കർണാടക– കർണാടകയിലെ തുംകൂരു ജില്ലയിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ വൻ സ്ഫോടനത്തോടെ കത്തിയമർന്ന് യുവാവ് കൊല്ലപ്പെട്ടു. പ്രണയബന്ധം തകർന്നതിനെത്തുടർന്ന് മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ ബെംഗളൂരു സ്വദേശി നാഗേന്ദ്ര (30) ആണ് മരിച്ചത്. കാറിൽ നിന്ന് യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച സിര താലൂക്കിലെ ജോഗിഹള്ളിക്ക് സമീപം ദേശീയപാത 48-ലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ബെംഗളൂരുവിൽ ഒടി ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതിയും നാഗേന്ദ്രയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ വേർപിരിഞ്ഞു. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് യുവതി നാഗേന്ദ്രയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ നാഗേന്ദ്ര ശനിയാഴ്ച രാവിലെ ബെംഗളൂരു ജയനഗറിലെ യുവതിയുടെ വാടകവീട്ടിലെത്തി വഴക്കിടുകയും, തുടർന്ന് അവിടെയുണ്ടായിരുന്ന യെല്ലോ ബോർഡ് യൂബർ (Uber) ടാക്സി കാറിലേക്ക് യുവതിയെ ബലമായി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. യുവതിയെ കാണാതായതോടെ മാതാപിതാക്കൾ ജയനഗർ പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകലിന് പരാതി നൽകിയിരുന്നു.
അങ്കോള ലക്ഷ്യമാക്കി നീങ്ങിയ യാത്രയ്ക്കിടയിൽ, യുവതിയെ കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്യുമെന്ന് നാഗേന്ദ്ര നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ പക്കൽ സ്ഫോടകവസ്തുക്കൾ ഉണ്ടെന്ന് ഇയാൾ യുവതിയെ കാണിച്ച് ഭയപ്പെടുത്തുകയും ചെയ്തു. യാത്ര തുംകൂരുവിന് സമീപം ജോഗിഹള്ളിയിൽ എത്തിയപ്പോൾ കാറിനുള്ളിൽ വെച്ച് നാഗേന്ദ്ര യുവതിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ പരിഭ്രാന്തനായ കാബ് ഡ്രൈവർ പ്രവീൺ വാഹനം പെട്ടെന്ന് നിർത്തി. ഈ സമയം യുവതി കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതി പുറത്തേക്ക് ചാടിയ തൊട്ടടുത്ത നിമിഷം തന്നെ കാറിനുള്ളിൽ വൻ സ്ഫോടനം സംഭവിക്കുകയും വാഹനം പൂർണ്ണമായി തീപിടിക്കുകയുമായിരുന്നു. കാറിനുള്ളിൽ കുടുങ്ങിയ നാഗേന്ദ്ര സംഭവസ്ഥലത്തുതന്നെ വെന്തുമരിച്ചു. സ്ഫോടനത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
പരിക്കേറ്റ യുവതിയെയും ഡ്രൈവർ പ്രവീണിനെയും തുംകൂരു ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗേന്ദ്ര തന്റെ പക്കലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ മനഃപൂർവ്വം പൊട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് തുംകൂരു എസ്‌പി അശോക് കെ.വി അറിയിച്ചു. തകർന്ന കാറിൽ നിന്നും ബോംബിന് സമാനമായ കൂടുതൽ സ്ഫോടകവസ്തുക്കൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കല്ലംബെല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.



