കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയിലും സാമൂഹിക ഘടനയിലും അമേരിക്കൻ വൻകിട നിക്ഷേപ സ്ഥാപനങ്ങളുടെയും കുത്തക കമ്പനികളുടെയും സ്വാധീനം അനുദിനം വർധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളായ ബ്ലാക്ക്‌സ്‌റ്റോൺ, കെ.കെ.ആർ,ഇഎംസിസി ഇന്റർനാഷണൽ എന്നിവർ ബാങ്കിങ്, ആരോഗ്യപരിചരണ,തീരം മേഖലകളിൽ കോടികൾ നിക്ഷേപിച്ച് മേധാവിത്തം ഉറപ്പിച്ചു കഴിഞ്ഞു.
ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോൺ, ആലുവ ആസ്ഥാനമായ ഫെഡറൽ ബാങ്കിൻ്റെ ഓഹരികളിൽ 6197 കോടി രൂപ നിക്ഷേപിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ബാങ്കിൻ്റെ 9.99% ഓഹരികൾ സ്വന്തമാക്കുന്നതിലൂടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് ഒരു പ്രതിനിധിയെ നിയമിക്കാൻ ബ്ലാക്ക്‌സ്റ്റോണിന് സാധിക്കും. രണ്ടു രൂപ മുഖവിലയും 225 രൂപ പ്രീമിയവും ഉൾപ്പെടെ ഒരു ഓഹരിക്ക് 227 രൂപ നൽകിയാണ് ഈ വമ്പൻ നിക്ഷേപം. ഈ തുക ബാങ്കിൻ്റെ മൂലധനത്തിലേക്ക് എത്തുന്നതോടെ വായ്പാ വിതരണ ശേഷി വർധിക്കുമെങ്കിലും, പുതിയ ഓഹരികൾ നിലവിലെ നിക്ഷേപകരുടെ വരുമാനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഈ വർഷം ഇന്ത്യൻ സ്വകാര്യ ബാങ്കിങ് മേഖലയിൽ നടന്ന വൻകിട വിദേശ നിക്ഷേപങ്ങളുടെ തുടർച്ചയായാണ് ഈ ഇടപാടിനെ സാമ്പത്തിക ലോകം നോക്കി കാണുന്നത്.
ബാങ്കിങ് മേഖലയ്ക്ക് സമാനമായി, കേരളത്തിലെ ആരോഗ്യരംഗത്തും വൻകിട കോർപ്പറേറ്റുകൾ ശക്തമായ പിടിമുറുക്കി കഴിഞ്ഞു. രാജ്യാന്തര നിക്ഷേപ സ്ഥാപനമായ കെ.കെ.ആർ. കോഴിക്കോട്ടെ ക്വാട്ടേണറി കെയർ സൗകര്യമുള്ള മൈത്ര ഹോസ്പിറ്റലിൽ ഭൂരിഭാഗം ഓഹരികളും 1,200 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.
ഇതിനു മുന്നോടിയായി 2024-ൽ കോഴിക്കോട്ടെ തന്നെ പ്രമുഖ ആശുപത്രി ശൃംഖലയായ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ 70% ഓഹരികൾക്കായി ഏകദേശം 2,500 കോടി രൂപ കെ.കെ.ആർ. നിക്ഷേപിച്ചിരുന്നു. തൊടുപുഴയിലെ ചാഴിക്കാട്ട് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലും കെ.കെ.ആർ. ഓഹരികൾ സ്വന്തമാക്കി. കോഴിക്കോട്ടെ സ്റ്റാർ കെയർ ഹോസ്പിറ്റൽ ഏറ്റെടുക്കാനുള്ള പ്രാരംഭ ചർച്ചകളും കെ.കെ.ആർ. നടത്തുന്നുണ്ട്. 2023-ൽ ബ്ലാക്ക്‌സ്റ്റോൺ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ 3,500 കോടി രൂപയ്ക്ക് തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് മാനേജ്‌മെൻ്റിനെ ഏറ്റെടുത്തതും ഈ കോർപ്പറേറ്റ് പ്രവണതയുടെ ആഴം വ്യക്തമാക്കുന്നു.
എന്നാൽ, സാമ്പത്തിക, ആരോഗ്യ മേഖലകളിലെ നിക്ഷേപ വാർത്തകൾക്കിടയിലും ആശങ്കകൾ ഉയരുന്നുണ്ട്. അമേരിക്കൻ ആഗോള കമ്പനികൾ ആശുപത്രികൾ ഏറ്റെടുക്കുന്നതിലെ വിപണി താല്പര്യം അത്ര ‘ആരോഗ്യകരം’ അല്ല എന്ന അഭിപ്രായം പങ്കുവെക്കുന്നവരുണ്ട്. കൂടാതെ തീരദേശ വിഭവങ്ങളുടെ കാര്യത്തിൽ ഉയർന്ന വിവാദങ്ങൾ സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നതാണ്. അമേരിക്കയിലെ വൻകിട കുത്തക കമ്പനിയായ ഇഎംസിസി ഇന്റർനാഷണലുമായി കേരള തീരത്ത് മത്സ്യബന്ധനത്തിനായി 5000 കോടിയുടെ കരാർ ഒപ്പിടാൻ സർക്കാർ അനുമതി നൽകിയത് കോടികളുടെ അഴിമതിയാണെന്ന് ആരോപണം ഉയർന്നിരുന്നു. 4000 അത്യാധുനിക ട്രോളറുകളും കൂറ്റൻ കപ്പലുകളും ഉപയോഗിച്ച് കടലിൻ്റെ അടിത്തട്ട് വരെ അരിച്ചുപെറുക്കാനുള്ള നീക്കം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ്. വിദേശ കപ്പലുകളെ തീരത്തേക്ക് കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണിതെന്നും വിലയിരുത്തപ്പെട്ടു. ട്രംപിൻ്റെ തീരുവയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ കമ്പനിക്ക് കേരള തീരം തുറന്നു കൊടുത്തതിലെ ഈ വിവാദ കരാർ ഇപ്പോഴും ചർച്ചാവിഷയമായി നിലനിൽക്കുന്നുണ്ട്.
വൻകിട അമേരിക്കൻ മൂലധനം സംസ്ഥാനത്തിൻ്റെ പ്രധാന മേഖലകളിൽ നിർണായക സ്വാധീനം നേടുന്ന ഈ സാഹചര്യം, കേരളത്തിൻ്റെ ഭാവി സാമ്പത്തിക തീരുമാനങ്ങൾ ആഗോള കോർപ്പറേറ്റുകളുടെ കൈകളിലേക്ക് മാറുമോ എന്ന ചോദ്യമാണ് ഉയർത്തുന്നത്



