ബെംഗളൂരു: കനത്ത രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.പി.സി.സി അധ്യക്ഷനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ എത്തുന്നു. ഇതുസംബന്ധിച്ച ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നൽകുമെന്നാണ് റിപ്പോർട്ട്. അടുത്ത ആഴ്ച തന്നെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമെന്നാണ് ഡൽഹിയിൽ നിന്നുള്ള വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതേസമയം, ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ ഒഴിവുവരുന്ന പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സതീശ് ജർക്കിഹോളി എത്തിയേക്കും. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ പുതിയ മന്ത്രിസഭയിൽ അംഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കാതിരിക്കാൻ അവസാന നിമിഷം വരെ കടുത്ത സമ്മർദ്ദ തന്ത്രങ്ങളാണ് സിദ്ധരാമയ്യ ക്യാമ്പ് പയറ്റിയത്. ഹൈക്കമാൻഡുമായി ഡൽഹിയിൽ നടന്ന ചർച്ചകളിൽ മുതിർന്ന നേതാവ് ജി. പരമേശ്വരയെ ഒപ്പം കൂട്ടിയായിരുന്നു സിദ്ധരാമയ്യയുടെ നീക്കങ്ങൾ. താൻ മാറേണ്ടി വന്നാൽ പകരം ജി. പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്നും, അതിലൂടെ ‘ദളിത് മുഖ്യമന്ത്രി’ എന്ന കാർഡ് മുന്നോട്ടുവെച്ച് ശിവകുമാറിനെ വെട്ടാനുമായിരുന്നു സിദ്ധരാമയ്യയുടെ ശ്രമം. എന്നാൽ ഈ നീക്കങ്ങളെയെല്ലാം തള്ളിക്കൊണ്ട് ഹൈക്കമാൻഡ് ഡി.കെ. ശിവകുമാറിന് അനുകൂലമായി നിലപാട് എടുക്കുകയായിരുന്നു.
തങ്ങളുടെ നേതാവ് കസേരയൊഴിഞ്ഞാലും സർക്കാരിലും പാർട്ടിയിലും പൂർണ്ണാധികാരം ഡി.കെ. ശിവകുമാറിലേക്ക് എത്താതിരിക്കാനുള്ള അണിയറ നീക്കങ്ങൾ സിദ്ധരാമയ്യ അനുകൂലികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ശിവകുമാറിന്റെ അധികാരം വെട്ടിച്ചുരുക്കാൻ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. എന്നാൽ ഈ നിർദ്ദേശത്തോട് ശിവകുമാറിന് കടുത്ത വിയോജിപ്പാണുള്ളത്. പരമാവധി ഒരാളെ മാത്രമേ ഉപമുഖ്യമന്ത്രിയായി അനുവദിക്കൂ എന്ന കടുത്ത നിലപാടിലാണ് അദ്ദേഹം.
ഇതിനുപുറമേ, പുതിയ കെ.പി.സി.സി അധ്യക്ഷൻ തങ്ങളുടെ ക്യാമ്പിൽ നിന്നുള്ള ആളായിരിക്കണമെന്ന സിദ്ധരാമയ്യ പക്ഷത്തിന്റെ വാശിയും കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ ആവശ്യങ്ങൾ അംഗീകരിച്ചാൽ അത് സർക്കാരിലും പാർട്ടിയിലും സമാന്തര അധികാര കേന്ദ്രങ്ങൾ രൂപപ്പെടാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ഡൽഹിയിൽ തുടരുന്ന ഈ സമവായ ചർച്ചകളിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഹൈക്കമാൻഡ് ഇപ്പോൾ.



