ന്യൂദല്‍ഹി- റഫാല്‍ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കരാറില്‍ ടാറ്റാ ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും ഒപ്പിട്ടു. ഹൈദരാബാദിലാണ് ഫാക്ടറി സജ്ജീകരിക്കുക. വിദേശ കയറ്റുമതിയും ഇന്ത്യയുടെ ഉപയോഗത്തിനുംലക്ഷ്യമിട്ടാണ് ഉത്പാദന കേന്ദ്രമെന്നും വിമാനത്തിന്റെ ബോഡിയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക.
ഇന്ത്യന്‍ വിമാന നിര്‍മ്മാണ മേഖലയില്‍ വന്‍കുതിപ്പിന് കാരണമാവുന്ന കരാറിലാണ് ടാറ്റാ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡും ഡാസോ ഏവിയേഷനും ഒപ്പിട്ടതെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 2018-ഓടെ വിമാന ബോഡി പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രതിമാസം രണ്ട് വിമാനങ്ങളുടെ ബോഡി ഭാഗങ്ങള്‍ നിര്‍മ്മിക്കാനാണ് സംവിധാനങ്ങള്‍ ഒരുക്കുക. റഫാലിന്റെ വിമാനഘടകങ്ങള്‍ ഫ്രാന്‍സിന് പുറത്ത് ആദ്യമായാണ് നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഫ്രാന്‍സുമായുള്ള ഈ സഹകരണം പ്രധാന ചുവടുവെപ്പാണെന്ന് ടാറ്റ അഡ്വാന്‍സ്ഡ് സിറ്റംസ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുഖരന്‍ സിങ്ങ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ലാണ് ആദ്യ റഫാല്‍ ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറുന്നത്. 59,000 കോടി രൂപ നല്കി ആകെ 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങിയത്. 26 റഫാല്‍ മറീന്‍ പോര്‍വിമാനങ്ങള്‍ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാറില്‍ ഇന്ത്യയും ഫ്രാന്‍സു ഒപ്പിടുകയും ചെയ്തിട്ടുണ്ട്. കാബിനറ്റ് സമിതി കരാറിന് അംഗീകാരവും നല്കി. അതാകട്ടെ ഇന്ത്യന്‍ നാവിക സേനക്ക് വേണ്ടിയാണ്. 22 ഒറ്റ സീറ്റ് റഫാല്‍ വിമാനങ്ങളും 4 ഇരട്ട സീറ്റ് ട്രെയിനര്‍ വിമാനങ്ങളും ഇതിലുള്‍പ്പെടും. 26 മറീന്‍ ജെറ്റുകള്‍ക്ക് പുറമെ ആയുധങ്ങള്‍, പരിശീലന സിമുലേറ്ററുകള്‍, സ്പെയര്‍ പാര്‍ട്സ്, ലോജിസ്റ്റിക് സഹകരണം എന്നിവയെല്ലാം ഈ കരാറിന്റെ ഭാഗമാണ്.