കോട്ടയം– കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശിയായ സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വിഎൻ വാസവൻ. അപകടമുണ്ടായാൽ മന്ത്രി രാജിവെക്കണം എന്ന് പറയുന്നത് ശരിയല്ല. ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് അദ്ദേഹം ചോദിച്ചു. റോഡപകടം ഉണ്ടായാൽ ഗതാഗത വകുപ്പ് മന്ത്രി രാജി വെക്കണോ. വിമാനാപകടം ഉണ്ടായാൽ പ്രധാനമന്ത്രി രാജി വെക്കണമെന്നാണോയെന്നും മന്ത്രി ചോദിച്ചു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു മന്ത്രിയുടെ പരിഹാസം കലർന്നുള്ള മറുപടി.
കർണ്ണാടകത്തിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടമുണ്ടായി. ആരേലും മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടോ?. ആരോഗ്യ സംവിധാനത്തെ നശിപ്പിക്കുകയല്ല, സംരക്ഷിക്കുകയാണ് വേണ്ടത്. ഉണ്ടായ സംഭവത്തെക്കുറിച്ച് പരിശോധിച്ച് വീഴ്ചയുണ്ടേൽ പരിഹരിക്കണമെന്നും വിഎൻ വാസവൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ പത്തനംതിട്ടയിൽ പാർട്ടിയിൽ നിന്നുയർന്ന വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. വിമർശനമുണ്ടെങ്കിൽ പരിശോധിക്കും.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കെട്ടിടം തകരാറിലായതെന്നും എന്നിട്ട് സർക്കാർ എന്ത് ചെയ്തുവെന്നും മന്ത്രി ചോദിച്ചു. ഈ സർക്കാർ വന്നതിന് ശേഷമാണ് പുതിയ കെട്ടിടത്തിന് പണം അനുവദിച്ചത്. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ ശക്തമായ പ്രതിഷേധം നടന്നുവരികയാണ്. എല്ലാ ജില്ലകളിലും ഡിഎംഒ ഓഫീസിലേക്ക് പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തി. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് നടത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തി വീശിയതിനെത്തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല. വീണ്ടും ബാരിക്കേഡിന് മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ സംഘടിച്ചു. ആരോഗ്യമന്ത്രി രാജി വെക്കുന്നത് വരെ പ്രതിഷേധം നടത്തുമെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്