റാമല്ല – വെസ്റ്റ് ബാങ്കിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളില്‍ ആറ് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിന്റെ വടക്കു ഭാഗത്തുള്ള നബ്ലസിന് തെക്കുള്ള ജാലൂദ് ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ പരിക്കേറ്റതായി ഫലസ്തീന്‍ വാര്‍ത്താ വിവര ഏജന്‍സി വഫാ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സക്കായി ഇവരെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രാമത്തിലെ ഫലസ്തീന്‍ വീടുകള്‍ കുടിയേറ്റക്കാര്‍ ആക്രമിച്ചിരുന്നു. പ്രദേശവാസികള്‍ അവരെ നേരിട്ടതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായതായും വഫാ റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് കിഴക്കുള്ള ജബല്‍ ജാലിസ് ഗ്രാമത്തില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ 71 വയസ്സുകാരി ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ പരിക്കേറ്റതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജബല്‍ ജാലിസിന്റെ അതിര്‍ത്തിയിലുള്ള ഹവാത്ത് ഗാല്‍ ജൂതകൂടിയേറ്റ കോളനിയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ഗ്രാമവാസികള്‍ വിധേയരാകുന്നുണ്ടെന്ന് വഫാ സൂചിപ്പിച്ചു.



