നജീബ് വെഞ്ഞാറമൂട് ജിദ്ദയിലെ മിക്ക പ്രവാസി സാംസ്‌കാരിക പരിപാടികളിൽ നിന്നും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സദാ മുഴങ്ങിക്കേൾക്കുന്ന ഉറച്ച ശബ്ദത്തിന്റെ ഉടമ. അവതാരകനായും ആമുഖഭാഷകനായും വേദിയിലും പുറത്തും പുരുഷശബ്ദം എത്രമേൽ ശ്രവണസുഭഗമാക്കാമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന കലാകാരൻ. ആംഗറിംഗിനൊപ്പം മികച്ച സംഘാടകന്റേയും നല്ല പെർഫോമറുടേയും വേഷവും നജീബിന് നന്നായി ഇണങ്ങുമെന്ന് അദ്ദേഹത്തിന്റെ പ്രോഗ്രാം ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ സമ്മതിക്കും.
മലയാളത്തിൽ ഏറ്റവും മുഴക്കമുള്ള, പുരുഷ ശബ്ദത്തിന്റെ ഉടമ പ്രൊഫ. അലിയാരെ അനുസ്മരിപ്പിക്കുന്ന, ജിദ്ദയിലെ ശബ്ദകലയിലെ മാന്ത്രികൻ നജീബ് വെഞ്ഞാറമൂടിനെ പത്തനംതിട്ട ജില്ലാ സംഗമം ആദരിക്കുന്നു. അവതാരകൻ, അഭിനേതാവ്, പ്രഭാഷകൻ… ഈ നിലകളിൽ പ്രശസ്തനായ നജീബിന്റെ ജീവിതത്തിലൂടെ…
തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്ത തേമ്പാമൂട്ട് റിട്ടയേഡ് ബി.എസ്.എഫ് സൈനികൻ അബൂബക്കർ കുഞ്ഞിന്റേയും മെഹ്ബൂബയുടേയും മകനായിപ്പിറന്ന നജീബ് ബാല്യം തൊട്ടേ കലയിലും സാഹിത്യത്തിലും അതീവ തൽപരനായിരുന്നു.പേരുമല എൽ.പി സ്‌കൂളിലും തേമ്പാമൂട് ജനതാ ഹൈസ്‌കൂളിലും പഠനം കഴിഞ്ഞ് ആറ്റിങ്ങൽ ഗവ. കോളേജിൽ പ്രീഡിഗ്രി പൂർത്തിയാക്കി, പ്രസിദ്ധമായ പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ഗ്രാമത്തിലെ കലാപ്രേമികളൊക്കെ ചേർന്ന് ടൈഗേഴ്‌സ് എന്ന പേരിലുണ്ടാക്കിയ സാംസ്ക്കാരിക സഘടനയിലെ പ്രവൃത്തനത്തിലൂടെ നജീബ് മിമിക്രി, സാഹിത്യ പ്രവർത്തനങ്ങൾ, നാടകം… തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളിൽ പങ്കാളിയായി . ചില ചെറുനാടകങ്ങൾ സംവിധാനം ചെയ്ത് തുടങ്ങിയതും ആസ്വാദകരുടെ പ്രീതി സമ്പാദിച്ചതും ഈ രംഗത്ത് പിടിച്ചുനിൽക്കണമെന്ന ആഗ്രഹം നജീബിന്റെ മനസ്സിൽ വളർത്തി.
ജനത ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ.എസ്. ചിത്രയുടെ പിതാവിന്റെ പേരിൽ കെ.എസ്. ചിത്ര ഏർപ്പെടുത്തിയ അവാർഡ് ആയിരുന്നു ആദ്യം ലഭിച്ച അംഗീകാരം .
1994-95 ൽ പെരിങ്ങമ്മല ഇക്ബാൽ കോളേജ് മാഗസിൻ എഡിറ്ററായും 1995-96 ൽ കോളേജ് യൂണിയൻ ചെയർമാനായും കെ.എസ്.യു ബാനറിൽ വിജയിച്ചതും നജീബിന്റെ സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരമായി.
