തെഹ്റാൻ: ഇറാൻ നടത്തുന്ന ഏതൊരു നയതന്ത്ര ചർച്ചയും രാജ്യത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ദേശീയ താല്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. സംഭാഷണങ്ങൾ എന്നാൽ കീഴടങ്ങലോ പിൻവാങ്ങലോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധക്കെടുതികൾ പുനർനിർമ്മിക്കുന്നതിനായുള്ള ടാസ്ക് ഫോഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിയൻ ജനത ശത്രുവിന് മുന്നിൽ ഒരിക്കലും തലകുനിക്കില്ലെന്നും ചർച്ചകളിലൂടെ രാജ്യത്തിന്റെ പരമാധികാരവും താല്പ്പര്യങ്ങളും കരുത്തോടെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ നിയമവിരുദ്ധമായ ഉപരോധം തുടരുന്നത് കരാർ ലംഘനമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പ്രതിസന്ധികൾക്കിടയിലും പരോക്ഷ ചർച്ചകൾ തുടരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഈ നിർണ്ണായക പ്രസ്താവന. രാജ്യം നേരിടുന്ന വെല്ലുവിളികളും പരിമിതികളും ജനങ്ങൾ യാഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം സൃഷ്ടിച്ച കഷ്ടപ്പാടുകൾക്കിടയിലും രാജ്യത്തിനായി ഉറച്ചുനിൽക്കുന്നത് രക്തസാക്ഷിത്വത്തേക്കാൾ വലിയ ദൗത്യമാണെന്ന് പെസെഷ്കിയാൻ വിശേഷിപ്പിച്ചു. ഇത്തരം പ്രതിസന്ധികളിൽ ക്ഷമയോടെ പൊരുതുന്നവർ ‘മഹത്തായ ജിഹാദിലാണ്’ ഏർപ്പെട്ടിരിക്കുന്നത്. കഠിനമായ സാഹചര്യങ്ങളിലും ജനങ്ങളുടെ പിന്തുണയും ദേശീയ ഐക്യവും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്നും സാമൂഹിക ഐക്യമാണ് നിലവിലെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമെന്നും അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



