തെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിൽ വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ആസിം മുനീര്‍ ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലെത്തി. വെള്ളിയാഴ്ച തെഹ്റാനിലെത്തിയ അദ്ദേഹത്തെ ഇറാന്റെ ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനി സ്വീകരിച്ചു. പാകിസ്ഥാനൊപ്പം ഖത്തറും ചേർന്നാണ് ഈ മധ്യസ്ഥ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഇതിന്റെ ഭാഗമായി ഖത്തറിന്റെ പ്രതിനിധി സംഘവും ഇപ്പോൾ തെഹ്‌റാനിലുണ്ട്.
മേഖലയിൽ ഒരു വലിയ യുദ്ധം ഒഴിവാക്കാനും രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കാനുമായി സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളും അണിയറയിൽ സജീവമായ ആശയവിനിമയങ്ങൾ നടത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചകൾ സ്തംഭനാവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിൽ രാഷ്ട്രീയവും സൈനികവുമായ പ്രതിസന്ധി മറികടക്കാനുള്ള പുതിയ ശ്രമമായാണ് പാക് സൈനിക മേധാവിയുടെ സന്ദർശനത്തെ സുരക്ഷാ വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഇറാൻ ആണവ പദ്ധതി ഉൾപ്പെടെയുള്ള സുരക്ഷാ വിഷയങ്ങളിൽ അന്തിമ കരാറിലെത്തുന്നതിന് മുന്നോടിയായി, താല്ക്കാലിക വെടിനിർത്തലും മുപ്പത് ദിവസത്തേക്ക് ചർച്ചകൾ നീട്ടിവെക്കുന്നതുമുൾപ്പെടെയുള്ള ഒരു ഉദ്ദേശ്യപത്രം തയാറാക്കാനാണ് മധ്യസ്ഥർ ഇപ്പോൾ ശ്രമിക്കുന്നത്. എന്നാൽ ചർച്ചകളിൽ പ്രതീക്ഷിച്ചത്ര പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് യു.എസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇരുവിഭാഗങ്ങളും തമ്മിൽ ദിവസേന കരട് കരാറുകൾ കൈമാറുന്നുണ്ടെങ്കിലും കൃത്യമായൊരു തീരുമാനത്തിൽ എത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ നിലവിലെ സാഹചര്യങ്ങൾ ഏറെ സങ്കീർണ്ണമാണെന്ന് ചർച്ചകളുമായി ബന്ധപ്പെട്ട യു.എസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



