കോഴിക്കോട്– കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ യാത്ര നടത്തുന്നവർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ആരംഭിച്ചു. ഈ പദ്ധതി യാത്രക്കാർക്ക് ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സഹായിക്കും.
മുനവ്വറലി ശിഹാബ് തങ്ങൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ അനുഭവം പങ്കുവെച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് വളരെ സന്തോഷവാർത്ത എന്നായിരുന്നു അദ്ദേഹം കുറിച്ചത്.
ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം നിങ്ങളുടെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു എളുപ്പ മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനം ഉപയോഗിച്ച് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഇനി ഇ-ഗേറ്റ് സംവിധാനം വഴി 20 സെക്കൻഡുകൾകൊണ്ട് യാത്രാനടപടികൾ പൂർത്തിയാക്കാനാകും. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനും മറ്റുമായി കൗണ്ടറുകൾക്കു മുൻപിൽ വരിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം. കരിപ്പൂരിനു പുറമേ, അമൃത്സർ, ലക്നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഒരുക്കിയ ഫാസ്‌റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം കേന്ദ്രമന്ത്രി അമിത് ഷാ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തിരുന്നു.
യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കുന്നതിനായി ftittp.mha.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. ഈ പദ്ധതി അന്താരാഷ്ട്ര യാത്രകളെ കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.