ബെയ്‌റൂത്ത് – വടക്കന്‍ ഇസ്രായിലില്‍ സൈനികര്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിരുന്നിട്ടും, ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ഇസ്രായില്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇസ്രായില്‍ ശത്രുവിന്റെ വെടിനിര്‍ത്തല്‍ ലംഘനത്തിനും തെക്കന്‍ ലെബനോനിലെ ഗ്രാമങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും തിരിച്ചടിയായി… ചെറുത്തുനില്‍പ് പോരാളികള്‍ റാസ് അല്‍നാഖൂറയിലെ ഇസ്രായില്‍ ശത്രു സൈനികരുടെ ഒത്തുചേരലിനെ ഡ്രോണ്‍ ആക്രമണത്തിലൂടെ ലക്ഷമിട്ടുവെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി. ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഏതാനും ഇസ്രായിലി സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
അല്‍പ സമയം മുമ്പ്, ഭീകര സംഘടനയായ ഹിസ്ബുല്ല വിക്ഷേപിച്ച സ്‌ഫോടകവസ്തു നിറച്ച ഡ്രോണ്‍ ഇസ്രായിലിനും ലെബനോനും ഇടയിലുള്ള അതിര്‍ത്തിക്കടുത്തുള്ള ഇസ്രായില്‍ പ്രദേശത്ത് പതിച്ചതിന്റെ ഫലമായി ഏതാനും ഇസ്രായിലി സിവിലിയന്മാര്‍ക്ക് പരിക്കേറ്റു. അവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. റാസ് അല്‍നാഖൂറ പ്രദേശത്താണ് ആളുകള്‍ക്ക് പരിക്കേറ്റതെന്ന് ഗലീലി മെഡിക്കല്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിര്‍ണ്ണയിക്കാനും ലക്ഷ്യമിട്ട് ലെബനോനും ഇസ്രായിലും വാഷിംഗ്ടണില്‍ ഇന്നലെ രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ ആരംഭിച്ചു. വെടിനിര്‍ത്തല്‍ അവസാനത്തോട് അടുക്കുന്ന സമയത്ത്, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ തുടര്‍ച്ചയായി മാരകമായ ആക്രമണങ്ങള്‍ നടത്തുന്നു. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ഇസ്രായില്‍ തെക്കന്‍ ലെബനോനില്‍ ആക്രമണം നടത്തി. ഏതാനും ഗ്രാമങ്ങളില്‍ ഒഴിപ്പിക്കല്‍ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം, ഭീകര സംഘടനയായ ഹിസ്ബുല്ലയുടെ ഏതാനും പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി സൈന്യം അറിയിച്ചു.
ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ ആദ്യ ദിവസമായ ഫെബ്രുവരി 28 ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി മാര്‍ച്ച് 2 ന് ഹിസ്ബുല്ല ഇസ്രായിലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റ് യുദ്ധം ലെബനോനിലേക്ക് വ്യാപിക്കുകയായിരുന്നു. തീവ്രമായ വ്യോമാക്രമണങ്ങളും തെക്ക് കര ആക്രമണവും നടത്തി ഇസ്രായില്‍ തിരിച്ചടിച്ചു. ഇതിന്റെ ഫലമായി പത്തു ലക്ഷത്തിലധികം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ 2,896 പേര്‍ കൊല്ലപ്പെടുകയും 8,824 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



