ജിസാൻ– ജിസാനിലെ പ്രിൻസ് മുഹമ്മദ് ബിൻ നാസിർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി. മെയ് 3 ഞായറാഴ്ച ആരംഭിച്ച ഈ ക്യാമ്പയിൻ മെയ് 9 ശനിയാഴ്ച വരെ നീണ്ടുനിൽക്കും. “അന്നം നൽകുന്ന നാടിന് ജീവരക്തം സമ്മാനം” എന്ന ശീർഷകത്തിൽ വർഷങ്ങളായി സൗദി നാഷണൽ ഡേയോടനുബന്ധിച്ച് കെഎംസിസി നടത്തിവരാറുള്ള രക്തദാന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഈ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മലയാളികളടക്കം നിരവധി പേർ രക്തം നൽകാനായി എത്തിച്ചേർന്നു. വരും ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ബ്ലോക്കിൽ രക്തം നൽകാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.


കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, നാഷണൽ എക്സിക്യുട്ടീവ് അംഗം ഗഫൂർ വാവൂർ, ചെയർമാൻ മുനീർ ഹുദവി ഉള്ളണം, വെൽഫെയർ വിംഗ് കൺവീനർ സമീർ അമ്പലപ്പാറ എന്നിവർ ക്യാമ്പയിന് നേതൃത്വം നൽകി. കൂടാതെ അക്ബറലി പറപ്പൂർ, സുബൈർ ഷാ കാവനൂർ, റാസി ശിഫാ, കബീർ പൂക്കോട്ടൂർ, സാലിം നെച്ചിയിൽ മഞ്ചേരി, മുസ്തഫ അലി കുറ്റിക്കാട്ടൂർ, ശമീൽ വലമ്പൂർ, നിസാബ് അമ്പലഞ്ചേരി, നാസർ പാണക്കാട് തുടങ്ങിയ വിവിധ ഏരിയ കമ്മിറ്റി പ്രതിനിധികളും സജീവമായി രംഗത്തുണ്ട്.
ആശുപത്രി മേധാവി ഉസ്താദ് സ്വബ്‌രി യഹ്‌യ, ഡോക്ടർമാരായ ഷേഖ് കാശ്മീരി, മൂസ ഹയ്യാഷി, വാഇൽ അഹ്‌മദ് എന്നിവരും ബ്ലഡ് ബാങ്ക് ഉദ്യോഗസ്ഥരും കെഎംസിസിയുടെ ഈ കാരുണ്യപ്രവൃത്തിയെ പ്രശംസിച്ചു. രക്തം നൽകാൻ തയ്യാറായവരെ അഭിനന്ദിച്ച അവർ, കേരളീയരായ പ്രവാസികൾ നടത്തുന്ന ആത്മാർത്ഥമായ സേവനങ്ങളിലും അവരുടെ സത്യസന്ധതയിലും വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി. വരും ദിവസങ്ങളിലും കൂടുതൽ ആളുകൾ രക്തദാനത്തിന്റെ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.



