ന്യൂഡൽഹി: ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലെയും നോയിഡയിലെയും നിരവധി സ്‌കൂളുകൾ ഒഴിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ തിരച്ചിൽ നടത്തുകയാണ്.
ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്‌കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്‌കൂൾ എന്നിവയാണ് ഇന്ന് പുലർച്ചെ ഭീഷണി നേരിട്ട ആദ്യ സ്‌കൂളുകളിൽ ഉൾപ്പെടുന്നത്. അതിനുശേഷം, കാമ്പസിൽ സ്‌ഫോടക വസ്തുക്കളുണ്ടെന്ന് അവകാശപ്പെട്ട് മറ്റ് 50 ഓളം സ്‌കൂളുകൾക്കും സമാനമായ മെയിലുകൾ ലഭിച്ചിട്ടുണ്ട്. തിരച്ചിൽ സംഘത്തിന് ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ഭയപ്പെടാനില്ലെന്നും പോലീസ് അറിയിച്ചു.
ബോംബ് ഭീഷണിയുള്ള സ്‌കൂളുകളിൽ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡൽഹി പോലീസ് വക്താവ് സുമൻ നാൽവ പറഞ്ഞു.
ഇ-മെയിലിൻ്റെ ഐപി വിലാസം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ ആരാണ് ഇമെയിൽ അയച്ചതെന്നും എവിടെ നിന്നാണ് അയച്ചതെന്നും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പരിഭ്രാന്തി പരത്താൻ നിരവധി സ്‌കൂളുകളിലേക്കും മെയിൽ അയച്ചിട്ടുണ്ട്. സൈബർ സെൽ യൂണിറ്റും ഇമെയിലും ഐപി വിലാസവും കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ച സ്കൂളുകളിലൊന്നായ മദർ മേരിയിൽ നടന്നുകൊണ്ടിരുന്ന പരീക്ഷ റദ്ദാക്കി. സ്‌കൂൾ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും എല്ലാവരോടും ഉടൻ പരിസരം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ലോക്കൽ പോലീസിനെ അറിയിച്ചതിനെ തുടർന്ന് സ്‌കൂൾ പരിസരം ഒഴിപ്പിച്ചു. കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ രക്ഷിതാക്കൾ സ്‌കൂളിലേക്ക് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം.
ബോംബ് ഡിറ്റക്ഷൻ ടീം, ബോംബ് ഡിസ്പോസൽ സ്ക്വാഡ്, ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെ സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. ഒരു സ്‌കൂളിലും സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി പറഞ്ഞു.
“ഇന്ന് രാവിലെ ചില സ്‌കൂളുകൾക്ക് ബോംബ് ഭീഷണിയുണ്ടായി. വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ആ പരിസരത്ത് ഡൽഹി പോലീസ് തിരച്ചിൽ നടത്തുകയും ചെയ്തു. ഇതുവരെ ഒരു സ്‌കൂളിലും ഒന്നും കണ്ടെത്തിയിട്ടില്ല. ഞങ്ങൾ പോലീസുമായും സ്‌കൂളുമായും നിരന്തരം ബന്ധപ്പെടുന്നു. രക്ഷിതാക്കളും പൗരന്മാരും പരിഭ്രാന്തരാകരുത്, -അതിഷി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.