ഉല്ലാസ് കുറുപ്പ് സ്മാരക പി. ജെ. എസ് അവാർഡ്, നജീബ് വെഞ്ഞാറമൂടിന്
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള ഊർജം തനിക്ക് ലഭിച്ചത്്സ്കൂൾ ജീവിതത്തിലെ കൂട്ടുകാരുടെ പ്രോചോദനത്തിലും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ നിന്നുമാണെന്നും നജീബ് ഓർക്കുന്നു. ഇതിനിടെ അൻസാർ തായാർ, ഷിബു എന്നീ സുഹൃത്തുക്കളുമായുള്ള സഹകരണമാണ് ശബ്ദകലയോടുള്ള അഭിനിവേശം ഉദ്ദീപിപ്പിച്ചത്. അവതാരകന്റെ വേഷം തനിക്കിണങ്ങുമെന്ന തിരിച്ചറിവുണ്ടായത് ഉറച്ച ശബ്ദസൗഭാഗ്യമാണെന്നും നജീബ് കരുതുന്നു. അനൗൺസ്‌മെന്റുകളിലൂടെ ശ്രോതാക്കളെ പിടിച്ചിരുത്താനുള്ള വിദ്യ വശത്താക്കി. സാഹിത്യത്തിന്റെ മേമ്പൊടി ചേർത്ത് മുഴക്കമുള്ള ശബ്ദത്തിൽ അവതരണം. അത് ആരെയും ആകർഷിക്കാൻ പോന്നതായിരുന്നു. ശബ്ദാവതരണത്തിൽ ആത്മാർഥമായ പ്രോൽസാഹനം ലഭിച്ചത് തായാർ സൗണ്ട്സിന്റെ ശിൽപികളിൽ നിന്നായിരുന്നു. വെഞ്ഞാറംമൂട് സുഹൃത്ത് സംഘം എന്ന മിമിക്‌സ് ഗ്രൂപ്പിന്റെ അവതരാകാനായി കൊണ്ടാണ് അവതരണ രംഗത്ത് അരങ്ങേറ്റം കുറിച്ചത് .. ദ ഗ്രേറ്റ് ശാകുന്തളം എന്ന പേരിലുള്ള ഹാസ്യാവിഷ്‌കാരത്തിൽ ശകുന്തളയായി വേഷമിട്ടത് മറ്റൊരു വഴിത്തിരിവായി. നാട്ടിൽ കലാപ്രവർത്തനങ്ങളും സന്നദ്ധ കൂട്ടായ്മകളുമൊക്കെയായി നടക്കുന്നതിനിടെയാണ് നജീബ് വെഞ്ഞാറംമൂട് 2000 ൽ പ്രവാസലോകത്തെത്തുന്നത്.
തവ കോൾഡ് സ്‌റ്റോറേജ് ജീവനക്കാരനായി റിയാദിലെത്തിയ നജീബ് തുടർന്ന് ജുബൈൽ, യാമ്പു എന്നിവിടങ്ങളിലെ പ്രവാസത്തിനു ശേഷം ജിദ്ദയിലെത്തി. ദമാമിലെ വിവിധ പരിപാടികളിൽ അവതാരകനായി ശോഭിക്കാൻ സാധിച്ചതും പുതിയൊരനുഭവമായി. സുരാജ് വെഞ്ഞാറംമൂട്, ശ്രീറാം ഹരി, കുട്ടപ്പൻ, നിഷാദ് തുടങ്ങിയ കലാപ്രതിഭകൾ ദമാം ഹാഫ്മൂൺ ബീച്ചിൽ അവതരിപ്പിച്ച മെഗാ ഈവന്റിന്റെ അവതാരകൻ നജീബായിരുന്നു. അത് പോലെ എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, താജുദ്ദീൻ വടകര എന്നിവർ അവതരിപ്പിച്ച ഇശൽ സന്ധ്യയുടെ അവതാരകനും നജീബായിരുന്നു.
