ജിദ്ദ – സൗദി അറേബ്യയുടെ 95-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പ്രമോഷണല്‍ ഓഫറുകളുമായി സൗദിയ. എല്ലാ ആഭ്യന്തര സര്‍വീസുകളിലും ഇക്കോണമി ക്ലാസ് ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സൗദിയ മുമ്പും ഓഫറുകൾ നൽകാറുണ്ട്. യാത്രക്കാരുടെ അനുഭവത്തെ പിന്തുണക്കുക, വൈവിധ്യമാര്‍ന്ന യാത്രകൾ ചെയ്യാൻ യാത്രക്കാർക്ക് അവസരം നൽകുക എന്നിവയാണ് ഇതിനുപിന്നിൽ ലക്ഷ്യം.
ഓഫര്‍ പ്രകാരം ഇക്കോണമി ക്ലാസില്‍ വണ്‍-വേ ടിക്കറ്റ് 95 റിയാലിനും ഇക്കോണമി ക്ലാസിലെ ബേസിക് ക്ലാസ് ടിക്കറ്റ് 195 റിയാലിനും ലഭിക്കും. 2025 ഡിസംബര്‍ ഒന്നു മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ 2025 സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ പ്രയോജനം ലഭിക്കുക. വെബ്‌സൈറ്റും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ സൗദിയ ചാനലുകളിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭ്യമാണ്.



