും ഐസിസി മത്സരത്തിന് 1.72 കോടിയുമാണ് അപ്പോളോ ബിസിസിഐക്ക് നൽകുക. ഇന്ത്യൻ ക്രിക്കറ്റ് ടീം ഏർപ്പെട്ട ഏറ്റവും മൂല്യമുള്ള കരാറും ഇതുതന്നെയാണ്.
ക്രിക്കറ്റുമായി ദീർഘകാലത്തെ അഭേദ്യ ബന്ധമുള്ള എംആർഎഫ് ആണ് ഇന്ത്യൻ ടയർ വിപണിയിൽ കാലങ്ങളായി ഒന്നാം സ്ഥാനം കൈയാളുന്നത്. ഇന്ത്യൻ ടീമിന്റെ സ്‌പോൺസർഷിപ്പിലൂടെ എംആർഎഫിന്റെ കുത്തക അവസാനിപ്പിക്കാൻ കഴിയുമെന്ന് അപ്പോളോ കണക്കു കൂട്ടുന്നുണ്ടാകണം. സിയറ്റ്, ജെകെ, ബികെടി തുടങ്ങിയ ബ്രാൻഡുകളും ശക്തമായ മത്സരം ഉയർത്തുന്ന ഇന്ത്യൻ വിപണിയിൽ ക്രിക്കറ്റിലെ നിക്ഷേപം തങ്ങൾക്ക് ഉത്തേജനം പകരുമെന്ന് അപ്പോളോ കരുതുന്നുണ്ടെങ്കിൽ, അത് ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നു തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്.