2015 ൽ ജിദ്ദയിലെത്തിയ ശേഷമാണ് കലാ സാംസ്കാരിക കൂട്ടായ്മകളിൽ കൂടുതൽ സജീവമായതും നജീബ് വെഞ്ഞാറംമൂട് എന്ന പേര് പ്രവാസലോകത്ത് ചിരപ്രതിഷ്ഠ നേടിയതും. തിരുവനന്തപുരം സ്വദേശി സംഗമവുമായി സഹകരിച്ചു പ്രവർത്തിക്കാനാരംഭിച്ച നാളുകളിൽ സംഘടനയുടെ പത്താം വാർഷികത്തിലെ അവതാരകനായായിരുന്നു ജിദ്ദയിലെ അരങ്ങേറ്റം. ഇതോടെ വിവിധ സംഘടനകളുടെ കലാപരിപാടികളുടെ അവതാരകനായി നജീബ് ക്ഷണിക്കപ്പെട്ടു. നജീബിന്റെ ശബ്ദസാന്നിധ്യമില്ലാത്ത പരിപാടികൾ ജിദ്ദയിൽ വിരളമാണ്.
സ്‌ക്രിപ്റ്റ് രചനയുടേയും റെക്കാർഡിംഗിന്റേയും മേഖലകളിലും നജീബ് തിളങ്ങി. ഏറെ സമയം ചെലവിട്ട് സമർപ്പിതമനസ്‌കനായി വീഡിയോ, ഓഡിയോ എഡിറ്റിംഗുകളിലും നജീബിന്റെ പ്രതിഭ അടയാളപ്പെടുത്തിയിട്ടുണ്ട്.
പ്രസിദ്ധ കലാപ്രവർത്തകനും എഴുത്തുകാരനുമായ അനിൽ നാരായണ, കൊറിയോഗ്രാഫർ സുധാ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള നാടകങ്ങളുടെ പിന്നണിയിലും നജീബുണ്ടായിരുന്നു. നൃത്തപ്രതിഭ പുഷ്പാ സുരേഷ് ചിട്ടപ്പെടുത്തിയ പല പ്രോഗ്രാമുകളുടേയും ശബ്ദവിന്യാസം നജീബിന്റേതായിരുന്നു.
ജിദ്ദ ഇന്ത്യൻ സ്കൂളിന് വേണ്ടി നിരവധി പരിപാടികൾ ക്ക് ശബ്ദം നൽകി .
പത്തനംതിട്ട ജില്ലാ സംഗമത്തിൽ സന്തോഷ് കടമ്മനിട്ടയുടെ ഒരു ഭ്രാന്തന്റെ സ്വപ്‌നം എന്ന നാടകം, സർഗം അവതരിപ്പിച്ച പ്രതാപന്റെ നാടകം, ജിദ്ദ നവോദയയുടെ ബാനറിൽ മുരുകൻ കാട്ടാക്കട യുടെപ്രോഗ്രാമിനു വേണ്ടി നടത്തിയ പ്രൊഫൈൽ തയ്യാറാക്കി യതിലും ജൂവി നൗഷീർ സംവിധാനം നിർവ്വഹിച്ച കാവ്യശിൽപ്പത്തിന്റെ ശബ്ദലേഖനത്തിലും നജീബ് വെഞ്ഞാറമൂടിന്റെ കൈയൊപ്പുണ്ട്.
നജീബ്,ജിദ്ദ മലയാളം ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബിന്റെ അധ്യക്ഷനുമാണ് . സമീക്ഷ പി.ജി സ്മാരക പ്രതിമാസ വായനയുമായി സജീവമായി സഹകരിക്കാറുള്ള നജീബ് മികച്ച വായനക്കാരനുമാണ്. സമീക്ഷയിൽ വായനാനുഭവങ്ങൾ പങ്ക് വെക്കാറുണ്ട്.
‘ചങ്ങായീസ് ജിദ്ദ’ യുടെ നേതൃത്വത്തിൽ പ്രൊഫ. മുതുകാട് അവതരിപ്പിച്ച പരിപാടിയുടേയും പശ്ചാത്തല ശബ്ദം നജീബായിരുന്നു. ജാസി ഗിഫ്റ്റിന്റെ ജിദ്ദാ പരിപാടിയും നോബി, ബിനു കമാൽ ,നെൽസൺ രശ്മി എന്നിവപ്ർ പങ്കെടുത്ത സ്‌റ്റേജ് പ്രോഗ്രാമിന്റെ അവതാരകനായതും നജീബായിരുന്നു.
