റിയാദ്: അന്താരാഷ്ട്ര നിയമത്തിനും അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി പശ്ചിമേഷ്യയില്‍ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാന്‍ വിശ്വസനീയവും മാറ്റാനാവത്തതുമായ പാതയിലേക്ക് സമഗ്ര സമീപനം സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് ഗാസ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അസാധാരണ അറബ്, ഇസ്‌ലാമിക് ഉച്ചകോടി ചുമതലപ്പെടുത്തിയ മന്ത്രിതല കമ്മിറ്റിയും യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
ഗാസ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനാവശ്യമായ നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം, ഉടനടി വെടിനിര്‍ത്തല്‍ കരാറിലെത്താനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനും ഗാസ യുദ്ധം അവസാനിപ്പിക്കാനും കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏകപക്ഷീയമായ എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കുള്ള പിന്തുണ പ്രകടിപ്പിച്ചു. വിനാശകരമായ മാനുഷിക പ്രതിസന്ധി പരിഹരിക്കണമെന്ന് റിയാദ് പ്രഖ്യാപനം ആവശ്യപ്പെട്ടു.
ഇസ്രായില്‍, ഫലസ്തീന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരത്തില്‍ എത്തിച്ചേരാന്‍ രാഷ്ട്രീയ പാതയിലേക്ക് നീങ്ങേണ്ടത് പ്രധാനമാണെന്നും പ്രഖ്യാപനം പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാന്‍ സ്വീകരിക്കേണ്ട ശ്രദ്ധേയമായ നടപടികള്‍ മന്ത്രിമാര്‍ വിശകലനം ചെയ്തു. ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും നിലപാടുകള്‍ ഏകോപിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗം ചര്‍ച്ച ചെയ്തു. ഫലസ്തീന്‍ രാഷ്ട്രത്തെ ഇതുവരെ അംഗീകരിക്കാത്ത രാജ്യങ്ങള്‍ അംഗീകരിക്കുന്ന വിഷയവും ഈ അംഗീകാരത്തിന്റെ സമയവും സന്ദര്‍ഭവും യോഗം വിശകലനം ചെയ്തു.
സ്ഥിരതയും സുരക്ഷിതത്വവും സമാധാനവും സഹകരണവും നിലനില്‍ക്കുന്ന മേഖലയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സാധാരണ ബന്ധത്തിന് വഴിയൊരുക്കുന്ന നിലക്ക് ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും ഇസ്രായിലിന്റെയും മേഖലയുടെയും സുരക്ഷിതത്വവും നിറവേറ്റുന്ന ന്യായവും ശാശ്വതവുമായ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ യു.എന്‍ രക്ഷാ സമിതി പ്രമേയങ്ങള്‍, അറബ് സമാധാന പദ്ധതി, മറ്റു പദ്ധതികള്‍ എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര നിയമത്തിനും അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി ദ്വിരാഷ്ട്ര പരിഹാരം നാടപ്പാക്കാന്‍ വിശ്വസനീയവും മാറ്റാനാവാത്തതുമായ പാതയിലേക്ക് സമഗ്ര സമീപനം സ്വീകരിക്കല്‍ അനിവാര്യമാണ്.
ഫലസ്തീന്‍ രാഷ്ട്ര നിര്‍മാണ ശ്രമങ്ങള്‍ക്കുള്ള പിന്തുണ ഊര്‍ജിതമാക്കേണ്ടതിന്റെയും പുതിയ ഫലസ്തീന്‍ ഗവണ്‍മെന്റിനെ പിന്തുണക്കേണ്ടതിന്റെയും ആവശ്യകത പ്രഖ്യാപനം ഊന്നിപ്പറഞ്ഞു. കിഴക്കന്‍ ജറൂസലമും ഗാസയും ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ ഒരൊറ്റ ഫലസ്തീന്‍ ഗവണ്‍മെന്റ് ഉണ്ടാകേണ്ടത് വളരെ പ്രധാനമാണെന്നും റിയാദ് പ്രഖ്യാപനം പറഞ്ഞു.
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നോര്‍വേ, ബഹ്‌റൈന്‍, പോര്‍ച്ചുഗല്‍, യൂറോപ്യന്‍ യൂനിയന്‍, അള്‍ജീരിയ, ജോര്‍ദാന്‍, ജര്‍മനി, യു.എ.ഇ, സ്‌പെയിന്‍, അയര്‍ലന്റ്, ഇറ്റലി, ബെല്‍ജിയം, തുര്‍ക്കി, സ്ലോവേനിയ, ഫ്രാന്‍സ്, ഫലസ്തീന്‍, ഖത്തര്‍, ഈജിപ്ത്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെയും അറബ് ലീഗിന്റെയും വിദേശ മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തു.