ദോഹ– ഖത്തറിലേക്ക് വരുന്നതിനിടെ അമേരിക്കയുടെ സൈനിക വിമാനമായ കെ.സി-135ആര്‍ സ്ട്രാറ്റോടാങ്കർ ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി. ഫ്‌ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, ഖത്തറിൽ ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് വിമാനത്തിൽ നിന്ന് അടിയന്തര സഹായത്തിനുള്ള സിഗ്നൽ (7700) പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വിമാനത്തിലെ ട്രാൻസ്പോണ്ടർ സിഗ്നലുകൾ അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന് മുൻപായി വിമാനത്തിന്റെ സഞ്ചാരപാതയിൽ അസ്വാഭാവികമായ മാറ്റങ്ങൾ കണ്ടതായും റിപ്പോർട്ടുകളുണ്ട്.
വിമാനം കാണാതാകുന്ന സമയത്ത് ഈ മേഖലയിൽ ജിപിഎസ്, എഐഎസ് തുടങ്ങിയ നാവിഗേഷൻ സംവിധാനങ്ങളിൽ വലിയ തോതിൽ തടസ്സങ്ങൾ (Jaming) നേരിട്ടിരുന്നതായി പറയപ്പെടുന്നു. സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ പ്രദേശത്ത് സൈനിക-വാണിജ്യ വിമാനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്താൻ ഇത്തരം ജാമിംഗ് രീതികൾ ഉപയോഗിക്കാറുണ്ട്. വിമാനത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം, വിമാനത്തിനായുള്ള തിരച്ചിലിനായി ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ നിന്നും ഹെലികോപ്റ്ററുകൾ പുറപ്പെട്ടതായാണ് വിവരം.
https://twitter.com/i/status/2051565767380832303



