തെൽ അവിവ് – പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ യമനിലെ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ പതിച്ചത് ഇസ്രായിലിന്റെ വ്യോമ മേഖലയ്ക്കുണ്ടാക്കിയത് കനത്ത നഷ്ടം. മൂന്നാം ടെർമിനലിനോട് ചേർന്ന റോഡിൽ മിസൈൽ വന്നു പതിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകുയം ചെയ്തതോടെ ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളം സുരക്ഷിതമല്ലെന്ന സന്ദേശമാണ് പുറംലോകത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തെൽ അവിവിലേക്ക് വിമാനം പറത്തിയിരുന്ന ലോകത്തെ മുൻനിര വിമാനക്കമ്പനികളെല്ലാം തൽക്കാലത്തേക്ക് സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. തന്ത്രപ്രധാനമായ എയർപോർട്ടിൽ ശക്തമായ പ്രതിരോധ, സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും ഹൂത്തികളുടെ മിസൈൽ ലക്ഷ്യം കണ്ടത് ബെൻ ഗുറിയോൺ എയർപോർട്ടിന്റെ സുരക്ഷാ വിശ്വാസ്യതയെയാണ് സംശയമുനയിലാക്കിയിരക്കുന്ന
ജർമൻ എയർലൈൻ ആയ ലുഫ്താൻസയും അതിനു കീഴിലുള്ള സ്വിറ്റ്സർലാന്റിലെ സ്വിസ് എയർ, ഓസ്ട്രേലിയൻ എയർലൈൻസ്, സ്പെയിനിലെ എയർ യൂറോപ്പ, ബെൽജിയത്തിലെ ബ്രസൽസ് എയർലൈൻസ് എന്നിവ തെൽ അവിവിലേക്കുള്ള സർവീസ് തൽക്കാലത്തേക്ക് നിർത്തുകയാണെന്ന് പ്രഖ്യാപിച്ചു. തെൽ അവിവിലേക്കും തിരിച്ചുമുള്ള ഓപറേഷൻ മെയ് ആറ് വരെ നിർത്തിവെക്കുകയാണെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. ഹംഗേറിയൻ കമ്പനിയായ വിസ് എയറും ബ്രിട്ടീഷ് എയർവേയ്സും 48 മണിക്കൂറിനുള്ളിൽ ഇനി തെൽ അവിവിലേക്ക് പറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ബെൻ ഗുറിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവസ്ഥിതിയിലായെന്ന് അധികൃതർ അവകാശപ്പെട്ടെങ്കിലും വിമാനങ്ങൾ പഴയപടി ലാന്റ് ചെയ്യുകയോ പറന്നുയരുകയോ ചെയ്തില്ലെന്നാണ് ഫ്ളൈറ്റ് ട്രാക്കിങ് ആപ്പുകളിൽ നിന്നു വ്യക്തമാകുന്നത്. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്കിങ് സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഹൂത്തികളുടെ വ്യോമാക്രമണം നിർവീര്യമാക്കാൻ തങ്ങളുടെ ആരോ സംവിധാനത്തിനും അമേരിക്കയുടെ താഡ്സ് സംവിധാനത്തിനും കഴിയും എന്നായിരുന്നു ഇസ്രായിലിന്റെ പ്രതീക്ഷയെങ്കിലും ബാലിസ്റ്റിക് മിസൈൽ വിമാനത്താവളത്തിൽ പതിച്ചതോടെ ആശങ്ക വർധിച്ചിട്ടുണ്ട്. ഈ ആശങ്ക വിമാനക്കമ്പനികളിലേക്കു കൂടി പടരുന്നതോടെ വരും ദിവസങ്ങളിൽ ബെൻ ഗുറിയോൺ എയർപോർട്ടിന്റെ പ്രവർത്തനം പരിമിതമായിരിക്കും എന്നാണ് സൂചന.
ഇന്ന് രാവിലെ നടന്ന ആക്രമണത്തിനു പിന്നാലെ ബെൻ ഗുറിയോൺ വിമാനത്താവളം സുരക്ഷിതമല്ലെന്ന് ഹൂത്തികൾ അന്താരാഷ്ട്ര എയർലൈൻ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായിലിന്റെ ലോകോത്തര പ്രതിരോധ സംവിധാനത്തെ മറികടന്ന് ആക്രമണം നടത്തിയ ഹൂത്തികളെ ഹമാസ് അഭിനന്ദിക്കുകയും ചെയ്തു.
നേരത്തെ, ഗാസയിലെ സൈനിക നീക്കത്തിൽ ഇസ്രായിൽ ഭരണകൂടത്തോടുള്ള പ്രതിഷേധ സൂചകമായി ടർക്കിഷ് എയർലൈൻസും പെഗാസസ് എയർലൈൻസും ബെൻ ഗുറിയോൺ എയർപോർട്ടിലേക്കുള്ള സർവീസ് ഉപേക്ഷിച്ചിരുന്നു.