ബുഡാപെസ്റ്റ്– ഹംഗറിയിലെ പുസ്കാസ് അരീനയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിനെ തകർത്ത് പാരീസ് സെന്റ് ജെർമൻ കിരീടം നിലനിർത്തി. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 സമനില പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-3 നായിരുന്നു പി.എസ്.ജിയുടെ വിജയം. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016-2018) തുടർച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ടീമായി ഫ്രഞ്ച് ക്ലബ്ബ് മാറി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പി.എസ്ജി പ്രതിരോധ താരങ്ങൾക്ക് പറ്റിയ പിഴവ് മുതലെടുത്ത് കായ് ഹാവെർട്സ് ഗണ്ണേഴ്സിന് ലീഡ് നൽകി. തുടർന്ന് ഗോൾ തിരിച്ചടിക്കാനായി പി.എസ്.ജി താരങ്ങൾ പലതവണ ശ്രമിച്ചെങ്കിലും എതിരാളികളുടെ പ്രതിരോധ കോട്ട തകർക്കാൻ ആയില്ല.
രണ്ടാം പകുതിയിൽ ആക്രമണം കനപ്പിച്ച പി.എസ്.ജി യുടെ പ്രയത്നം ഫലം കണ്ടത് 65-ാം മിനിറ്റിലാണ്. ആഴ്സണൽ താരം ക്രിസ്റ്റ്യൻ മോസ്ക്വേര ഖ്വിച ക്വാരത്‌സ്‌ഖേലിയ ബോക്സിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു ഒസ്മാൻ ഡെംബെലെ നിലവിലെ ചാമ്പ്യന്മാരെ ഒപ്പമെത്തിച്ചു. വീണ്ടും പി.എസ്.ജി നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർ ഡേവിഡ് റായയുടെ മികച്ച മത്സരം അധികസമയത്തേക്ക് നീട്ടി. അധികസമയത്തും തുല്യത പാലിച്ചതോടെ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങി.
പെനാൽറ്റി ഷൂട്ടൗട്ടിൽ പി.എസ്.ജിക്കായി ഗോൺസാലോ റാമോസ്, ഡെസിറെ ഡൂബെ, അഷ്റഫ് ഹക്കിമി, ലൂക്കാസ് ബെരാൾഡോ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ നൂനോ മെൻഡിസിന് പിഴച്ചു. മറുപടിയായി ആഴ്സണലിനായി വിക്ടർ ഗ്യോക്കറസ്, ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ സ്കോർ ചെയ്തെങ്കിലും എബെറെച്ചി എസെയുടെ കിക്ക് പാഴായി. ഒടുവിൽ ആഴ്സണലിന്റെ നിർണായകമായ അവസാന കിക്ക് എടുത്ത പ്രതിരോധ താരം ഗബ്രിയേലിന് പിഴച്ചതോടെ പി.എസ്.ജി കിരീടം ഉറപ്പിച്ചു.



