കുവൈത്ത് സിറ്റി – ശഅബ് ഏരിയയിലെ അല്‍മുസൈനി മണി എക്‌സ്‌ചേഞ്ച് കമ്പനി ശാഖയില്‍ സായുധ കവര്‍ച്ച നടത്തിയ പ്രവാസി യുവാവിനെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തു. ശക്തമായ തിരച്ചില്‍, അന്വേഷണ ഓപ്പറേഷനുകളിലൂടെയാണ് പ്രതിയായ ഫിലിപ്പിനോയെ അറസ്റ്റ് ചെയ്തത്. ഉപയോക്താക്കളില്ലാത്ത നേരം നോക്കി, മാസ്‌ക് ധരിച്ച് തോക്കുമായി മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ എത്തിയ യുവാവ് ജീവനക്കാരെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയും അകത്ത് പ്രവേശിച്ച് കൗണ്ടറിലുണ്ടായിരുന്ന വ്യത്യസ്ത രാജ്യങ്ങളുടെ കറന്‍സി ശേഖരം കൈക്കലാക്കി സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു. ആകെ 21,000 കുവൈത്തി ദീനാറാണ് പ്രതി കവര്‍ന്നത്. ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ക്ക് പരാതി ലഭിക്കുകയായിരുന്നു. മോഷ്ടാവിന്റെ കൈവശമുണ്ടായിരുന്നത് വ്യാജ തോക്കാണെന്ന് പിന്നീട് വ്യക്തമായി. പെട്രോള്‍ നിറച്ച കന്നാസും പ്രതിയുടെ പക്കലുണ്ടായിരുന്നു.
പരാതി ലഭിച്ചയുടന്‍ സുരക്ഷാ സംഘങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തുടങ്ങി. നൂതന സാങ്കേതികവിദ്യകളും സുരക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലൂടെ പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. മോഷണം പോയ തുക പ്രതിയുടെ പക്കല്‍ കണ്ടെത്തി. പൊതുസുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ശക്തമായി നേരിടുമെന്നും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.



