ജിദ്ദ – ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജി.സി.സി) യുണൈറ്റഡ് കിംഗ്ഡവും (ബ്രിട്ടന്‍) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നാളെ ഒപ്പുവെക്കുമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു. ജി.സി.സി-യു.കെ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്ന സംയുക്ത പ്രസ്താവന നാളെ ലണ്ടനിലാണ് ഒപ്പുവെക്കുക. തന്ത്രപ്രധാനമായ ഗള്‍ഫ്-ബ്രിട്ടീഷ് പങ്കാളിത്തം ശക്തിപ്പെടുത്താനും സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ ഉയര്‍ത്താനും അതുവഴി ഇരു വിഭാഗത്തിന്റെയും പൊതു താല്‍പ്പര്യങ്ങള്‍ കൈവരിക്കാനുമുള്ള പങ്കിട്ട പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഇരു വിഭാഗവും നടത്തിയ തീവ്രമായ ചര്‍ച്ചകളുടെയും കൂടിക്കാഴ്ചകളുടെയും പരമ്പരക്കു ശേഷമാണ് കരാര്‍ ഒപ്പുവെക്കുന്നത്.
ജി.സി.സി രാജ്യങ്ങളുടെ പുരോഗമിച്ച സാമ്പത്തിക നിലയാണ് കരാറിന്റെ ലക്ഷ്യം. പരസ്പര താല്‍പര്യങ്ങളും സുസ്ഥിര വികസനവും അടിസ്ഥാനമാക്കി ഫലപ്രദമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രതിബദ്ധത കരാര്‍ പ്രതിഫലിപ്പിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്നില്‍ ആഗോള വിപണികള്‍ തുറക്കാനും വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമങ്ങളെ ഇത് പിന്തുണക്കും. ഇരുഭാഗത്തും നിന്നുമുള്ള സാങ്കേതിക, ചര്‍ച്ചാ സംഘങ്ങളെ ജി.സി.സി സെക്രട്ടറി ജനറല്‍ അഭിനന്ദിക്കുകയും ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച അവരുടെ നിരന്തര ശ്രമങ്ങളെ പ്രശംസിക്കുകയും ജി.സി.സി രാജ്യങ്ങള്‍ക്കും യുണൈറ്റഡ് കിംഗ്ഡത്തിനും ഇടയില്‍ കൂടുതല്‍ സഹകരണത്തിനും സാമ്പത്തിക സംയോജനത്തിനും കരാര്‍ ഒരു പുതിയ തുടക്കം കുറിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.



