ഷാർജ: ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് നീങ്ങിയപ്പോൾ ഷാർജയിൽ കണ്ടെടുത്തത് 64 വർഷം പഴക്കമുള്ള പൊട്ടിക്കാത്ത പെപ്സി ബോട്ടിൽ.’ 1960- ൽ ദുബായിൽ നിർമിച്ച പെപ്‌സിയുടെ സീൽ പൊട്ടിക്കാത്ത കുപ്പിയായിരുന്നു അത്. 1958- ൽ സ്ഥാപിതമായ ദുബായ് റിഫ്രഷ്‌മെന്റ് കമ്പനി നിർമിച്ചതാണ് ഈ കണ്ടെടുത്ത ബോട്ടിലെന്നാണ് അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഷാർജ അൽ ദൈദ് പ്രദേശത്താണ് ഒഴുകിയെത്തിയ പ്രളയജലം നീങ്ങിയപ്പോൾ വർഷങ്ങൾ പഴക്കമുള്ള പെപ്‌സി കുപ്പി സ്വദേശിപൗരനും പുരാവസ്തു ഗവേഷകനുമായ അലി റാഷിദ് അൽ കത്ബി കണ്ടത്തിയത്.ശക്തമായ വെള്ളപ്പൊക്കത്തിൽ മണ്ണിളകി മറിഞ്ഞ് പലതും പുറത്തുവരുമെന്ന നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.ഇതിനിടയിലാണ് ഈകുപ്പി അലിറാഷിദ് അൽ കത്ബിയുടെ ശ്രദ്ധയിൽ പെട്ടത്.
മാറിവരുന്ന കാലാവസ്ഥയിലും കുപ്പിക്കും അതിലെ പ്രിന്റിനുമൊന്നും മാറ്റം സംഭവിച്ചിരുന്നില്ല.
വലിയൊരു പാറക്കെട്ടിനോടു ചേർന്നുള്ള മണ്ണെല്ലാം ഒലിച്ചുപോയി രൂപപ്പെട്ട വലിയ കുഴിയിലായിരുന്നു പുതിയതെന്ന് തോന്നിക്കുന്ന രീതിയിലുള്ള പെപ്സി ബോട്ടിൽ കണ്ടെടുത്തതെന്ന് അൽ കത്ബി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
പുരാവസ്തുക്കളും പഴയ വാസസ്ഥലങ്ങളുടെ ശേഷിപ്പുകളും വെളിപ്പെടുത്തുന്നതിൽ പ്രളയം പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ വലിയപങ്കുവഹിക്കാറുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പാറകൾക്കിടയിൽ നിന്ന് ലഭിച്ച ഈ കുപ്പി ദുബായിയുടെ ആദ്യകാല വ്യാപാര ചരിത്രം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ചരിത്രത്തിൽ ഗവേഷണം നടത്തുകയാണ് അലി റാഷിദ് അൽ കത്ബി.