അബുദാബി: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ (യു.എ.ഇ, സൗദി അറേബ്യ,കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ ) സന്ദർശിക്കാനാകുന്ന സിംഗിൾ ജി.സി.സി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. മറ്റ് ജി.സി.സി പങ്കാളികളുമായി സഹകരിച്ച് ഏകീകൃത ജി.സി.സി ടൂറിസ്റ്റ് വിസ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം അവസാനമോ അടുത്തവർഷമോ ഏകീകൃത ടൂറിസ്റ്റ് വിസ പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനമാണിനി വരാനുള്ളത്. നടപടി പ്രാബല്യത്തിലാകുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇത് പ്രാബല്യത്തിൽ വന്നാൽ, ജിസിസി രാജ്യങ്ങളിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉയർത്തിക്കാട്ടുന്നതിനും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും ദീർഘകാലത്തേക്ക് നിലനിർത്തുന്നതിനും ഇത് സംഭാവന ചെയ്യും, അങ്ങനെ ഹോട്ടൽ അതിഥികളുടെ എണ്ണം വർദ്ധിപ്പിക്കുകയും മേഖലയെ പ്രാദേശിക, അന്തർദേശീയ വിനോദസഞ്ചാരികളുടെ മുൻനിര കേന്ദ്രങ്ങളിലൊന്നായി മാറ്റുകയും ചെയ്യും.