ചെന്നൈ– ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങിന് തയാറെടുക്കവെ കാർഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് വന്ന വിമാനത്തിന്റെ നാലാമത്തെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. എന്നാൽ, പൈലറ്റുമാർ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ ആളപായം ഒഴിവായതായി അധികൃതർ അറിയിച്ചു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട പൈലറ്റുമാർ ഉടൻ എയർ ട്രാഫിക് കൺട്രോളിനെ വിവരമറിയിച്ചു. തയാറായിരുന്ന അഗ്നിശമന സേന അതിവേഗം തീ നിയന്ത്രണവിധേയമാക്കി വൻ ദുരന്തം തടഞ്ഞു. അടിയന്തര ലാൻഡിങ് ആവശ്യമില്ലാതെ വിമാനം സാധാരണ രീതിയിൽ ലാൻഡ് ചെയ്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീപിടിത്തത്തിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. വിമാനത്താവള സുരക്ഷാ വിഭാഗം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