മനോജ് കെ. ജയൻ, ഭാവന തുടങ്ങിയവർ അവതരിപ്പിച്ച 24 ചാനലിന്റെ ഫ്‌ലവേഴ്‌സ് ഓൺ സ്‌റ്റേജ് പരിപാടിയുടേയും ഇന്ത്യൻ കോൺസുലേറ്റിൽ അരങ്ങേറിയ മലപ്പുറം ഗവ. കോളേജ് അലുംനിയുടേയും അവതാരകനും നജീബായിരുന്നു. നജീബിന്റെ മുഴങ്ങുന്ന ശബ്ദം, ജിദ്ദയിലെ മലയാളി കൂട്ടായ്മകളുടെ പരിപാടികളുടെ നാദസൗഭാഗ്യമാണ്. ജിദ്ദയിൽ സാംസ്‌കാരിക പരിപാടികൾ ശ്രവിക്കുന്നവർക്കൊക്കെ അരങ്ങിനു പിറകിൽ നിന്നുയരുന്ന നജീബിന്റെ സ്ഫുടമായ ശബ്ദം തീർത്തും പരിചിതവുമാണ്.
മുഹമ്മദ് ശിഹാബ് അയ്യാരിൽ നിർമിച്ച് മുഹ്‌സിൻ കാളികാവ് സംവിധാനം ചെയ്ത ‘തേടി ‘ എന്ന ഹ്രസ്വചിത്രത്തിന്റെ ശബ്ദമിശ്രണം പൂർണമായും നിർവഹിച്ച നജീബ് തന്നെയാണ് നവോദയ, കെ.എം.സി.സി എന്നിവയുടെ ഡോക്യുമെന്ററികളുടെ പശ്ചാത്തല ശബ്ദം നിർവഹിച്ചതും നജീബ് വെഞ്ഞാറമൂടാണ്. നാസർ വെളിയംകോട്, നിസാർ മടവൂർ എന്നിവരുടെ ഡോക്യുമെന്ററിയുടെയും നാദചാരുതയുടെ ക്രെഡിറ്റ് നജീബിനുള്ളതാണ്. മലയാളം ന്യൂസ് ഓൺലൈൻ / ബ്രോഡ്കാസ്റ്റിംഗ് എന്നിവയുമായി സഹകരിച്ചിട്ടുള്ള നജീബിന്റെ ശബ്ദത്തിലാണ് സി.ഒ.ടി അസീസിന്റെ വക്രദൃഷ്ടി, ഡോ. ഇസ്മായിൽ മരിതേരിയുടെ പൂമരച്ചോട്ടിൽ എന്നീ പ്രതിവാരകോളങ്ങൾ ശബ്ദരൂപത്തിൽ വായനക്കാർ ആസ്വദിച്ചിരുന്നത്.
മഞ്ചാടിമണികൾ എന്ന യുട്യൂബ് ചാനലിലൂടെ കഥകളുടെ വായന നിർവഹിച്ചിട്ടുള്ള നജീബിന് കവിതയിലും ഗാനരചനയിലും ഏറെ താൽപര്യമുണ്ട്. ഇന്ത്യൻ സ്‌കൂൾ പാരന്റ്‌സ് ഫോറം എക്സികുട്ടീവ് അംഗമായും പ്രവർത്തിക്കുന്നു.
നജീബിന്റെ പത്‌നി ഷൈമയും കലാതൽപരയാണ്. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളധ്യാപികയാണ് ഷൈമ. മകൻ അമീർഖാൻ ബാംഗ്ലൂർ ക്രൈസ്റ്റിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്. ഗായിക കൂടിയായ മകൾ ആയിശാ മറിയം ഒമ്പതാം ക്ലാസ് വിദ്യാർഥിനി.